ഇടമലയാർ കേസ്: തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി
Mail This Article
തൃശൂർ ∙ ഇടമലയാർ ജലസേചന പദ്ധതിയിലെ ചാലക്കുടി വലതുകര കനാൽ നവീകരണ അഴിമതിക്കേസിൽ എക്സിക്യൂട്ടീവ് എൻജിനീയർമാരും കരാറുകാരും ഉൾപ്പെടെ 44 പേർക്കെതിരെ വിജിലൻസ് കോടതി പുറപ്പെടുവിച്ച തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. പിഴ സംഖ്യയിൽ കുറവു വരുത്തിയിട്ടുമുണ്ട്.
3 വർഷം വീതം കഠിനതടവും 6 ലക്ഷം രൂപ വീതം പിഴയും ആയിരുന്നു വിജിലൻസ് കോടതി വിധിച്ച ശിക്ഷ. പിഴ സംഖ്യ 10,000 രൂപ വീതമായി കുറച്ചു. എന്നാൽ, ഒരു ലക്ഷം രൂപ വീതം വിജിലൻസ് കോടതിയിൽ ഇവർ ബോണ്ട് ആയി കെട്ടിവയ്ക്കണെമന്നു ഹൈക്കോടതി നിർദേശിച്ചു.
രണ്ട് എക്സിക്യൂട്ടീവ് എൻജിനീയർമാരും അസി. എൻജിനീയർമാരും കരാറുകാരും ഓവർസിയർമാരുമടക്കമായിരുന്നു കേസിലെ പ്രതികളുടെ എണ്ണം 44 ആയി ഉയർന്നത്. ആകെ 51 പ്രതികളുണ്ടായിരുന്നതിൽ 6 പേർ വിചാരണയ്ക്കിടെ മരിച്ചു. ഒരാളെ കുറ്റവിമുക്തനാക്കി.
കനാൽ നിർമാണത്തിലെ അഴിമതി മൂലം സർക്കാരിന് 1.05 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു കേസ്. പ്രതികളിൽ നിന്നു 12 കോടി രൂപ പിഴയായി ഈടാക്കാനായിരുന്നു വിജിലൻസ് കോടതി വിധിയെങ്കിലും ഹൈക്കോടതി സംഖ്യ ലഘൂകരിച്ചതോടെ 1.80 കോടി രൂപയായി പിഴ കുറഞ്ഞു. കേസുകളുടെ തുടർ അപ്പീൽ വാദം ഹൈക്കോടതിയിൽ പിന്നീടു നടക്കും.