ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ഓഫിസിലെയും പൊലീസിലെയും 2 ഉന്നതർക്കെതിരെ ഉയർത്തിവന്ന ആരോപണങ്ങളിൽ ആദ്യമായി സിപിഎമ്മിനെക്കൂടി കക്ഷിചേർത്ത് പി.വി.അൻവർ. പി.ശശിക്കും എം.ആർ.അജിത്കുമാറിനും പിന്നിൽ മുഖ്യമന്ത്രി ഉറച്ചുനിന്നതോടെ സിപിഎമ്മിൽ ഒരു വിഭാഗത്തിന്റെ പിന്തുണ തേടാനുള്ള ശ്രമമാണ് അൻവറിന്റേത്. ശശിക്കെതിരെ കണ്ണൂരിലെ പാർട്ടിക്കാർപോലും തന്നെ സമീപിച്ചെന്ന തുറന്നുപറച്ചിൽ ഇതിന്റെ ഭാഗമാണ്. പാർട്ടിക്കാർക്കു വേണ്ടിയാണു താൻ ഇടപെടുന്നതെന്നാണു ധ്വനി. വിവാദങ്ങൾക്കൊടുവിൽ വഴി പുറത്തേക്കെങ്കിൽ, അതു രക്തസാക്ഷി പരിവേഷത്തോടെയാകണമെന്ന നിർബന്ധബുദ്ധിയും അൻവറിനുണ്ട്.

കാര്യങ്ങൾ പാർട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവർക്കു മനസ്സിലായിട്ടും മുഖ്യമന്ത്രിയോടു പറയാത്തത് അദ്ദേഹത്തെ കുഴപ്പത്തിൽ ചാടിക്കാനാണോ എന്നു സംശയമുന്നയിച്ച് പാർട്ടിയിലെ വിഭാഗീയതയിലേക്കാണ് അൻവർ വിരൽചൂണ്ടിയത്. മാധ്യമങ്ങളോടു പറയുന്നതിനു മുൻപു പറയേണ്ടതു പാർട്ടിയോടായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തെ, പലവട്ടം പാർട്ടിക്കു പരാതി നൽകിയെന്ന മറുവാദവുമായി അൻവർ ഖണ്ഡിക്കുന്നു.

പാർട്ടിക്കു വഴങ്ങാതെ നിൽക്കുന്ന അൻവറിനെ എളുപ്പം പുറത്തുകളയാൻ സിപിഎം തുനിയുമെന്നു കരുതാനാകില്ല. മലപ്പുറം ജില്ലയിൽ സിപിഎമ്മിന് മുസ്‍ലിം സമുദായത്തിൽനിന്നു തലയെടുപ്പുള്ള നേതാക്കളില്ല. ടി.കെ.ഹംസയും പാലോളി മുഹമ്മദ്കുട്ടിയും വിശ്രമജീവിതത്തിലാണ്. പാലോളി താമസം പാലക്കാട്ടേക്കു മാറ്റി. കെ.ടി.ജലീൽ പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. വി.പി.സാനു എസ്എഫ്ഐ തലത്തിലാണ് ഇപ്പോഴും. ഇതെല്ലാം പാർട്ടിയെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്.

English Summary:

PV Anwar attempt to seek the support of a section in the CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com