ADVERTISEMENT

കണ്ണൂർ ∙ ചെങ്ങളായി പഞ്ചായത്തിലെ നെടുവാലൂർ ചേരൻകുന്നിൽ പെട്രോൾ പമ്പിനായി അനുമതി തേടിയ ടി.വി.പ്രശാന്തന് നിരാക്ഷേപ പത്രം (എൻഒസി) വൈകിച്ചത് സ്ഥലത്തുള്ള കൊടുംവളവ്. ചേരൻകുന്ന് സെന്റ് ജോസഫ്സ് പള്ളിയുടെ ഇടതുവശത്തായുള്ള 40 സെന്റ് സ്ഥലമാണ് പെട്രോൾ പമ്പ് തുടങ്ങാനായി പ്രശാന്തൻ പാട്ടത്തിനെടുത്തിരുന്നത്.

ചേരൻകുന്നിലെ പഴയ പള്ളിക്കും പുതിയ പള്ളിക്കും ഇടയിലുള്ള ഭാഗത്ത് കൊടുംവളവുണ്ട്. പുതിയ പള്ളിക്കു മുൻവശത്ത് റോഡ് നേരെയാണെങ്കിലും പെട്രോൾ പമ്പിനായി കണ്ടെത്തിയ ഭാഗത്തും ചെറിയ വളവുണ്ട്. ഇരുവശത്തെയും വളവുകളിൽ തട്ടിയാണ് അനുമതി വൈകിയതെന്ന് പ്രശാന്തന്റെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും സംഭാഷണങ്ങളിൽനിന്നു വ്യക്തം.

വളവുള്ള ഭാഗത്ത് പെട്രോൾ പമ്പ് വന്നാൽ പമ്പിലേക്കു വാഹനങ്ങൾ ഇറങ്ങുമ്പോഴും കയറുമ്പോഴും അപകടങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ പൊലീസ്, പൊതുമരാമത്തു വകുപ്പുകളിൽനിന്ന് എൻഒസി ലഭിക്കാൻ പ്രയാസമാണ്. പൊലീസിൽ നിന്നുള്ള എൻഒസി വൈകിയെന്ന കാര്യം പ്രശാന്തനും മറ്റൊരു സംരംഭകനുമായുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നുമുണ്ട്. സ്ഥലത്തു വളവുണ്ടെന്ന കാര്യം എഡിഎം പറഞ്ഞതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ പ്രസംഗത്തിലും പറയുന്നുണ്ട്.

8 വകുപ്പ് സമ്മതിക്കണം; പിന്നാലെ എഡിഎമ്മും

പെട്രോൾ പമ്പിന് അനുമതി ലഭിക്കാൻ വില്ലേജ് ഓഫിസ്, തദ്ദേശ വകുപ്പ്, പൊതുമരാമത്ത്, സിവിൽ സപ്ലൈസ്, ഫയർ ആൻഡ് സേഫ്റ്റി, പൊലീസ്, ക്രൈംബ്രാഞ്ച്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിങ്ങനെ 8 വകുപ്പുകളിൽ നിന്നുള്ള എൻഒസി ആവശ്യമാണ്. ഇവയെല്ലാം ലഭിച്ചാൽ എഡിഎം നേരിട്ടു സ്ഥലപരിശോധന നടത്തിയാണ് അന്തിമമായി നിരാക്ഷേപ പത്രം (എൻഒസി) നൽകുക.

ഇതിൽ ഏതെങ്കിലും വകുപ്പിൽ നിന്നുള്ള എൻഒസി വൈകിയാൽ എഡിഎമ്മിന് എൻഒസി നൽകാൻ സാധിക്കില്ല. എല്ലാ വകുപ്പുകളും എൻഒസി നൽകിയാൽ എഡിഎമ്മിന് അകാരണമായി എൻഒസി നൽകാതിരിക്കാനും കഴിയില്ല. പ്രശാന്തൻ പമ്പ് തുടങ്ങാനിരുന്ന സ്ഥലം എഡിഎം സന്ദർശിച്ചു കാര്യങ്ങൾ വിലയിരുത്തിയതായി സംഭാഷണങ്ങളിൽ വ്യക്തമാകുന്നുണ്ട്. പമ്പിന് അപേക്ഷിക്കുന്നവരുടെ സാമ്പത്തികസ്ഥിതി, ഫിക്സഡ് ഡിപ്പോസിറ്റ് തുടങ്ങിയവയൊക്കെ കമ്പനികൾ പരിശോധിക്കാറുണ്ട്. ഇവയ്ക്കു നിശ്ചിത പോയിന്റുകളുമുണ്ട്.

പമ്പിനായി ഫയൽനീക്കം: റവന്യു വകുപ്പ് അന്വേഷിക്കും

തിരുവനന്തപുരം ∙ കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടു ശ്രീകണ്ഠപുരത്തിനു സമീപം ചെങ്ങളായിയിലെ പെട്രോൾ പമ്പിനു നിരാക്ഷേപപത്രം (എൻഒസി) നൽകിയതിന്റെ ഫയൽ നീക്കത്തെക്കുറിച്ചു റവന്യു വകുപ്പ് അന്വേഷിക്കും. ഇതു സംബന്ധിച്ച് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി കണ്ണൂർ ജില്ലാ കലക്ടർക്കു നിർദേശം നൽകി. 

നവീൻ ബാബുവിന്റെ യാത്രയയപ്പു യോഗത്തിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ പ്രസംഗത്തിൽ ഫയൽ പിടിച്ചുവച്ചതായി ആക്ഷേപം ഉന്നയിക്കുകയും കൈക്കൂലി നൽകിയതായി പരാതി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് അന്വേഷണം.

കൈക്കൂലി ആരോപണം സംബന്ധിച്ച് ആഭ്യന്തര വകുപ്പിനു കീഴിലെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിക്കും മുൻപാണ് റവന്യു വകുപ്പും അന്വേഷണത്തിനു നിർദേശം നൽകിയത്. എൻഒസി സംബന്ധിച്ച ഫയൽ റവന്യു വകുപ്പിൽ തീർപ്പാക്കാനെടുത്ത കാലയളവ്, സാധാരണയിൽ കൂടുതൽ സമയം ഇതിനായി വേണ്ടി വന്നോ, അതിലേക്കു നയിച്ച കാരണങ്ങൾ, പെട്രോൾ പമ്പിനു മറ്റു വകുപ്പുകൾ എൻഒസി നൽകിയത് ഏതൊക്കെ സമയത്താണ്, അതിൽ എന്തെങ്കിലും തടസ്സവാദങ്ങൾ ഉന്നയിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണു പരിശോധിക്കുക. 

പെട്രോൾ പമ്പ് അനുമതി പരിശോധിക്കാൻ സുരേഷ് ഗോപി

എഡിഎമ്മിന്റെ മരണത്തെത്തുടർന്നു ജീവനക്കാർ എത്താതിരുന്ന കണ്ണൂർ കലക്ടറേറ്റിലെ സെക്‌ഷൻ ഓഫിസ് ഒഴിഞ്ഞുകിടക്കുന്നു.
എഡിഎമ്മിന്റെ മരണത്തെത്തുടർന്നു ജീവനക്കാർ എത്താതിരുന്ന കണ്ണൂർ കലക്ടറേറ്റിലെ സെക്‌ഷൻ ഓഫിസ് ഒഴിഞ്ഞുകിടക്കുന്നു.

തിരുവനന്തപുരം ∙ കണ്ണൂരിൽ എഡിഎമ്മിന്റെ മരണത്തിനിടയാക്കിയ വിവാദത്തിലുൾപ്പെട്ട പെട്രോൾ പമ്പിന്റെ അലോട്മെന്റ് റദ്ദാക്കണമെന്ന ആവശ്യം പരിശോധിക്കാൻ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. എൻഒസി ലഭിക്കാൻ കൈക്കൂലി നൽകിയെന്നു ലൈസൻസിയായ പ്രശാന്തൻ സമ്മതിച്ച സാഹചര്യത്തിൽ അലോട്മെന്റ് റദ്ദാക്കണമെന്ന് എഐസിസി ഗവേഷണ വിഭാഗം കേരള ഘടകം ചെയർമാൻ ബി.എസ്.ഷിജുവാണു പരാതി  നൽകിയത്. 

English Summary:

Chengalayi Petrol pump: NOC was delayed due to sharp bend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com