ADVERTISEMENT

തിരുവല്ല ∙ പാതയോരത്തെ കുഴിയിൽ നിന്നെടുത്ത് റോഡിൽ കൂട്ടിയിട്ട മൺകൂന മൂലം ചൊവ്വ രാത്രി എംസി റോഡിലെ പെരുന്തുരുത്തിയിൽ 4 മണിക്കൂറിനുള്ളിൽ നടന്നത് 2 അപകടങ്ങൾ. 5 പേർക്ക് പരുക്കേറ്റു. അഞ്ചും എട്ടും വയസ്സുള്ള കുട്ടികൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്

കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ കുറിച്ചി കളത്തിൽ മനുവിന്റെ ഭാര്യ വിനീത മനുവും (39) മകൾ മിലിയയും തിരുമൂലപുരത്തെ വീട്ടിൽ നിന്ന് കുറിച്ചിയിലേക്കു പോകുന്ന വഴി രാത്രി 7നാണ് ആദ്യ അപകടം. ചങ്ങനാശേരി ഭാഗത്തുനിന്നു വന്ന ഓട്ടോറിക്ഷ റോഡിലെ മൺകൂനയിൽ കയറാതിരിക്കാൻ പെട്ടെന്നു വലത്തേക്കു വെട്ടിച്ചപ്പോൾ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. 

 മിലിയയ്ക്കു ഇന്നലെ ന്യൂറോ സർജറിയും തുടർന്ന് പ്ലാസ്റ്റിക് സർജറിയും നടത്തേണ്ടിവന്നു. വിനീതയ്ക്ക് മുഖത്തും തോളെല്ലിനും പരുക്കേറ്റു.

കൊച്ചിയിൽനിന്ന് അഞ്ചലിലെ വീട്ടിലേക്കു പോകുകയായിരുന്ന വിളക്കുപാറ സലിം ഭവനിൽ ഫൈസൽ (31), ഭാര്യ റസിയ (30), മകൻ ആദം (5) എന്നിവരാണു രാത്രി 11 മണിയോടെ അപകടത്തിൽപെട്ടത്.

കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചപ്പോൾ മൺകൂനയുടെ മുകളിൽ കയറി ബൈക്ക് മറിയുകയായിരുന്നു. പരുക്കേറ്റ ആദം ശസ്ത്രക്രിയയ്ക്കു ശേഷം ഐസിയുവിലാണ്. പരുക്കേറ്റ ഫൈസലും റസിയയും ആശുപത്രിയിലാണ്.

ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയത് പരിഹരിക്കാൻ വെള്ളിയാഴ്ചയാണ് ആറടിയോളം ആഴത്തിൽ കുഴിച്ചത്. മണ്ണ് റോഡിലേക്കാണ് ഇട്ടത്.

 മണ്ണും കുഴിയും ഉണ്ടെന്നുള്ളതിന്റെ മുന്നറിയിപ്പും സ്ഥാപിച്ചില്ല. കുഴിയെടുത്തപ്പോൾ ബിഎസ്എൻഎല്ലിന്റെയും സ്വകാര്യ കമ്പനിയുടെയും കേബിളുകൾ തകരാറിലായതിനാൽ കുഴി മൂടിയില്ല.

തെരുവു വിളക്കുകളും കടകളും ഇവിടെയില്ല. രാത്രി വരുന്ന വാഹനങ്ങൾ‌ അടുത്ത് എത്തുമ്പോഴാണു കുഴിയും മണ്ണും കാണാൻ കഴിയുന്നത്. ഇന്നലെ രാവിലെ തിരുവല്ല ട്രാഫിക് പൊലീസ് എത്തി സുരക്ഷാ റിബൺ കെട്ടി.

English Summary:

Negligence in road maintenance leads to serious accidents on MC roads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com