എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ച വിവാദമാക്കുന്നതിനെതിരെ പി.എസ്.ശ്രീധരൻ പിള്ളയും സുരേഷ് ഗോപിയും
Mail This Article
കോഴിക്കോട് ∙ എഡിജിപി – ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവാദത്തിൽ രൂക്ഷവിമർശനവുമായി ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും. ആർഎസ്എസ്– ബിജെപി നേതാവായിരുന്ന പി.പി.മുകുന്ദൻ അനുസ്മരണ സമ്മേളനത്തിലാണു വിഷയം ചൂടേറിയ ചർച്ചയായത്. ഉദ്ഘാടകനായ ശ്രീധരൻപിള്ളയാണു ചർച്ചയ്ക്കു തുടക്കമിട്ടത്. എഡിജിപിയെന്നോ ആർഎസ്എസ് എന്നോ പേരെടുത്തു പറയാതെയായിരുന്ന വിമർശനം.
കഴിഞ്ഞ ഒരാഴ്ചയായി മാധ്യമങ്ങളിലെ ഏറ്റവും വലിയ ചർച്ച കാണാൻ പോയതാണ്. ചിലരെ രണ്ടാം തരം പൗരൻമാരായി കാണുന്നു. കാണാൻ പാടില്ല, തൊടാൻ പാടില്ല എന്നതാണ് ഇപ്പോഴത്തെ കേരളത്തിലെ ചർച്ച. ഇത്തരം വിദ്വേഷം ജനാധിപത്യത്തിനു ഭൂഷണമല്ല. ആശയപരമായ വ്യത്യാസത്തിന്റെ പേരിൽ കാണാൻ പാടില്ലെന്ന നിലപാട് ജനാധിപത്യത്തിന്റെ അടിത്തറയാണ് ഇല്ലാതാക്കുന്നത്. കേരളത്തിൽ നടന്ന പല തിരഞ്ഞെടുപ്പുകളിലും സഖ്യകക്ഷികളായിരുന്നവരാണ് ഇപ്പോൾ കണ്ടതിന്റെ പേരിൽ വിമർശിക്കുന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു.
എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടു എന്നതു സംബന്ധിച്ച ചർച്ചകളോടു പുച്ഛമാണെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയത്തിൽ അയിത്തം കൽപ്പിക്കുന്നവർ ക്രിമിനലുകളാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വൈരുധ്യങ്ങളുണ്ടെന്നു കരുതി പരസ്പരം കാണാനോ, സംസാരിക്കാനോ പാടില്ലേ? തന്റെ കൈ ശുദ്ധമാണെന്നു താൻ പറയില്ല, പക്ഷേ ഹൃദയം ശുദ്ധമാണെന്നും സുരേഷ് ഗോപി പറഞ്ഞു. പി.പി.മുകുന്ദൻ പുരസ്കാരം സുരേഷ് ഗോപി ഏറ്റുവാങ്ങി.
പി.പി.മുകുന്ദൻ അനുസ്മരണ സമിതി ചെയർമാൻ കെ.പി.ശ്രീശൻ അധ്യക്ഷത വഹിച്ചു.