ADVERTISEMENT

തിരുവനന്തപുരം ∙ പാർലമെന്ററി പാർട്ടി അംഗത്തിനു വേണ്ട അച്ചടക്കം പാലിച്ചില്ലെങ്കിൽ പി.വി.അൻവറിനെതിരെ നടപടി വരുമെന്നു സിപിഎം മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രിക്കു പിന്നാലെ പാർട്ടി സെക്രട്ടേറിയറ്റും തള്ളി. 

‘‘പാർട്ടി അംഗമല്ലെങ്കിലും പാർലമെന്ററി പാർട്ടിയുടെ ഭാഗമാണ് അൻവർ. അതിനാൽ പാർലമെന്ററി പാർട്ടി യോഗത്തിലും എൽഡിഎഫ് യോഗത്തിലും ഇക്കാര്യങ്ങൾ വ്യക്തമാക്കി ആവശ്യമായ തിരുത്തലുകൾ വരുത്തും’’– സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. 

മുന്നറിയിപ്പുകൾ തള്ളി പരസ്യ പ്രതികരണങ്ങൾ തുടർന്നാൽ ഒക്ടോബർ നാലിനു ചേരുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം സിപിഎം നിയമസഭാകക്ഷിയോഗം വിളിച്ചു ചേർത്ത് അൻവറിനെ തിരുത്താനുള്ള തീരുമാനത്തിലാണ് സിപിഎം. മുഖ്യമന്ത്രിക്കു മറുപടി നൽകുന്ന രീതിയിൽ പത്രസമ്മേളനം നടത്തിയതടക്കം അൻവറിന്റെ ഭാഗത്തു നിന്നുള്ള പരസ്യ പ്രകോപനങ്ങളിൽ സെക്രട്ടേറിയറ്റ് യോഗം കടുത്ത അതൃപ്തി രേഖപ്പെടുത്തി. പി.ശശിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും ഗൗരവമായി പരിഗണിക്കേണ്ടതല്ലെന്നും മുഖ്യമന്ത്രി കൂടി പങ്കെടുത്ത യോഗം വ്യക്തമാക്കി. എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽ നിന്നു തിരക്കിട്ടു മാറ്റേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെയും സെക്രട്ടേറിയറ്റ് പിന്തുണച്ചു. 

ഉന്നയിക്കുന്നത് ഗൗരവമുള്ള ആരോപണങ്ങൾ ആണെന്ന് അൻവർ പറയുന്നതു കൊണ്ടുമാത്രം അത് ഗൗരവമുള്ളതാകില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ഒപ്പം പ്രവർത്തിച്ചു പരിചയമുള്ള പി.ശശി ഇത്തരം തെറ്റായ കാര്യങ്ങളിലൊന്നും ഏർപ്പെടുമെന്ന് പ്രഥമദൃഷ്ട്യാ പറയാനാകില്ലെന്നു ചൂണ്ടിക്കാട്ടി ശശിക്ക് അദ്ദേഹവും ക്ലീൻചിറ്റ് നൽകി. 

ഈ വർഷത്തെ ഏറ്റവും വലിയ തമാശ: അൻവർ 

എടക്കര (മലപ്പുറം) ∙ ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം.ആർ.അജിത് കുമാർ കൂടിക്കാഴ്ച നടത്തിയതിൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടി ഈ വർഷത്തെ ഏറ്റവും വലിയ തമാശയെന്ന് പി.വി.അൻവർ എംഎൽഎ. ആർഎസ്എസിനു വേണ്ട എല്ലാ കാര്യങ്ങളും നടത്തിക്കൊടുക്കുന്നത് അജിത് കുമാറാണെന്നത് സൂര്യനുദിച്ചുനിൽക്കുന്നതുപോലെയുള്ള പ്രപഞ്ചസത്യമാണ്. ഇക്കാര്യത്തിൽ ഇനി ഒരന്വേഷണവും വേണ്ടെന്നാണ് തന്റെ അഭിപ്രായം. ആർഎസ്എസിന്റെ അജൻഡയാണ് എഡിജിപി ഇവിടെ നടപ്പാക്കുന്നത്. തൃശൂർ പൂരം കലക്കിച്ചതാണ്. എഡിജിപിയാണ് അത് കലക്കിയത്. ഇങ്ങനെയൊക്കെയായിട്ടും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ചിലർക്കു ബോധ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചില ആളുകൾക്കു കാര്യങ്ങൾ ബോധ്യപ്പെടണമെങ്കിൽ കുറച്ചു സമയമെടുക്കുമെന്നും ഉറക്കം നടിച്ചിരിക്കുന്നവർക്ക് എത്ര പറഞ്ഞാലും മനസ്സിലാകില്ലെന്നുമുള്ള ഇ.പി.ജയരാജന്റെ പ്രതികരണവും അൻ‍വർ കൂട്ടിച്ചേർത്തു.

∙ ‘അൻവറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പാർട്ടിയും കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. അതിനു ശേഷവും സർക്കാരിനും പാർട്ടിക്കുമെതിരായ ആയുധമായി വലതുപക്ഷ കക്ഷികൾക്കും മാധ്യമങ്ങൾക്കും ഉപയോഗിക്കാനാകുന്ന തരത്തിൽ പരസ്യ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണം. ഇക്കാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തും.’ – എം.വി.ഗോവിന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com