ADVERTISEMENT

മലപ്പുറം ∙ വർഷങ്ങളായി സിപിഎമ്മിനോടു ചേർന്നുനിൽക്കുന്ന സ്വതന്ത്രർ നടത്തുന്ന പടയൊരുക്കം മലബാറിലെ രാഷ്ട്രീയസമവാക്യങ്ങൾ മാറ്റിമറിക്കുമോ? സിപിഎമ്മിനോടു യുദ്ധപ്രഖ്യാപനം നടത്തിയ പി.വി.അ‍ൻവർ പാർട്ടി രൂപീകരിക്കുമെന്ന സൂചന നൽകിയതോടെ അത്തരമൊരു ചർച്ച സജീവമായി. ലീഗിനോടു പിണങ്ങി ഇടതുചേരിയിലെത്തി സിപിഎം സ്വതന്ത്രരായി നിലകൊള്ളുന്നവർ അൻവറുമായി കൈകോർക്കുമോയെന്നാണ് അറിയേണ്ടത്.

ലീഗിൽ നിന്നെത്തി സിപിഎമ്മുമായി സഹകരിക്കുന്ന നേതാക്കളുടെ പൊതുവേദി രൂപീകരിക്കാൻ നേരത്തേ ശ്രമം നടന്നിരുന്നെങ്കിലും മുന്നോട്ടുപോയില്ല. പുതിയ സാഹചര്യത്തിൽ അത്തരം കൂട്ടായ്മ രൂപപ്പെടാനുള്ള സാധ്യത തള്ളാനാകില്ല. ആദ്യം പൊതുകൂട്ടായ്മ, പിന്നീട് രാഷ്ട്രീയപാർട്ടി എന്ന രീതിയിൽ ചുവടുവയ്ക്കാനാകും അൻവറിന്റെ ശ്രമം.

സിപിഎമ്മിൽ പഴയ പരിഗണന ലഭിക്കുന്നില്ലെന്ന പരിഭവം മലബാറിലെ പാർട്ടി സ്വതന്ത്രർക്കുണ്ട്. പൊലീസിനെതിരെ അൻവർ ഉയർത്തിയ പരാതികൾ മലബാറിലെ പല രാഷ്ട്രീയനേതാക്കളും സമുദായസംഘടനകളും പങ്കുവയ്ക്കുന്നതാണ്. എഡിജിപി അജിത്കുമാറിനും പൊലീസിനുമെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളോടു യോജിപ്പാണെന്നു കെ.ടി.ജലീൽ എംഎൽഎ വ്യക്തമാക്കിക്കഴിഞ്ഞു. ആദ്യം അൻവറിനെ പിന്തുണച്ച മുൻ എംഎൽഎ കാരാട്ട് റസാഖ് പിന്നീടു നിലപാടു മാറ്റി. പി.ടി.എ.റഹീം പ്രതികരണത്തിനു തയാറായിട്ടില്ല. പൊതു പ്ലാറ്റ്ഫോം എന്ന ആശയം ഉയർന്നുവന്നാൽ ഇതിൽ പലരും സഹകരിക്കുമെന്നാണു സൂചന. മലബാറിലെ ചില പോക്കറ്റുകളിൽ സ്വാധീനമുള്ള ചില രാഷ്ട്രീയപാർട്ടികൾക്കും ഇതിന്റെ ഭാഗമാകുന്നതിൽ എതിർപ്പുണ്ടാകില്ല.

സിപിഎം സ്വതന്ത്രരുടെ സ്വാധീനമേഖലകൾ വ്യത്യസ്തമായതിനാൽ, ഒരുമിച്ചുനിന്നാലും സ്വന്തം മേഖലയിലേക്കു മറ്റൊരാൾ കടന്നുകയറുമെന്ന ആശങ്കയ്ക്കു വകയില്ല. സമ്മർദശക്തിയെന്ന നിലയിൽ കരുത്തു വർധിക്കുകയും ചെയ്യും.

മലബാറിൽ, പ്രത്യേകിച്ചു മലപ്പുറത്ത് പല മണ്ഡലങ്ങളും ജയിക്കാൻ സിപിഎമ്മിനു തുണയാകുന്നത് സ്വതന്ത്രരുടെ വ്യക്തിപ്രഭാവം കൂടിയാണ്. നിലമ്പൂരിൽ അ‍ൻവറും തവനൂരിൽ ജലീലും താനൂരിൽ വി.അബ്ദുറഹിമാനുമെല്ലാം ജയിച്ചുകയറുന്നതു പാർട്ടി വോട്ടിലുപരി വ്യക്തിപ്രഭാവത്തിലാണ്. സിപിഎം ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്തുമ്പോൾ വോട്ടുവിഹിതം ഗണ്യമായി കുറയുന്നത് ഇതിന്റെ തെളിവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com