പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് എം.വി.ഗോവിന്ദൻ; അന്വേഷണം ഇഴയുന്നതിൽ അടിമുടി ദുരൂഹത
Mail This Article
കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങൾ നടന്നിട്ട് ഒരാഴ്ചയാകുമ്പോഴും അന്വേഷണം ഇഴയുന്നതിൽ അടിമുടി ദുരൂഹത. എഡിഎം അഴിമതിക്കാരനാണെന്നു വരുത്താനാണോ അതോ അദ്ദേഹത്തിന്റെ മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നിലെത്തിക്കാനാണോ അന്വേഷണമെന്ന ചോദ്യമാണ് ഉയരുന്നത്.
പൊലീസ് ശേഖരിക്കുന്ന വിവരങ്ങളും മൊഴിയെടുപ്പിൽ ജീവനക്കാരോടുള്ള ചോദ്യങ്ങളുമാണു സംശയത്തിന് ആധാരം. എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നു കരുതുന്ന പ്രസംഗം നടത്തിയ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയോട് പൊലീസ് കാണിക്കുന്ന കരുതൽ സംശയത്തിന് ആക്കം കൂട്ടുന്നു.
ജാമ്യമില്ലാ വകുപ്പ് ചുമത്തിയെങ്കിലും ദിവ്യയെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പൊലീസ് തയാറായിട്ടില്ല. ദിവ്യയുടെ പ്രസംഗം കാരണം എഡിഎം ആത്മഹത്യ ചെയ്യാൻ ഇടയുണ്ടോ എന്ന ചോദ്യം പൊലീസ് ചോദിക്കുന്നത് കേസ് വഴിതിരിച്ചു വിടാനാണെന്നു ജീവനക്കാർ സംശയിക്കുന്നു.
അഴിമതി നിരോധന നിയമപ്രകാരം കുറ്റകൃത്യത്തിൽ പങ്കാളിയായെന്നു സ്വയം സമ്മതിച്ച സംരംഭകനായ പ്രശാന്തിനോടും മൃദു സമീപനമാണു സ്വീകരിക്കുന്നത്. ഇയാൾ പരിയാരം ഗവ. മെഡിക്കൽ കോളജ് ജീവനക്കാരനാണെന്നു വ്യക്തമായിട്ടും വകുപ്പുതലത്തിലും അന്വേഷണമില്ല. സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചോ ബെനാമി ആരോപണം സംബന്ധിച്ചോ അന്വേഷിച്ചില്ല.
പള്ളിക്കുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ ക്യാമറയിൽ എഡിഎമ്മും പരാതിക്കാരനും തമ്മിൽ കാണുന്ന ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നതിനു മുൻപേ പുറത്തുവന്നതും എഡിഎമ്മിനെ തെറ്റുകാരനായി ചിത്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നു ബന്ധുക്കൾ കരുതുന്നു. കലക്ടറുടെ നിലപാടിലും ഇവർ ദുരൂഹത ആരോപിക്കുന്നുണ്ട്.
പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം: എം.വി.ഗോവിന്ദൻ
കണ്ണൂരിലായാലും പത്തനംതിട്ടയിലായാലും കേരളത്തിൽ സിപിഎമ്മിന് ഒരേ നിലപാടേയുള്ളൂ എന്നും അതു നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം നിൽക്കുക എന്നതാണെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിക്കാൻ മലയാലപ്പുഴയിലെ വീട്ടിലെത്തിയതായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയെ ആ സ്ഥാനത്തുനിന്നു മാറ്റുക എന്നതാണു പ്രധാനപ്പെട്ട നടപടി. ആ നടപടി സ്വീകരിച്ചു കഴിഞ്ഞു.
ദിവ്യ ഇപ്പോഴും ജില്ലാ കമ്മിറ്റി അംഗമായി തുടരുകയാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ ഇപ്പോൾ പറഞ്ഞതാണ് പാർട്ടിയുടെ അവസാന വാക്കെന്നും അദ്ദേഹം പ്രതികരിച്ചു. നവീൻബാബുവിന്റെ ഭാര്യയോടും മക്കളോടും സംസാരിച്ചു. നിയമപരമായ പരിരക്ഷ കിട്ടണമെന്നും കുറ്റക്കാർ ആരായാലും അവർക്ക് ശിക്ഷ ലഭിക്കണമെന്നുമാണ് കുടുംബാംഗങ്ങൾ പറഞ്ഞത്. അവരുടെ വേദനയ്ക്കൊപ്പമാണ് പാർട്ടി.