സിബിഐ ചമഞ്ഞ് തട്ടിപ്പ്; തൃശൂരിലെ ദമ്പതികൾക്ക് നഷ്ടമായത് ഒന്നരക്കോടി രൂപ
Mail This Article
തൃശൂർ ∙ സിബിഐ, ഇഡി അന്വേഷണ ഉദ്യോഗസ്ഥർ എന്ന വ്യാജേന നടത്തിയ സൈബർ തട്ടിപ്പിൽ തൃശൂർ സ്വദേശികളായ ദമ്പതികൾക്കു നഷ്ടമായത് ഒന്നരക്കോടിയിലേറെ രൂപ. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പു മനസ്സിലാക്കിയ ഉടൻ തൃശൂർ സിറ്റി ക്രൈം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കഴിഞ്ഞ 23നാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം.
പരാതിക്കാരിയുടെ വാട്സാപ്പിലേക്ക് കസ്റ്റമർ കെയറിൽ നിന്നാണെന്നു പറഞ്ഞ് വിളിച്ച് ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട നമ്പറുകളുടെ ആപ്ലിക്കേഷൻ തീയതി കഴിഞ്ഞെന്നും അതിലേക്ക് ഒരു ലക്ഷത്തിലധികം രൂപ അടയ്ക്കാനുണ്ടെന്നും പറയുകയായിരുന്നു. പിന്നീട് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യും എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ശേഷം വിഡിയോ കോളിലൂടെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് അയച്ചുകൊടുക്കാനും അത് വെരിഫൈ ചെയ്യുന്നതിന് പണമയയ്ക്കാനും ആവശ്യപ്പെട്ടു. 3 ദിവസത്തിനുള്ളിൽ തിരിച്ചു തരുമെന്നും വിശ്വസിപ്പിച്ചു. പല ഘട്ടങ്ങളിലായി ദമ്പതികൾ പണം അയച്ചുകൊടുത്തു. സമാനമായ ഒരു തട്ടിപ്പിനെക്കുറിച്ചുള്ള അറിയിപ്പ് കണ്ടപ്പോഴാണ് ചതി മനസ്സിലായതും സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി റജിസ്റ്റർ ചെയ്തതും.