ADVERTISEMENT

കൊച്ചി ∙ കോഴിക്കോട് തൂണേരി വെള്ളൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിൻ കൊല്ലപ്പെട്ട കേസിൽ വിചാരണക്കോടതി വിട്ടയച്ച മു‌സ്‌ലിം ലീഗ് പ്രവർത്തകരായ പ്രതികളിൽ ഏഴ് പേർ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തി. ശിക്ഷ വിധിക്കാനായി പ്രതികളെ 15ന് നേരിട്ട് ഹാജരാക്കാനും ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ, ജസ്റ്റിസ് സി. പ്രതീപ് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

ഒന്നും രണ്ടും പ്രതികളായ തെയ്യമ്പാടി മീത്തലെ പുനച്ചിക്കണ്ടി ഇസ്‌മായിൽ, സഹോദരൻ മുനീർ, 4 മുതൽ 6 വരെ പ്രതികളായ വാരാങ്കിതാഴെകുനി സിദ്ദിഖ്, മണിയന്റവിട മുഹമ്മദ് അനീസ്, കളമുള്ളതാഴെകുനി ഷുഹൈബ്, 15, 16 പ്രതികളായ കൊച്ചന്റവിട ജസീം, കടയംകോട്ടുമ്മൽ അബ്ദുസമദ് എന്നിവരെയാണ് ഡിവിഷൻ ബെഞ്ച് വിട്ടയച്ചത്.

കേസിലെ 17 പ്രതികളെയും വിട്ടയച്ച എരഞ്ഞിപ്പാലം മാറാട് പ്രത്യേക കോടതി വിധി ചോദ്യം ചെയ്ത അപ്പീലുകളാണു പരിഗണിച്ചത്. മൂന്നാം പ്രതി അസ്‌ലമിനെയും കുറ്റക്കാരനായി കണ്ടെത്തിയെങ്കിലും 2016ൽ കൊല്ലപ്പെട്ടതിനാൽ ഒഴിവാക്കി.

8 പ്രതികളുടെ കാര്യത്തിൽ കുറ്റകൃത്യത്തിനു മതിയായ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ടെന്നും ഇത് ശരിയായ രീതിയിൽ വിചാരണക്കോടതി പരിഗണിച്ചിട്ടില്ലെന്നും ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. 

കുറ്റക്കാരാണെന്നു കണ്ടെത്തിയവർ കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരാണ്. പ്രതികളെ അറസ്റ്റ് ചെയ്ത് സെഷൻസ് കോടതിയിൽ ഹാജരാക്കാൻ ജാമ്യമില്ലാ വാറന്റും ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചു. 

ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണം. ശിക്ഷ വിധിക്കും മുൻപ് നിയമപ്രകാരം പ്രതികളെ കേൾക്കേണ്ടതിനാൽ 15ന് രാവിലെ 10.15ന് ഡിവിഷൻ ബെഞ്ചിൽ ഹാജരാക്കണമെന്നാണ് ബന്ധപ്പെട്ട ജയിൽ സൂപ്രണ്ടിന് നിർദേശം നൽകിയിരിക്കുന്നത്.

2015 ജനുവരി 22ന് രാത്രിയാണു ഷിബിൻ കൊല്ലപ്പെട്ടത്. നാദാപുരം മേഖലയിൽ‌ ഏറെ രാഷ്ട്രീയ സംഘർഷങ്ങൾക്കു കാരണമായ കൊലപാതക കേസാണിത്. മുസ്‌ലിം ലീഗ് പ്രവർത്തകരായ പ്രതികൾ വർഗീയവും രാഷ്ട്രീയവുമായ കാരണങ്ങളാൽ സിപിഎം പ്രവർത്തകരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. സംഭവത്തിൽ ഷിബിൻ കൊല്ലപ്പെടുകയും ആറ് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നു വിലയിരുത്തി സംശയത്തിന്റെ ആനുകൂല്യം നൽകി പ്രത്യേക കോടതി വിട്ടയയ്ക്കുകയായിരുന്നു. ഇതിനെതിരെ ഷിബിന്റെ പിതാവും സർക്കാരും സംഭവത്തിൽ പരുക്കേറ്റവരുമാണ് അപ്പീൽ നൽകിയത്.

English Summary:

Released by the trial court high court found seven accused guilty for Shibin murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com