ADVERTISEMENT

തിരുവനന്തപുരം ∙ എഡിജിപി അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആഭ്യന്തരവകുപ്പിനു റിപ്പോർട്ട് നൽകി. അനധികൃത സമ്പാദ്യം, ആഡംബര വീട് നിർമാണം ഉൾപ്പെടെ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച പരാതികളിൽ അഞ്ചുകാര്യങ്ങളിലാകും വിജിലൻസ് അന്വേഷണം. വൈകാതെ ഉത്തരവിറങ്ങും.

സംസ്ഥാന പൊലീസ് ചരിത്രത്തിലെ അസാധാരണ മൊഴിയെടുപ്പിനും പൊലീസ് ആസ്ഥാനം ഇന്നലെ സാക്ഷ്യം വഹിച്ചു. സംസ്ഥാന പൊലീസ് മേധാവിയായ ഡിജിപി ദർവേഷ് സാഹിബ് അധികാര ശ്രേണിയിലെ രണ്ടാമനായ എഡിജിപി അജിത്കുമാറിന്റെ മൊഴിയെടുത്തു. പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ രാവിലെ 10.30നു തുടങ്ങിയ മൊഴിയെടുപ്പ് 4 മണിക്കൂറിലേറെ നീണ്ടു. പൂർണമായും ക്യാമറയിൽ ചിത്രീകരിച്ചു. അന്വേഷണസംഘത്തിലെ ഐജി ജി.സ്പർജൻകുമാറുമുണ്ടായിരുന്നു. 

അൻവറിന്റെ 14 ആരോപണങ്ങളെക്കുറിച്ചു ചോദിക്കുന്നതിനു പകരം അജിത്കുമാറിനോടു കാര്യങ്ങൾ വിശദീകരിക്കാനാണ് ഡിജിപി ആവശ്യപ്പെട്ടത്. ആരോപണങ്ങൾ തന്നെ കരിവാരിത്തേക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു അജിത്കുമാറിന്റെ നിലപാട്.

എസ്പിയെ മാറ്റാത്തതിലുള്ള വിരോധമാകാം അൻവറിനെന്നു മൊഴി നൽകിയെന്നാണു വിവരം. അൻവറിനെതിരെ വാർത്ത നൽകിയ ഓൺലൈൻ ചാനലിന്റെ ഉടമയ്ക്കെതിരെ നിയമപ്രകാരം കേസെടുത്തെന്നും തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യം താൻ അംഗീകരിച്ചില്ലെന്നും മൊഴി നൽകിയെന്നറിയുന്നു. ഭരണമുന്നണിയെവരെ ഉലച്ച വിവാദത്തിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് നിർണായകമാകും.

‘അൻവറിനു പിന്നിൽ മാഫിയ’

പി.വി.അൻവർ തനിക്കെതിരെ ഉന്നയിച്ച ‌ആരോപണങ്ങൾക്കു പിന്നിൽ സ്വർണക്കടത്തു മാഫിയ അടക്കമുള്ള ചില ബാഹ്യശക്തികളാണെഅജിത്കുമാർ ആരോപിച്ചതായി അറിയുന്നു. കുഴൽപ്പണ ഇടപാടുകാരും തീവ്രവാദബന്ധമുള്ള ചിലരും ഇതിലുണ്ടെന്നും ഡിജിപിക്കു നൽകിയ മൊഴിയിലുണ്ടെന്നാണു വിവരം.  മലപ്പുറം ജില്ലയിലെ സ്വർണവേട്ടയുടെ കണക്കുകളും അതിൽ ഉൾപ്പെട്ടവരുടെ കുഴൽപ്പണ ഇടപാടുകളും മൊഴിയിലുണ്ട്. വിശദമായി അന്വേഷിച്ചു കുറ്റക്കാരെ കണ്ടെത്തണമെന്നും തെളിവു ലഭിച്ചാൽ അവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

മൊഴിയെടുക്കുന്നതിന് ഐജി സ്പർജൻകുമാറിനെ നിയോഗിക്കാനായിരുന്നു തീരുമാനമെങ്കിലും  അദ്ദേഹം തന്നെക്കാൾ ജൂനിയറാണെന്നും ഡിജിപി നേരിട്ടു മൊഴിയെടുക്കണമെന്നും എഡിജിപി കത്ത് നൽകിയിരുന്നു. 

English Summary:

Allegation against ADGP: Vigilance should investigate says DGP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com