കുറ്റസമ്മതവുമായി സംസ്ഥാന കമ്മിറ്റി റിപ്പോർട്ട്: പാർട്ടിയുടെ പേരിൽ അനധികൃത പിരിവ്
Mail This Article
തിരുവനന്തപുരം ∙ വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പരിധിവിട്ടു പണം പിരിക്കുന്ന രീതി പാർട്ടിയിൽ കൂടിവരുന്നതായി സിപിഎം സമ്മതിക്കുന്നു. സംസ്ഥാന കമ്മിറ്റി റിപ്പോർട്ടാണ് ഈ തെറ്റിലേക്കു വിരൽചൂണ്ടിയത്.പാർട്ടിപ്പത്രത്തിൽ വരിക്കാരെ ചേർക്കുന്നതിൽവരെ തട്ടിപ്പു നടക്കുന്നതായാണു കണ്ടെത്തൽ. ‘ഓരോ ആളെ വീതം കണ്ട് വരിക്കാരാക്കാനാണ് പാർട്ടി പറഞ്ഞതെങ്കിൽ ഒരു സ്ഥാപനത്തിൽനിന്നുമാത്രം പത്രത്തിന്റെ പേരു പറഞ്ഞ് രണ്ടരലക്ഷം രൂപ ഒരു പാർട്ടി ഘടകം വാങ്ങി. ഒരു ലോക്കൽ കമ്മിറ്റി രസീത് നൽകാതെ കെട്ടിട ഫണ്ട് എന്ന പേരിൽ ലക്ഷങ്ങൾ പിരിച്ചെടുത്തു’– ജൂലൈ ഒടുവിൽ ചേർന്ന സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടിന്റെ 21,22 പേജുകളിൽ പറയുന്നു.
ജനങ്ങളിൽനിന്നു ഫണ്ട് പിരിക്കുന്നതിനു പകരം ചുരുക്കം ചിലരിൽനിന്നു സമാഹരിക്കുന്ന രീതിയാണ് ഈ കുഴപ്പങ്ങളിലേക്കു നയിക്കുന്നതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ചില വ്യക്തികൾ പാർട്ടി നേതാക്കളുമായി ബന്ധം സ്ഥാപിക്കുകയും അവരെ ഉപയോഗിച്ച് സാമ്പത്തിക തർക്കങ്ങൾ ഒത്തു തീർപ്പാക്കുകയും ചെയ്യുന്നു. എന്നിട്ട് അതിന്റെ പേരിൽ പണം വാങ്ങുന്നു. നാട്ടുകാരുടെ പണമാണ് പാർട്ടി ചെലവിടുന്നതെന്ന ധാരണയുണ്ടാകണം – സംസ്ഥാന കമ്മിറ്റി നിഷ്കർഷിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിയെത്തുടർന്നു നടന്ന ചർച്ചകളിൽ, നിർബന്ധിത ഫണ്ടു പിരിവുകളും അതിലെ സുതാര്യതയില്ലായ്മയും സംബന്ധിച്ച പരാതികൾ ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റുന്നുവെന്ന വികാരം ഉയർന്നിരുന്നു. ഇതിന്മേൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ ചില ആക്ഷേപങ്ങൾ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപെട്ടു.