ADVERTISEMENT

തിരുവനന്തപുരം ∙ ഇംഗ്ലിഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ പറയാത്തതു തിരുകിക്കയറ്റിയെന്നു പറഞ്ഞ മുഖ്യമന്ത്രി അതു ചെയ്തവരോട് ‘ക്ഷമിച്ചു’. സാമൂഹിക ഭിന്നിപ്പിനു വരെ കാരണമാകുന്ന വിവാദ പരാമർശം മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടേതായി പ്രസിദ്ധീകരിച്ചിട്ടും ആർക്കുമെതിരെ നിയമ നടപടിക്കില്ലെന്ന ‘നിലയാണ്’ മുഖ്യമന്ത്രിയുടെ വാക്കുകളിൽ തെളിഞ്ഞത്. തനിക്കോ സർക്കാരിനോ പിആർ ഏജൻസിയില്ല. ദിനപത്രത്തിന് അഭിമുഖം നൽകാൻ ഏജൻസിയെ ബന്ധപ്പെട്ടിട്ടില്ല. ആലപ്പുഴയിലെ സിപിഎം നേതാവ് ടി.കെ.ദേവകുമാറിന്റെ മകൻ ടി.ഡി.സുബ്രഹ്മണ്യന്റെ ശുപാർശ പ്രകാരമാണ് അഭിമുഖം നൽകിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

പറയാത്ത പരാമർശം മുഖ്യമന്ത്രിയുടേതായി പത്രത്തിനു നൽകിയതാര്, അതെക്കുറിച്ച് അന്വേഷിക്കുമോ, നടപടിയെടുക്കുമോ തുടങ്ങിയ ചോദ്യങ്ങളിൽനിന്നെല്ലാം മുഖ്യമന്ത്രി വഴുതിമാറി. എന്നാൽ, അഭിമുഖം നടക്കുന്ന സമയത്ത് പിആർ ഏജൻസി പ്രതിനിധിയുടെ സാന്നിധ്യമുണ്ടായിരുന്നതായി സമ്മതിച്ചു. അപ്രതീക്ഷിതമായി കയറിവന്നതാണെന്നും ആളെ അറിയില്ലെന്നുമാണു വിശദീകരണം. 

‘ഹിന്ദു ദിനപത്രം അഭിമുഖം ചോദിച്ചതായി ദേവകുമാറിന്റെ മകൻ പറഞ്ഞു. എനിക്കും താൽപര്യമുള്ള കാര്യമായതിനാൽ സമ്മതിച്ചു. ലേഖിക അഭിമുഖമെടുക്കുമ്പോൾ ഒരാൾ കൂടി കടന്നുവന്നു. ലേഖികയുടെ കൂടെയുള്ളയാളെന്നു കരുതി. ഏതോ ഏജൻസിയുടെ ആളാണെന്നു പിന്നെയാണു പറയുന്നത്. ആ ഏജൻസിയെയും വന്നയാളെയും എനിക്കറിയില്ല. അഭിമുഖത്തിൽ അൻവറുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി നൽകിയില്ല. വിശദമായി മുൻപു പറ‍ഞ്ഞിട്ടുള്ളതിനാൽ സമയക്കുറവുകൊണ്ട് ഒഴിവാക്കിയതാണ്. ഈ ഭാഗം ദേവകുമാറിന്റെ മകന്റെ പക്കൽനിന്നു പത്രം വാങ്ങിയിട്ടുണ്ടോ എന്നതു പരിശോധിക്കേണ്ട കാര്യമാണ്. ദേവകുമാറിന്റെ മകനോട് ഇക്കാര്യം അതിനുശേഷം സംസാരിച്ചിട്ടില്ല’– മുഖ്യമന്ത്രി പറഞ്ഞു.  

അൻവറിന്റെ ആരോപണങ്ങൾക്കെതിരെ സെപ്റ്റംബർ 21നു നടത്തിയ വാർത്താസമ്മേളനത്തിൽ, മലപ്പുറം ജില്ലയിൽ കള്ളക്കടത്ത് സ്വർണവും ഹവാലപ്പണവും പിടിച്ചതിന്റെ കണക്കു മാത്രം എടുത്തു പറഞ്ഞ മുഖ്യമന്ത്രി ഇന്നലെ ഈ കണക്കിലും വിശദീകരണവുമായെത്തി. ‘ജില്ലാ അടിസ്ഥാനത്തിലും ജനസംഖ്യാടിസ്ഥാനത്തിലും പരിശോധിച്ചാൽ മലപ്പുറം ജില്ലയിലാണു കൂടുതൽ കേസ് എന്നതു ശരിയായ കാര്യമല്ല. അതിനെക്കാൾ കൂടുതൽ കേസുള്ള ജില്ലകളുണ്ട്. ഇപ്പോൾ ആ കണക്കിലേക്കു പോകുന്നില്ല’– വിവാദം തണുപ്പിക്കാനുദ്ദേശിച്ചെന്നവണ്ണം മുഖ്യമന്ത്രി പറഞ്ഞു. 

ചിരിയിൽ തീരാതെ വൈരുധ്യങ്ങൾ

∙ ദ് ഹിന്ദു– കെയ്സൻ പിആർ ഏജൻസി മുഖ്യമന്ത്രിയുടെ അഭിമുഖം നൽകാമെന്നു വാഗ്ദാനം ചെയ്തു.

മുഖ്യമന്ത്രി– ഹിന്ദു അഭിമുഖത്തിനു താൽപര്യപ്പെടുന്നതായി അറിയിച്ചതു ടി.കെ.ദേവകുമാറിന്റെ മകൻ

∙ ദ് ഹിന്ദു– മുഖ്യമന്ത്രിക്കൊപ്പം ഏജൻസിയുടെ 2 പ്രതിനിധികളും.

മുഖ്യമന്ത്രി–  കടന്നുവന്നയാൾ ഏജൻസി പ്രതിനിധിയെന്നറിഞ്ഞതു പിന്നീട്.

∙ ദ് ഹിന്ദു– വിവാദമായ മലപ്പുറം പരാമർശം എഴുതി നൽകിയതു പിആർ ഏജൻസി പ്രതിനിധി. 

മുഖ്യമന്ത്രി– ഈ ഭാഗം ദേവകുമാറിന്റെ മകന്റെ പക്കൽനിന്നു പത്രം വാങ്ങിയിട്ടുണ്ടോ എന്നതു പരിശോധിക്കേണ്ട കാര്യം.

‘ചിരിക്കാത്ത’ വിശദീകരണം

∙ കനത്ത സുരക്ഷാ സന്നാഹത്തിൽ കഴിയുന്ന മുഖ്യമന്ത്രി ദേശീയ ദിനപത്രത്തിന് അഭിമുഖം നൽകുന്നതിനിടയിലേക്ക് അപരിചിതൻ കയറിവരുന്നു. 

∙ തെറ്റു സമ്മതിച്ചു ഖേദം പ്രകടിപ്പിച്ച പത്രത്തിന്റെ സമീപനം മാന്യം, എന്നാൽ, അതേ പത്രം വെളിപ്പെടുത്തിയ പിആർ ഏജൻസി ബന്ധം അംഗീകരിക്കുന്നില്ല.

∙ മുഖ്യമന്ത്രിക്കും സർക്കാരിനും ഇത്രയും വലിയ പ്രതിഛായാ നഷ്ടമുണ്ടാക്കിയിട്ടും നിയമ നടപടിയില്ല

∙ സംഭവിച്ചത് എന്തെന്നു 4 ദിവസമായിട്ടും ദേവകുമാറിന്റെ മകനോടു തിരക്കിയില്ല

English Summary:

PR interview: No investigation or action in controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com