ഭാര്യയുടെയും സഹോദരന്റെയും നമ്പർ അയച്ചുകൊടുത്ത് നവീൻ; ക്വാർട്ടേഴ്സിനു രണ്ടു താക്കോൽ; ഒന്ന് എഡിഎം വശം
Mail This Article
കണ്ണൂർ∙ എഡിഎം കെ.നവീൻ ബാബു അവസാനമായി മൊബൈലിൽ സന്ദേശം അയച്ചത് ഹുസൂർ ശിരസ്തദാർ പ്രേംരാജ്, ജൂനിയർ സൂപ്രണ്ട് പ്രേമൻ എന്നിവർക്ക്. 15ന് പുലർച്ചെ 4.58ന് വാട്സാപ്പിൽ ഭാര്യ മഞ്ജുള, സഹോദരൻ പ്രവീൺ ബാബു എന്നിവരുടെ മൊബൈൽ നമ്പരുകളാണ് അയച്ചുകൊടുത്തത്. 15ന് പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്ന സൂചനയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുമുള്ളത്. പ്രേംരാജ്, പ്രേമൻ, എഡിഎമ്മിന്റെ ഡ്രൈവർ എം.ഷംസുദ്ദീൻ എന്നിവരുടെ മൊഴി സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി രേഖപ്പെടുത്തി.
നവീൻ ബാബു താമസിച്ചിരുന്ന ഗസറ്റഡ് ഓഫിസേഴ്സ് ക്വാർട്ടേഴ്സിനു 2 താക്കോൽ ഉണ്ടായിരുന്നു. 14ന് വൈകിട്ടു യാത്രയയപ്പ് ചടങ്ങു കഴിഞ്ഞ് അദ്ദേഹം പോകുമ്പോൾ ഒരു താക്കോൽ ഡ്രൈവർ ഷംസുദ്ദീനെ ഏൽപിച്ചു. മറ്റൊന്നു കയ്യിൽവച്ചു. രാത്രി 8.55നു ചെങ്ങന്നൂരിലേക്കു പുറപ്പെടേണ്ടിയിരുന്ന നവീൻ ബാബു ട്രെയിനിൽ കയറാതെ ക്വാർട്ടേഴ്സിലേക്കു മടങ്ങിയത് എപ്പോൾ, എങ്ങനെ എന്ന് ഇപ്പോഴും വ്യക്തമല്ല.
നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടത് ഷംസുദ്ദീനും കലക്ടറുടെ ഗൺമാനും ക്വാർട്ടേഴ്സിനു സമീപം താമസിക്കുന്ന മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുമായിരുന്നു. ഡ്രൈവർ എത്തുമ്പോൾ വീട് തുറന്നിട്ട നിലയിലായിരുന്നു.