‘ഇവിടെ പ്രതികരിക്കാൻ സെക്രട്ടറിയുണ്ട്’: പ്രകാശ് ബാബുവിന്റെ ലേഖനത്തിനും പ്രതികരണങ്ങൾക്കും എതിരെ ബിനോയ് വിശ്വം
Mail This Article
തിരുവനന്തപുരം∙ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബുവും തമ്മിലെ ഭിന്നത പാർട്ടി നേതൃയോഗത്തിൽ മറനീക്കി. എഡിജിപി എം.ആർ.അജിത്കുമാറിന്റെ ആർഎസ്എസ് സമ്പർക്കങ്ങൾക്കെതിരെ ലേഖനമെഴുതുകയും പ്രതികരിക്കുകയും ചെയ്ത പ്രകാശ് ബാബുവിന്റെ നടപടിയെ വ്യാഴാഴ്ച ചേർന്ന നിർവാഹകസമിതി യോഗത്തിൽ ബിനോയ് വിമർശിച്ചു.
പാർട്ടി നിലപാട് വ്യക്തമാക്കേണ്ടത് സെക്രട്ടറിയാണെന്നും അത് ഒന്നിലധികം പേർ ചേർന്നു ചെയ്യേണ്ടതല്ലെന്നും ബിനോയ് വ്യക്തമാക്കി. സെക്രട്ടറിയുടെ പ്രതികരണങ്ങളെ ശക്തിപ്പെടുത്തുകയല്ലേ ചെയ്തതെന്ന് പ്രകാശ് ബാബു തിരിച്ചുചോദിച്ചു.
എഡിജിപിയെ മാറ്റണമെന്ന ആവശ്യം എൽഡിഎഫ് യോഗത്തിൽ ബിനോയ് വിശ്വം ഉന്നയിച്ചപ്പോൾ, റിപ്പോർട്ട് കിട്ടിയ ശേഷം തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പറയുകയും സിപിഐ വഴങ്ങുകയും ചെയ്തിരുന്നു. തുടർന്ന് സെപ്റ്റംബർ 19ലെ ‘ജനയുഗം’ ലേഖനത്തിൽ ആർഎസ്എസ് സമ്പർക്കം രാഷ്ട്രീയ പ്രശ്നമാണെന്നും ഉദ്യോഗസ്ഥതല അന്വേഷണത്തിന് പ്രസക്തിയില്ലെന്നും പ്രകാശ് ബാബു വ്യക്തമാക്കി.
ഇടതുപക്ഷ രാഷ്ട്രീയത്തിനു ചേരാത്ത നടപടിയുടെ പേരിൽ അജിത്തിനെ ക്രമസമാധാനച്ചുമതലയിൽ നിന്ന് ഉടൻ നീക്കണമെന്നു പ്രതികരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ തീരുമാനം എൽഡിഎഫ് അംഗീകരിച്ച ശേഷം സിപിഐ അവതരിപ്പിച്ച പുതിയ വാദമായി ഇതു ചിത്രീകരിക്കപ്പെട്ടു.
നിർവാഹകസമിതിയിൽ ഇതു നേരിട്ടു പറഞ്ഞില്ലെങ്കിലും ‘എല്ലാവരും വക്താക്കളാകേണ്ട’ എന്ന് ബിനോയ് പറഞ്ഞു. തൃശൂർ സ്ഥാനാർഥി വി.എസ്.സുനിൽകുമാറിന്റെ പ്രതികരണങ്ങൾ കൂടി പരാമർശിച്ച് പ്രകാശ് ബാബുവിനെതിരെയുള്ള നീക്കമല്ലെന്നു വരുത്താനും ശ്രമിച്ചു.
എഡിജിപിക്കെതിരെയുള്ള സെക്രട്ടറിയുടെ നിലപാടിനെ ആരും എതിർത്തില്ലെന്നും പിന്തുണച്ച് സംസാരിക്കുകയാണല്ലോ ചെയ്തതെന്നും ഉള്ള അഭിപ്രായമാണ് യോഗത്തിലുയർന്നത്. ലേഖനത്തിന്റെ കാര്യം സെക്രട്ടറിയെ അറിയിച്ചിരുന്നെന്ന് പ്രകാശ് ബാബു പറഞ്ഞതു ബിനോയ് നിഷേധിച്ചില്ല.
കാനം രാജേന്ദ്രന്റെ നിര്യാണത്തിനു ശേഷം സെക്രട്ടറി സ്ഥാനത്തേക്ക് പ്രകാശിന്റെ പേരും ഉയർന്നിരുന്നു. രാജ്യസഭാ സീറ്റിലും തഴയപ്പെട്ടതോടെ വന്നതോടെ ഇരുവർക്കുമിടയിലെ ബന്ധം സുഖകരമല്ല.