120 പഞ്ചായത്തുകളിൽ സെക്രട്ടറിമാരില്ല; വാർഡ് വിഭജനം അവതാളത്തിലാകും
Mail This Article
കോട്ടയം ∙ സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിൽ 120 ഇടങ്ങളിലും സെക്രട്ടറിമാരില്ല; സെക്രട്ടറിമാരുടെ അഭാവം പഞ്ചായത്ത് വാർഡ് വിഭജനത്തെ ബാധിക്കുമെന്ന് ആശങ്ക. തദ്ദേശ സ്ഥാപനങ്ങളിൽ ഓരോ വാർഡ് വീതം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. സെക്രട്ടറിമാർക്കുള്ള പരിശീലനം ഒക്ടോബർ അഞ്ചിനകം പൂർത്തിയാക്കേണ്ടതാണ്. എല്ലായിടത്തും സെക്രട്ടറിമാരില്ലാതെ പരിശീലനം എങ്ങനെ പൂർത്തിയാക്കുമെന്ന ആശങ്കയിലാണ് അധികൃതർ. സെക്രട്ടറി തസ്തികയിലേക്കുള്ള പ്രമോഷൻ നിയമനത്തിന് ഉത്തരവിറങ്ങാൻ വൈകുന്നതാണു കസേരകൾ ഒഴിഞ്ഞുകിടക്കാൻ കാരണം.
പഞ്ചായത്ത് സെക്രട്ടറിമാർ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനു റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25 ആണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കരട് റിപ്പോർട്ട് ഡീലിമിറ്റേഷൻ കമ്മിഷനു സമർപ്പിക്കേണ്ട തീയതി നവംബർ 5 ആണ്. പുനർവിഭജനത്തിനു ശേഷം കേരളത്തിലെ പഞ്ചായത്ത് വാർഡുകളുടെ എണ്ണം 17,337 ആകും. നിലവിലുള്ളത് 15,962 വാർഡുകൾ. വാർഡുകളുടെ അതിർത്തികൾ പുനർനിർണയിക്കുമ്പോൾ രാഷ്ട്രീയ സമവാക്യങ്ങളിൽ വ്യത്യാസം വരും. അതുകൊണ്ടുതന്നെ സെക്രട്ടറിക്കുമേൽ സമ്മർദമുണ്ടാകുമെന്നു പല ഉദ്യോഗസ്ഥരും ഭയക്കുന്നുണ്ട്. പുതിയ വാർഡിനു പേരിടേണ്ടതും സെക്രട്ടറിയാണ്. പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറ് വാർഡിന് 1 എന്ന നമ്പറും പിന്നീടു ഘടികാരദിശാക്രമത്തിൽ മറ്റു വാർഡുകൾക്കും നമ്പർ നൽകണം. നമ്പറിനു പുറമേ വാർഡിലുള്ള ഏറ്റവും പ്രധാനപ്പെട്ടതും പരക്കെ അറിയപ്പെടുന്നതുമായ പ്രദേശത്തിന്റെ പേര് വാർഡിന്റെ പേരായും നൽകണം. നിലവിലെ പേര് വാർഡിനു നിലനിർത്താനും വ്യവസ്ഥയുണ്ട്.