എംജി: സിപാസ് കോളജുകൾ; അഫിലിയേഷൻ ഫീസ് ഒഴിവാക്കണമെന്ന് ശുപാർശ
Mail This Article
കോട്ടയം ∙ സിപാസ് (സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ്) സൊസൈറ്റിയുടെ കീഴിലുള്ള കോളജുകളുടെ അഫിലിയേഷൻ ഫീസിനത്തിൽ എംജി സർവകലാശാലയ്ക്കു ലഭിക്കാനുള്ള ലക്ഷക്കണക്കിനു തുക പൂർണമായും ഇളവു ചെയ്യണമെന്നു സിൻഡിക്കറ്റ് യോഗത്തിൽ ശുപാർശ. ഇതു നടപ്പായാൽ വൻ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സർവകലാശാലയുടെ വരുമാനത്തിൽ വീണ്ടും കുറവുണ്ടാകും. സിൻഡിക്കറ്റ് അംഗം ഡോ. ബാബു മൈക്കിൾ നയിക്കുന്ന ഉപസമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ശുപാർശയുള്ളത്. തീരുമാനം അടുത്ത യോഗത്തിലേക്കു മാറ്റി. റജിസ്ട്രാർ നിയമനവും അടുത്ത സിൻഡിക്കറ്റ് യോഗത്തിൽ പരിഗണിക്കും. സിപാസിന്റെ കീഴിൽ 12 ബിഎഡ് കോളജുകൾ, 7 അപ്ലൈഡ് സയൻസ് – ആർട്സ് ആൻഡ് സയൻസ് കോളജുകൾ എന്നിവയാണ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത് ഇപ്പോൾ പ്രവർത്തിക്കുന്നത്.
2018ൽ സിപാസ് രൂപീകരിച്ചപ്പോൾ സർക്കാർ ഉത്തരവുപ്രകാരം അഫിലിയേഷൻ ഫീസ് ഒഴിവാക്കിയിരുന്നു. സർവകലാശാലയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്ന് അഫിലിയേഷൻ ഫീസായതിനാൽ അതൊഴിവാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നു 2020 മുതൽ 2022 വരെ ചേർന്ന വിവിധ സിൻഡിക്കറ്റ് യോഗങ്ങൾ സർക്കാരിനോടാവശ്യപ്പെട്ടു. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളെല്ലാം നിർബന്ധമായും അടയ്ക്കേണ്ട തുകയാണ് അഫിലിയേഷൻ ഫീസ് എന്നാണു സർവകലാശാലയുടെ വാദം.
∙ അഫിലിയേഷൻ ഫീസ് ഒഴിവാക്കുന്നതു നിയമപ്രകാരം നിലനിൽക്കില്ല. സിപാസിന്റെ ആദ്യഘട്ടത്തിൽ സർവകലാശാലയ്ക്ക് ഫീസിനത്തിൽ 65.70 ലക്ഷം നഷ്ടമായി. 31.73 ലക്ഷമാണ് ഇപ്പോൾ സർവകലാശാലയ്ക്ക് ലഭിക്കാനുള്ളത്. - ജോസ് മാത്യു, സെക്രട്ടറി, എംജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ.