ADVERTISEMENT

ന്യൂഡൽഹി ∙ സംസ്ഥാന സർക്കാരുകളുടെ മാത്രം നിയമനിർമാണാധികാര പരിധിയിൽ വരെ കടന്നാണ് കേന്ദ്ര സർക്കാർ വഖഫ് ബിൽ തയാറാക്കിയതെന്ന‌ു ചൂണ്ടിക്കാട്ടി കേരള സർക്കാർ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനു കത്തു നൽകി. വഖഫ് ബിൽ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയെ അഭിപ്രായം അറിയിച്ചതിനു പുറമേയാണ് സംസ്ഥാന വഖഫ് ഹജ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവിനെ നേരിട്ടുകണ്ട് വിയോജിപ്പ് അറിയിച്ചത്.

ഇതുൾപ്പെടെ ബില്ലിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിനുള്ള വിയോജിപ്പുകൾ വിശദീകരിച്ചാണ് കത്ത്. ഫെഡറൽ തത്വങ്ങൾക്കും കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അധികാര വിഭജന തത്വത്തിനും എതിരാണെന്ന വിമർശിച്ച കേരളം ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. വഖഫുമായി ബന്ധപ്പെട്ട കേന്ദ്ര കൗൺസിൽ, സംസ്ഥാന ബോർഡുകൾ, ട്രൈബ്യൂണൽ തുടങ്ങിയ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നതാണ് വ്യവസ്ഥകൾ, നിയമത്തിനു കീഴിലുള്ള പല സ്ഥാപനങ്ങളുടെയും അധികാരം കവർന്നെടുക്കുന്ന സാഹചര്യമുണ്ടാകും, വ്യവസ്ഥകൾ ദുരുദ്ദേശ്യപരമാണ്. സമ്പൂർണ ഭേദഗതിയുടെ ആവശ്യമെന്താണെന്നും വ്യക്തമാക്കിയിട്ടില്ല. വഖഫ് സ്വത്തിനെ പൊതുസ്വത്തായി കരുതാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. വഖഫ് എന്നതു ഇസ്‍ലാമിക സങ്കൽപമാണ്. മുസ്‌ലിം വ്യക്തി നിയമം അതംഗീകരിച്ചിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാന സിദ്ധാന്തത്തെ മറികടന്നൊരു നിയമം നിർമിക്കാൻ പാർലമെന്റിന് അധികാരമില്ല.

വ്യക്തിനിയമത്തിന് എതിരായ നിയമം പാർലമെന്റ് പാസാക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ബാധകമാകുന്ന പൊതു പട്ടികയിൽ (കൺകറന്റ് ലിസ്റ്റ്) പെടുന്നതിനാൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനു മുൻപ് സംസ്ഥാന സർക്കാരുകളുടെ അഭിപ്രായവും കണക്കിലെടുക്കണമായിരുന്നുവെന്നും കേരളം നൽകിയ പ്രതികരണത്തിൽ പറയുന്നു.

English Summary:

Waqf Bill: Kerala Will Not Draft Legislation Exceeding State Jurisdiction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com