സ്വന്തം വൈദ്യുതി നേരിട്ടു വിൽക്കാം; ഉപയോഗശേഷമുള്ളത് കൈമാറാൻ പദ്ധതി
Mail This Article
തിരുവനന്തപുരം ∙ ഗാർഹിക സോളർ ഉൽപാദകർ (പ്രൊസ്യൂമർ) ഉൾപ്പെടെ ചെറുകിട വൈദ്യുതി ഉൽപാദകർക്ക് സ്വന്തം ഉപയോഗശേഷമുള്ള വൈദ്യുതി മറ്റു ഉപഭോക്താക്കൾക്ക് നിശ്ചിത നിരക്കിൽ വിൽക്കാൻ വഴിയൊരുക്കുന്ന കമ്യൂണിറ്റി ഗ്രിഡ് മാപ്പിങ് സംവിധാനം വരുന്നു. പകൽ സമയത്ത് അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി, ഗ്രിഡിലേക്കു വാങ്ങി വില നൽകുന്നതിൽനിന്ന് ഒഴിവാകാൻ കെഎസ്ഇബിക്കും മെച്ചപ്പെട്ട വിലയ്ക്ക് ഉപഭോക്താക്കളെ കണ്ടെത്തി വിൽക്കാൻ പ്രൊസ്യൂമറിനും സാധിക്കും.
സ്മാർട് ഗ്രിഡ് എന്നറിയപ്പെടുന്ന സംവിധാനം ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ വിജയമായതോടെയാണ് നടപടി. തിരുവനന്തപുരം ഡിവിഷനിലെ 4 സബ് ഡിവിഷനുകളിലായി 15 സെക്‌ഷൻ ഓഫിസുകളുടെ പരിധിയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുക. തുടർന്ന് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. സ്വന്തം ആവശ്യം കഴിഞ്ഞ് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയാണ് പ്രൊസ്യൂമറിന് അതേ ട്രാൻസ്ഫോമറിനു കീഴിലെ ആവശ്യക്കാരനു വിൽക്കാൻ കഴിയുക. വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ചിട്ടുള്ള നിരക്കിനുള്ളിലാകണം വിൽപന.
വൈദ്യുതി കൈമാറ്റം ഇങ്ങനെ
നിലവിൽ ഒരു മെഗാവാട്ടിൽ കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നവരും ഉപയോഗിക്കുന്നവരും തമ്മിൽ ഓപ്പൺ ആക്സസ് സംവിധാനം വഴി വൈദ്യുതി വിൽപനയ്ക്ക് അംഗീകാരമുണ്ട്. അതിന് കെഎസ്ഇബിയുടെ വൈദ്യുതി ലൈൻ ഉപയോഗിക്കാൻ വീലിങ് ചാർജ് നൽകേണ്ടി വരും. ഉൽപാദനം കുറയുമ്പോഴും ഫിക്സഡ് ചാർജ് നൽകണം.
ഇത് ഒഴിവാക്കി ചെറുകിട ഉൽപാദകർക്കും ഉപഭോക്താക്കൾക്കും വിൽപനയ്ക്കു സൗകര്യം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബാറ്ററി വച്ചാൽ, കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന പകൽ സമയത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് സംഭരിച്ചു രാത്രിയിൽ ഉപയോഗിക്കാനാകും. ഉൽപാദകരോട് ഉപഭോക്താക്കൾ ഓൺലൈനായി ആവശ്യപ്പെടുമ്പോൾ, ഗ്രിഡിലേക്കു കൈമാറുന്ന വൈദ്യുതിയുടെ അളവ് അനുസരിച്ച് കെഎസ്ഇബി നൽകും.