സതീശനെ വെട്ടി സഭാ ടിവി
Mail This Article
തിരുവനന്തപുരം ∙ നിയമസഭയിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശന് സെൻസറിങ്. രാവിലെ സ്പീക്കറുടെ ‘‘ആരാണ് പ്രതിപക്ഷനേതാവ്?’’ എന്ന ചോദ്യത്തെത്തുടുർന്നുള്ള തർക്കത്തിനിടെ സതീശൻ പ്രസംഗിക്കുന്ന ദൃശ്യങ്ങൾ സഭാ ടിവി ഒഴിവാക്കി.
സതീശൻ പ്രസംഗിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ദൃശ്യമാണു കാണിച്ചത്. പ്രതിപക്ഷം സഭയിൽ നടത്തിയ പ്രതിഷേധവും കാണിച്ചില്ല. അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ പ്രതിപക്ഷമാണു തടസ്സം നിന്നതെന്നു മന്ത്രി എം.ബി.രാജേഷ് ആരോപിച്ചപ്പോൾ എങ്കിൽ അതു വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടുകൂടേ എന്നു മാധ്യമപ്രവർത്തകർ ചോദിച്ചു.
അതെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. അതിനുശേഷവും ആ ദൃശ്യങ്ങൾ കാണിക്കാൻ നിയമസഭാ സെക്രട്ടേറിയറ്റ് തയാറായില്ല. ഒഴിവാക്കേണ്ട ദൃശ്യങ്ങൾ നീക്കുന്നതിനായി, ശൂന്യവേള മുതലുള്ള ദൃശ്യങ്ങൾ 10 മിനിറ്റ് വൈകിയാണ് സഭാ ടിവി കാണിക്കാറുള്ളത്.