ADVERTISEMENT

അങ്ങനെ നാലാമത്തെ അടിയന്തര പ്രമേയവും ചർച്ചയ്ക്കെടുക്കാൻ സഭയിൽ സർക്കാർ സന്നദ്ധമായി. ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ തോൽവിക്കും വിവാദ പരമ്പരയ്ക്കുമൊടുവിൽ നഷ്ടപ്പെട്ട ആത്മവീര്യം തിരിച്ചുപിടിക്കാൻ സഭാതലത്തെ തന്ത്രപൂർവം പ്രയോജനപ്പെടുത്തുകയായിരുന്നു ഭരണപക്ഷത്തിന്റെ ലക്ഷ്യം. പക്ഷേ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ എഡിഎമ്മിന്റെ ആത്മഹത്യ ആ കണക്കുകൂട്ടൽ തെറ്റിക്കുന്നതു കണ്ടാണു സഭ പിരിഞ്ഞത്.

വിഷയം സാമ്പത്തിക പ്രതിസന്ധിയാണെങ്കിൽ എല്ലാം കേന്ദ്രത്തിന്റെ തലയിൽ വയ്ക്കാനുള്ള സർക്കാരിന്റെ വ്യഗ്രത പ്രകടമാകും. ‘കേന്ദ്രത്തോട് പൊരുതി ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ത്രാണി ഉണ്ടെന്ന് ആദ്യം തെളിയിക്ക്’ എന്നായി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വെല്ലുവിളി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ മന്ത്രിമാരുടെ സംഘമായി തന്നെ ഡൽഹിയിൽ പോയി തമ്പടിച്ച് കാര്യങ്ങൾ നേടിയെടുക്കുന്ന രീതി അദ്ദേഹം ഓർമിപ്പിച്ചപ്പോൾ കേന്ദ്രത്തിൽ സർക്കാർ കോൺഗ്രസിന്റേത് ആയിരുന്നില്ലേ എന്ന ചോദ്യം മന്ത്രി എ.കെ.ശശീന്ദ്രൻ വക വന്നു. എ.കെ.ആന്റണി മുഖ്യമന്ത്രിയും എ.ബി.വാജ്പേയി പ്രധാനമന്ത്രിയും ആയിരുന്നപ്പോഴും ഇതേ അധ്വാനവും അതിന്റെ ഫലവും ഉണ്ടായിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി.

സാമ്പത്തിക പരിഷ്കാരങ്ങൾ ഓരോ പൗരനും നൽകിയ നേട്ടങ്ങൾക്കു നന്ദി പറഞ്ഞ് രത്തൻ ടാറ്റ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന് എഴുതിയ കത്തും കൊണ്ടാണ് അടിയന്തര പ്രമേയാവതാരകൻ മാത്യു കുഴൽനാടൻ വന്നത്.  റാവുവിന്റെ മൃതദേഹം കോൺഗ്രസ് ആസ്ഥാനത്ത് കൊണ്ടുവരാത്തവരാണു മുതലക്കണ്ണീർ ഒഴുക്കുന്നതെന്ന് വി.കെ.പ്രശാന്തിന്റെ മറുപടി. സുപ്രീംകോടതിയിൽ വരെ വാദിക്കുന്ന കുഴൽനാടൻ കേരളത്തിനു വേണ്ടി ഒരു വാക്കെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നായി കെ.ബാബു (നെന്മാറ). കിഫ്ബിക്കെതിരെ വീറോടെ വാദിച്ചതിന്റെ പിറ്റേന്ന് കിഫ്ബി പദ്ധതികളെക്കുറിച്ച് മണ്ഡലത്തിൽ കുഴൽനാടൻ ബോർഡ് വച്ചെന്നു പി.പി.ചിത്തരഞ്ജന്‍ ആരോപിച്ചു.

ധനമന്ത്രിയുടെ മാനേജ്മെന്റ് മികവ് ജി.എസ്.ജയലാലിനു പറഞ്ഞിട്ട് തീരുന്നില്ല. അപ്പോൾ നമ്മുടെയൊക്കെ എംഎൽഎ ഫണ്ടിൽ കാശുണ്ടോ?– മോൻസ് ജോസഫ് സംശയം ചോദിച്ചു. ചങ്ങനാശേരിയിൽ വികസനത്തിന്റെ പൂക്കാലമാണെന്നു ജോബ് മൈക്കിൾ സാക്ഷ്യപ്പെടുത്തി. വില്ലനെ എതിർക്കാതിരിക്കുകയും ഇരയെ ആക്രമിക്കുകയും ചെയ്യുന്ന സൂപ്പർവില്ലനെ പോലെയാണ് സർക്കാരിനെ പഴി പറയുകയും കേന്ദ്രത്തെ എതിർക്കാതിരിക്കുകയും ചെയ്യുന്ന പ്രതിപക്ഷം എന്നു മാത്യു ടി.തോമസ് കരുതുന്നു.

കേന്ദ്രം അനീതി കാട്ടിയാൽ അതു പറയുക തന്നെ ചെയ്യുമെന്ന് വി.ഡി.സതീശൻ ഉറപ്പു നൽകി. പക്ഷേ സാമ്പത്തിക മാനേജ്മെന്റിൽ ദയനീയ പരാജയമായി മാറിയ സംസ്ഥാനം തന്നെയാണ് ഒന്നാം പ്രതി. നികുതി, നികുതിയിതര വരുമാനത്തിൽ ഉണ്ടായ വർധനയുടെയും റവന്യു, ധനകമ്മികളിൽ ഉണ്ടായ കുറവിന്റെയും കണക്കുകൾ ഹാജരാക്കി മന്ത്രി കെ.എൻ.ബാലഗോപാൽ ആക്ഷേപങ്ങളെ നേരിട്ടു. അതിനിടയിലാണ് പി.പി.ദിവ്യയുടെ വാക്കുകൾക്കെതിരെ പ്രതിപക്ഷം പ്രതിഷേധത്തിര സൃഷ്ടിച്ചത്. സഭ പിരിഞ്ഞതും പുറത്ത് ഉപതിരഞ്ഞെടുപ്പിന്റെ കാഹളമായി.

∙ ഇന്നത്തെ വാചകം

ഹെലികോപ്റ്ററിന് 9 കോടി കൊടുത്തോട്ടെ, പക്ഷേ എന്റെ മണ്ഡലത്തിലെ 5 സ്കൂളുകൾക്കായി വാങ്ങിയ ബസിനു കൊടുക്കാനുള്ള 90 ലക്ഷം ഇല്ലാത്തതു കൊണ്ട് കമ്പനി അതു തിരിച്ചെടുക്കുന്നതും ധനമന്ത്രി അറിയണം. - എ.പി.അനിൽകുമാർ (കോൺഗ്രസ്)

English Summary:

Kerala assembly naduthalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com