ഗൂഗിൾ മേധാവികൾക്കെതിരെ പൊന്നാനി സ്റ്റേഷനിൽ പരാതി
Mail This Article
മലപ്പുറം ∙ ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജ്, സിഇഒ സുന്ദർ പിച്ചൈ എന്നിവർക്കെതിരെ ഐടി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടു പൊന്നാനി പൊലീസ് സ്റ്റേഷനിൽ പരാതി. മുൻ എസ്പിയുൾപ്പെടെയുള്ള പൊലീസുകാർക്കെതിരെ പീഡന ആരോപണമുന്നയിച്ച യുവതിയാണു പരാതിക്കാരി. രണ്ടു മലയാളം യുട്യൂബ് ചാനലുകൾക്കെതിരെയും കേസെടുക്കണമെന്നു പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി നൽകിയിട്ടും പൊലീസുകാർക്കെതിരെ കേസെടുക്കാൻ തയാറാകുന്നില്ലെന്നാരോപിച്ചു യുവതി നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റിവച്ചിരിക്കുകയാണ്. ഇതിനിടെ, പ്രതികളായ പൊലീസുകാരുടെ നിർദേശപ്രകാരം ഓൺലൈൻ ചാനലുകൾ തനിക്കെതിരെ അപകീർത്തികരമായ വാർത്തകൾ നൽകുന്നുവെന്നു പരാതിയിൽ പറയുന്നു. ഇത്തരം വാർത്തകൾ പരിശോധന കൂടാതെ അപ്‌ലോഡ് ചെയ്യുന്നുവെന്നു കാണിച്ചാണു സുന്ദർ പിച്ചൈക്കും ലാറി പേജിനുമെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
മുട്ടിൽ മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കെതിരെയും യുവതി ആരോപണമുന്നയിച്ചിരുന്നു. മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ നിർദേശപ്രകാരം താൻ വ്യാജ പീഡന പരാതി ഉന്നയിക്കുകയാണെന്ന തരത്തിൽ പ്രചാരണമുണ്ടെന്നു യുവതി പരാതിയിൽ ആരോപിക്കുന്നു. തനിക്ക് മുട്ടിൽ മരംമുറി കേസിനെക്കുറിച്ചോ അതിലെ പ്രതികളെക്കുറിച്ചോ അറിയില്ല. കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട്, പ്രതികളായ പൊലീസുകാർ ഭീഷണിപ്പെടുത്തുന്നതായും യുവതി പറയുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.