ADVERTISEMENT

തിരുവനന്തപുരം ∙ 70 വയസ്സു കഴിഞ്ഞവർക്ക് ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ചെങ്കിലും അതി‍ൽ ചെലവാകുന്ന തുകയുടെ 60 ശതമാനത്തിലേറെയും സംസ്ഥാന സർക്കാർ വഹിക്കേണ്ടിവരും. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി സംസ്ഥാന ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. പദ്ധതിയുടെ വിശദരേഖ കേന്ദ്രം നൽകിയിട്ടില്ല. 

ആയുഷ്മാൻ ഭാരതിനെ കേരളത്തിൽ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ (കാസ്പ്) ലയിപ്പിച്ചാണു നടപ്പാക്കുന്നത്. ഒരു കുടുംബത്തിന്റെ വാർഷിക പ്രീമിയമായി 1050 രൂപയാണു നിശ്ചയിച്ചിരിക്കുന്നത്. ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങളാണ് കാസ്പ് ഗുണഭോക്താക്കൾ. ഇതിൽ 23.97 ലക്ഷം കുടുംബങ്ങളെ മാത്രമേ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരായി കേന്ദ്രം അംഗീകരിച്ചിട്ടുള്ളൂ. ഈ കുടുംബങ്ങൾക്ക് 631 രൂപ 20 പൈസ വീതമാണു (ആകെ 151 കോടി രൂപ) കേന്ദ്രം അനുവദിക്കുന്നത്. ഇവർക്കുള്ള ബാക്കി തുകയും ശേഷിക്കുന്ന 18.02 ലക്ഷം പേരുടെ പ്രീമിയത്തിന്റെ മുഴുവൻ തുകയും സംസ്ഥാനം വഹിക്കണം. 

സാമ്പത്തികനില നോക്കാതെ 70 കഴിഞ്ഞ എല്ലാവർക്കും സൗജന്യ ഇൻഷുറൻസ് നൽകുമ്പോഴും ഇതേ മാതൃക പിന്തുടരാനാണു കേന്ദ്രത്തിന്റെ നീക്കം. 70 കഴിഞ്ഞവരിൽ ഭൂരിഭാഗവും ചികിത്സ തേടുന്ന സാഹചര്യമുള്ളതിനാൽ സംസ്ഥാനത്തിന്റെ ബാധ്യത ഉയരും. 

പദ്ധതിയിങ്ങനെ 

∙ കേന്ദ്ര, സംസ്ഥാന സർവീസുകളിൽനിന്നു വിരമിച്ചവർ, പിഎഫ്, ക്ഷേമനിധി പെൻഷൻകാർ ഉൾപ്പെടെ 70 വയസ്സു കഴിഞ്ഞ എല്ലാവർക്കും സാമ്പത്തികനില നോക്കാതെ 5 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ. കാസ്പിൽ അംഗങ്ങളായ കുടുംബങ്ങളിലെ 70 കഴിഞ്ഞവർക്ക് 5 ലക്ഷം രൂപയുടെ അധിക പരിരക്ഷ. 

∙ 70 കഴിഞ്ഞവർക്കു സംസ്ഥാനം പ്രത്യേക കാർഡ് നൽകും. അക്ഷയകേന്ദ്രങ്ങൾ വഴിയാകും കാർഡ് വിതരണം. 

∙ കാസ്പിൽ എംപാനൽ ചെയ്ത സംസ്ഥാനത്തെ 197 സർക്കാർ ആശുപത്രികളിലും 4 കേന്ദ്ര സർക്കാർ ആശുപത്രികളിലും 364 സ്വകാര്യ ആശുപത്രികളിലും സൗജന്യചികിത്സ. മരുന്ന്, അനുബന്ധ വസ്തുക്കൾ, പരിശോധന, ഡോക്ടറുടെ ഫീസ്, ഓപ്പറേഷൻ തിയറ്റർ, ഐസിയു, ഇംപ്ലാന്റ് ചാർജുകൾ എന്നിവയും പരിരക്ഷയിൽ ഉൾപ്പെടും. 

English Summary:

Free treatment for those above 70 by Ayushman Bharat scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com