ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ അക്രമക്കേസിൽ മന്ത്രിയും മുൻ മന്ത്രിയുമടക്കം ആറ് ഇടതുനേതാക്കളുടെ വിചാരണ തുടങ്ങാനിരിക്കെ, എൽഡിഎഫിനെ പ്രതിരോധത്തിലാക്കുന്നതും യുഡിഎഫിനെ ഊർജസ്വലരാക്കുന്നതുമാണ് അനുബന്ധ കേസിൽ ഇന്നലെയുണ്ടായ ഹൈക്കോടതി വിധി. സ്ത്രീത്വത്തെ അപമാനിച്ചെന്ന ഇടതുപക്ഷത്തെ രണ്ടു മുൻ എംഎൽഎമാരുടെ പരാതിയിൽ കോൺഗ്രസ് നേതാക്കളായ എം.എ.വാഹിദിനും കെ.ശിവദാസൻനായർക്കും ഡൊമിനിക് പ്രസന്റേഷനുമെതിരെയുള്ള കേസ് റദ്ദാക്കിയതോടെ അക്രമത്തിന്റെ പാപഭാരം പങ്കുവയ്ക്കാനുള്ള സർക്കാരിന്റെ ശ്രമവും പാളി. അടുത്തമാസമാദ്യം നിയമസഭ ചേരാനിരിക്കെ പ്രതിപക്ഷത്തിനു വർധിതവീര്യവുമായി.

ബാർകോഴ സംഭവത്തിൽ ആരോപണവിധേയനായ അന്നത്തെ മന്ത്രി കെ.എം.മാണിയെ തടയുന്നതിന്റെ ഭാഗമായി നിയമസഭയിലുണ്ടായ സംഘർഷമാണു രണ്ടു കേസിലേക്കും നയിച്ചത്. സഭയിൽ അക്രമം അഴിച്ചുവിട്ടതിന് ഇടത് എംഎൽഎമാർ പ്രതികളാവുകയും കേസ് വിചാരണയിലേക്കു നീളുകയും ചെയ്തപ്പോഴാണ്, ഏഴു വർഷത്തിനുശേഷം പിണറായി സർക്കാർ കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസെടുത്തത്. യുഡിഎഫ് എംഎൽഎമാർ ആക്രമിച്ചിട്ടും അവരെ പ്രതിചേർത്തില്ലെന്ന ഇടതു വനിതാ നേതാക്കളുടെ പഴയ പരാതി പൊടിതട്ടിയെടുത്തതു സർക്കാരിന്റെ ‘കൗണ്ടർ കേസ്’ ആണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. അതു ശരിവയ്ക്കുന്ന തരത്തിൽ യുഡിഎഫിലെ മൂന്നു മുൻ എംഎൽഎമാർ പ്രതികളാവുകയും ചെയ്തു. എന്നാൽ ഈ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിയോടെ സർക്കാരിന്റെ ‘കൗണ്ടർ’ നീക്കം പിഴച്ചു.

ഇപ്പോൾ നിയമസഭാ അക്രമക്കേസ് എന്നാൽ ഒറ്റക്കേസും പ്രതികളെന്നാൽ ഇടതുപക്ഷത്തെ നേതാക്കളും മാത്രമായി. മന്ത്രി വി.ശിവൻകുട്ടി, കെ.ടി.ജലീൽ എംഎൽഎ, മുൻ എംഎൽഎമാരായ ഇ.പി.ജയരാജൻ, കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവൻ, കെ.അജിത് എന്നിവരാണു വിചാരണ നേരിടുന്നത്. പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ച ശേഷം സിജെഎം കോടതി വിചാരണയിലേക്കു കടക്കുകയാണ്. കേസ് റദ്ദാക്കാൻ സുപ്രീംകോടതിവരെ പോയശേഷമാണു മന്ത്രിയടക്കമുള്ള ഇടതുനേതാക്കൾ തോൽവി സമ്മതിച്ചത്. 

   സ്പീക്കറുടെ കസേര വരെ വലിച്ചെറിഞ്ഞുള്ള അക്രമത്തെ ‘രാഷ്ട്രീയ ശരി’യായി സിപിഎം ഇപ്പോഴും വ്യാഖ്യാനിക്കുമ്പോൾ, ചെയ്തത് അബദ്ധമായിപ്പോയെന്നും വികാരത്തള്ളിച്ചയിൽ സംഭവിച്ച കൈപ്പിഴയാണെ’ന്നും കെ.ടി.ജലീൽ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഈ വികാരം ജലീലിന് അന്നില്ലായിരുന്നോ എന്നു മറുചോദ്യമെറി‍ഞ്ഞ കൂട്ടുപ്രതി വി.ശിവൻകുട്ടി, ജലീലിന്റേതു വ്യക്തിപരമായ പ്രതികരണമെന്നും നിലപാടെടുത്തു.

പ്രതികളായ നേതാക്കൾക്കിടയിൽ തന്നെ ആശയക്കുഴപ്പം നിലനിൽക്കെയാണ് ഇപ്പോൾ ഹൈക്കോടതിയിൽനിന്നുള്ള പ്രഹരം. ഇത് ഇടതുമുന്നണിയിലും ചലനങ്ങളുണ്ടാക്കും. അക്രമമുണ്ടാകുമ്പോൾ യുഡിഎഫിലായിരുന്ന കെ.എം.മാണിയുടെ പാർട്ടി ഇപ്പോൾ ഇടതുമുന്നണിയിലാണ്.

English Summary:

Kerala High court verdict on assembly violence case against LDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com