ADVERTISEMENT

തിരുവനന്തപുരം ∙ താൽക്കാലിക നമ്പറുള്ള (യുഎ നമ്പർ) വീടുകളുടെ ഉടമസ്ഥാവകാശം ഇനി മുതൽ നിബന്ധനകൾക്കു വിധേയമായി കൈമാറാം. ആദ്യത്തെ ഉടമയ്ക്കു യുഎ നമ്പർ നൽകിയപ്പോഴുള്ള നിബന്ധനകൾ പുതിയ ഉടമയ്ക്കും ബാധകമാകും. പട്ടികവർഗ സങ്കേതങ്ങളിൽ വളരെക്കാലമായി താമസിക്കുന്ന സ്ഥലത്തെ വീടിന് പട്ടയവും നികുതി രസീതും ഇല്ലെന്ന കാരണത്താൽ നമ്പർ നിഷേധിക്കില്ല.

ഊരു ഭൂമിയാണെങ്കിൽ നമ്പറും റവന്യു ഭൂമിയാണെങ്കിൽ യുഎ നമ്പറും നിബന്ധനകളോടെ ലഭ്യമാക്കും. ലൈഫ് ഭവന പദ്ധതിയിലെ വീടുകൾക്ക് യുഎ നമ്പറാണ് ലഭിക്കുന്നതെങ്കിലും അവസാന ഗഡുവും ലഭിക്കും. 60 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ള, യുഎ നമ്പറുള്ള വീടുകളെ നികുതിയിൽ നിന്ന് ഒഴിവാക്കി. 

മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ തദ്ദേശ അദാലത്തിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഇവയുൾപ്പെടെ പൊതുസ്വഭാവമുള്ള 37 വിഷയങ്ങളിൽ ചട്ടഭേദഗതിയും പൊതുനിർദേശവും സ്വീകരിക്കാൻ തദ്ദേശ വകുപ്പ് തീരുമാനിച്ചു. അദാലത്തിൽ ആകെ ലഭിച്ച 17,799 പരാതികളിൽ 16,767 എണ്ണവും തീർപ്പാക്കി.‌

പ്രധാന തീരുമാനങ്ങളും ചട്ട ഭേദഗതികളും: 

∙ കെട്ടിടങ്ങളിലെ എമർജൻസി എക്സിറ്റിലേക്കുള്ള യാത്രാദൂരം 30 മീറ്ററിൽ നിന്ന് 45 മീറ്ററായി ഉയർത്തും. 

∙ തീരദേശപരിപാലന നിയമപരിധിയിൽ, അനുമതി വാങ്ങാതെ നിർമിച്ച വീടുകൾ ക്രമവൽക്കരിക്കാൻ സമയം നീട്ടുന്നതിന് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റിയോട് ശുപാർശ ചെയ്തു. 

∙ കെട്ടിടനിർമാണ ചട്ടം നിലവിൽ വരുന്നതിനു മുൻപ് നിർമിച്ച നോൺ റസിഡൻഷ്യൽ കെട്ടിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ഒക്യുപൻസി ചേഞ്ച് നിർബന്ധമാക്കാതെ ലൈസൻസ് തുടർന്നും നൽകും. 

∙ കെട്ടിടനിർമാണ പെർമിറ്റ് എടുത്ത് ശേഷം നിർമാണം ഉപേക്ഷിച്ചാൽ, ഈടാക്കിയ അധിക എഫ്എആർ ഫീസ് തിരിച്ചു നൽകും. അധിക എഫ്എആർ ഫീസ് അടച്ച് പെർമിറ്റ് എടുത്ത് നിർമാണം പൂർത്തിയാക്കിയ ശേഷം കെട്ടിടം നിശ്ചിത എഫ്എആർ പരിധിയിലാണെങ്കിലും ഒടുക്കിയ അധിക ഫീസ് തിരിച്ചു നൽകും. 

∙ ഫീസ് വാങ്ങാതെ സൗജന്യമായി പ്രവർത്തിക്കുന്ന സ്പെഷൽ സ്കൂളുകൾ, വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള സൂപ്പർവിഷൻ ചാർജ് ഒഴിവാക്കും. 

∙ തെറ്റായി നൽകിയ പെർമിറ്റ് പ്രകാരം വീട് നിർമിക്കുകയും ഒക്യുപൻസി സമയത്ത് ചട്ടലംഘനം ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന കേസുകളിൽ ഒക്യുപൻസി അനുവദിക്കാൻ പൊതുസമീപനം സ്വീകരിക്കും. തെറ്റായി പെർമിറ്റ് നൽകിയ ഉദ്യോഗസ്ഥർക്കും രേഖകൾ തയാറാക്കിയ ലൈസൻസിക്കുമെതിരെ നടപടിയെടുക്കും. 

∙ വിഡിയോ കോൺഫറൻസിലൂടെ വിവാഹ റജിസ്ട്രാർക്കു മുൻപിൽ ഹാജരാകാനുള്ള സൗകര്യം എല്ലാവർക്കും ലഭ്യമാക്കും. 

∙ ഗസറ്റിൽ പേര് മാറ്റിയാൽ വിവാഹ റജിസ്റ്ററിലെയും സർട്ടിഫിക്കറ്റിലെയും പേര് തിരുത്താം. 

∙ സെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾക്ക് സ്കൂളിൽ പോകുമ്പോൾ ഡയപ്പർ വാങ്ങാൻ, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ സഹായം ലഭ്യമാക്കും. 

∙ 80 ചതുരശ്ര മീറ്റർ വരെയുള്ള, സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന വീടുകൾക്ക് 2024-25 വരെയുള്ള വസ്തു നികുതി പിഴപ്പലിശ ഒഴിവാക്കും 

∙ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വസ്തു നികുതി, വാടക തുടങ്ങിയവയ്ക്ക് കൂട്ടുപലിശ ഒഴിവാക്കി ക്രമപ്പലിശ മാത്രം ഈടാക്കും 

∙ കെട്ടിടനിർമാണ നിബന്ധനകളെല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നു എന്ന കാരണത്താൽ മാത്രം പെർമിറ്റ് റദ്ദാക്കില്ല. 

∙ താമസ ആവശ്യത്തിനുള്ള വീട് നിർമിക്കാൻ പെർമിറ്റിനും നമ്പറിനും ദേശീയപാത സർവീസ് റോഡിൽ നിന്ന് ആക്സസ് പെർമിഷൻ നിർബന്ധമല്ല. 

∙ റോഡ് വീതികൂട്ടലിന്റെ ഭാഗികമായി പൊളിച്ചുനീക്കിയ കെട്ടിടങ്ങളുടെ ശേഷിക്കുന്ന ഭാഗം, വിസ്തൃതിയും നിലകളുടെ എണ്ണവും അധികരിക്കാതെ ബലപ്പെടുത്താൻ തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് അനുമതി നൽകാം. സൗജന്യമായി ഭൂമി വിട്ടുനൽകാത്തവർക്കും ഇളവു ലഭിക്കും. 

∙ ചട്ടങ്ങൾക്കു വിധേയമായി, വീടിനു മുന്നിൽ വശങ്ങൾ തുറന്ന നിലയിൽ ഷീറ്റ് ഇടുന്നത് പ്രത്യേക നിർമിതിയായി കണക്കാക്കില്ല. ഷീറ്റ് ഇടുന്ന ഭാഗത്ത് തറ നിർമിക്കരുത്. 

∙ ലൈഫ് ഭവനപദ്ധതിയിൽ നിർമാണത്തിലിരിക്കെ, പുനർനിർമിക്കാനാകാത്ത വിധം പ്രകൃതി ദുരന്തത്തി‍ൽ വീടു തകർന്നാൽ തിരിച്ചടവിൽ നിബന്ധനകളോടെ ഇളവ് അനുവദിക്കും. 

English Summary:

Transfer of Ownership for Temporary Numbered Houses Now Allowed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com