ADVERTISEMENT

പത്തനംതിട്ട ∙ സന്തോഷത്തോടെ സ്വീകരിക്കാൻ കാത്തു നിന്നവർക്കു മുന്നിലേക്കു സങ്കടക്കടൽ തീർത്താണു ഇന്നലെ രാവിലെ എഡിഎം നവീൻ ബാബുവിന്റെ മരണ വാർത്തയെത്തിയത്. നവീൻ ബാബു ഏറെക്കാലമായി ആഗ്രഹിച്ച നാട്ടിലേക്കുള്ള സ്ഥലംമാറ്റം കൂടിയായതിനാലാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കാൻ ഭാര്യയും മക്കളും പുലർച്ചെ തന്നെ നേരിട്ടു പോയത്. മലബാർ എക്സ്പ്രസിൽ എത്തുമെന്നാണു വീട്ടുകാരെ അറിയിച്ചിരുന്നത്. എന്നാൽ ഭാര്യയും മക്കളും റെയിൽവേ സ്റ്റേഷനിൽ കാത്തു നിൽക്കുമ്പോൾ നവീൻ ബാബു ഇനിയൊരു മടക്കമില്ലാതെ യാത്രയിലായിരുന്നു. 

   ട്രെയിൻ സ്റ്റേഷൻ കടന്നു പോയിട്ടും നവീൻ ബാബുവിനെ കാണാതിരുന്നതോടെ മഞ്ജുഷ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി.അഖിലിനെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചിരുന്നു. അഖിൽ കണ്ണൂരിലെ ജോയിന്റ് കൗൺസിൽ ഭാരവാഹികളെ അറിയിച്ചു. മരണവിവരം അറിഞ്ഞെങ്കിലും ക്വാർട്ടേഴ്സിന്റെ വാതിൽ തുറന്നു കിടക്കുകയാണെന്നും ഫോൺ റിങ് ചെയ്യുന്നുണ്ടെന്നും മാത്രമാണ് ആദ്യം മഞ്ജുഷയോടു പറഞ്ഞത്. 

   ഇതിനിടെ മഞ്ജുഷയുടെ ബന്ധുവായ ഓമല്ലൂരിലെ ബാലകൃഷ്ണൻ നായരെ മരണവാർത്ത കണ്ണൂരിൽ നിന്ന് വിളിച്ചറിയിച്ചു. ഇദ്ദേഹമാണു വീട്ടിലെത്തി മരണ വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. 

‘തിങ്കൾ രാത്രി 11ന് ശേഷവും നവീനെ ഫോണിൽ വിളിച്ചിരുന്നെന്ന് മഞ്ജുഷ ഇന്നലെ രാവിലെ പറഞ്ഞിരുന്നു. അഴിമതി ആരോപണമുണ്ടായതിനെപ്പറ്റി മഞ്ജുഷയോട് അദ്ദേഹം സംസാരിച്ചിരുന്നു. ധൈര്യമായിരിക്കൂ...നാളെ വീട്ടിലെത്തിയ ശേഷം നമുക്കു ബാക്കി കാര്യങ്ങൾ നോക്കാം എന്നു പറഞ്ഞ് മഞ്ജുഷ അദ്ദേഹത്തെ ആശ്വസിപ്പിച്ചു’– അഖിൽ പറയുന്നു.

   ‘ഔദ്യോഗിക ജീവിതത്തിൽ ഇന്നുവരെ ഒരുതരത്തിലുമുള്ള ആരോപണങ്ങളുമില്ലാതെ ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു നവീൻ ബാബു. ഇപ്പോൾ അദ്ദേഹത്തിനെതിരെ വന്നിരിക്കുന്ന ആരോപണങ്ങൾ വ്യാജമാണ്. മരണശേഷവും നവീനെ വേട്ടയാടുന്ന സമീപനമാണ്. അഴിമതിക്കാരനായി അദ്ദേഹത്തെ ചിത്രീകരിച്ചതിൽ വലിയ വേദനയും ദുഃഖവുമുണ്ട്.’–  ബാലകൃഷ്ണൻ നായർ പറഞ്ഞു.

English Summary:

ADM Naveen Babu's death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com