ഗാർഡ് ഓഫ് ഓണറിന് ബ്യൂഗിൾ ഇല്ലാതെ പൊലീസ്; സല്യൂട്ട് ഒഴിവാക്കി ഗവർണർ
Mail This Article
പത്തനംതിട്ട ∙ പ്രോട്ടോക്കോൾ ലംഘനമെന്നു കണ്ടതോടെ ഗാർഡ് ഓഫ് ഓണർ ഒഴിവാക്കി ഗവർണർ. ബ്യൂഗിൾ ഇല്ലാതെ ഗാർഡ് ഓഫ് ഓണർ നൽകാനെത്തി വെട്ടിലായി പൊലീസ്. പത്തനംതിട്ട പൊതുമരാമത്തു ഗെസ്റ്റ് ഹൗസിൽ പൊലീസ് നൽകിയ ഗാർഡ് ഓഫ് ഓണറിലാണു പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൊലീസിന്റെ സല്യൂട്ട് ഒഴിവാക്കിയത്.
സെഡ് പ്ലസ് സുരക്ഷാ കാറ്റഗറിയിൽപെടുന്ന ഗവർണർക്ക് ഗാർഡ് ഓഫ് ഓണർ നൽകുമ്പോൾ പ്രോട്ടോക്കോൾ പ്രകാരം ബ്യൂഗിൾ ആവശ്യമാണ്. ബ്യൂഗിൾ വായിക്കാതെ സല്യൂട്ട് പൂർണമാകില്ല.
ബ്യൂഗിൾ വായിക്കാൻ ആളില്ലെന്ന കാര്യം രാജ്ഭവൻ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടതോടെ പൊലീസിനോട് കാരണം തിരക്കി. ബ്യൂഗിൾ വായിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സാ അവധിയിലാണെന്ന വിശദീകരണമാണ് ഇവർ നൽകിയത്.
പത്തനംതിട്ടയിൽ ബ്യൂഗിൾ വായിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ വിരമിച്ചിട്ട് 3 വർഷത്തിലേറെയായി. പകരം ആളെ നിയമിച്ചിട്ടില്ല. ഇതിനാൽ അടൂർ പൊലീസ് ക്യാംപിലെ വ്യക്തിയെയാണു ചുമതലപ്പെടുത്തിയത്. ഇദ്ദേഹം പനി മൂലം അവധിയെടുത്തതോടെ പകരം ആളില്ലാതെ വന്നു.