എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയിൽ തെറ്റില്ല: പി.എസ്.ശ്രീധരൻപിള്ള
Mail This Article
കൊച്ചി ∙ രാഷ്ട്രീയത്തിലെ തൊട്ടുകൂടായ്മ ഒഴിവാക്കണമെന്നും ജനങ്ങളുടെ രാഷ്ട്രീയം കേരളത്തിൽ ഇല്ലാതാകുകയാണെന്നും ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. എഡിജിപിയും ആർഎസ്എസ് നേതാക്കളും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ തെറ്റില്ല. അതിൽ കുറ്റം കാണുന്നത് അപരിഷ്കൃതമാണ്.
സർവീസ് ചട്ടങ്ങളുടെ ലംഘനമുണ്ടെങ്കിൽ അതനുസരിച്ചു സർക്കാരിനു നടപടികളെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. അക്ഷയ പുസ്തകനിധിയും എബനേസർ എജ്യുക്കേഷനൽ അസോസിയേഷനും ഏർപ്പെടുത്തിയ പ്രഫ. എം.പി.മന്മഥൻ പുരസ്കാരം കഥാകൃത്ത് ടി.പത്മനാഭനു ഗവർണർ സമ്മാനിച്ചു.
ജാതിമത ചിന്തകൾ കൂടുതൽ വളർന്നുവരുന്ന സങ്കടകരമായ കാലഘട്ടത്തിലൂടെയാണു നമ്മൾ കടന്നുപോകുന്നതെന്നു ടി.പത്മനാഭൻ പറഞ്ഞു. ‘മരിക്കുമ്പോൾ എന്റെ ചിതാഭസ്മം തിരുനാവായയിൽ നാവാമുകുന്ദന്റെയടുക്കൽ സന്തതസഹചാരിയായ രാമചന്ദ്രൻ തന്നെ ഒഴുക്കണമെന്നു പറഞ്ഞുവച്ചിട്ടുണ്ട്. അന്ന് ആ ചടങ്ങുകൾക്കു നേതൃത്വം നൽകുക 40 വർഷമായി എന്റെ ആത്മസുഹൃത്തായ ഒരു മുസ്‌ലിമായിരിക്കും. എന്റെ ഭാര്യയുടെ ചിതാഭസ്മം തിരുനെല്ലിയിലെ പാപനാശിനിയിൽ നിമജ്ജനം ചെയ്തതും രാമചന്ദ്രനായിരുന്നു’ – പത്മനാഭൻ പറഞ്ഞു.
‘മനസ്സിൽ കേളപ്പജിക്കൊപ്പം കമ്യൂണിസ്റ്റ് നേതാവായിരുന്ന പി.കൃഷ്ണപിള്ളയുടെ വിഗ്രഹവും ഞാൻ പ്രതിഷ്ഠിച്ചിട്ടുണ്ട്. 2016ൽ ആദ്യ പിണറായി മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ വീട്ടിലെത്തി സാഹിത്യ അക്കാദമി പ്രസിഡന്റാകണമെന്നു പറഞ്ഞു. പക്ഷേ, അതു ശരിയാവില്ലെന്നു പറഞ്ഞു ഞാൻ നിരസിക്കുകയായിരുന്നു’ – പത്മനാഭൻ പറഞ്ഞു.
പായിപ്ര രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എബനേസർ എജ്യുക്കേഷനൽ അസോസിയേഷൻ ചെയർമാൻ കമാൻഡർ സി.കെ.ഷാജി, സുരേഷ് കീഴില്ലം എന്നിവർ പ്രസംഗിച്ചു.