ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറയുന്നതു സംബന്ധിച്ച വിലയിരുത്തലുകൾ വസ്തുതാപരമല്ലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ്. ജനസംഖ്യ കുറയുന്നതിന് അനുസരിച്ചുള്ള കുറവ് മാത്രമാണ് ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിലും പ്രതിഫലിക്കുന്നതെന്നും 2 മുതൽ 10 വരെ ക്ലാസുകളിൽ ഈ അധ്യയന വർഷം കൂടുതൽ കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. അടിസ്ഥാനസൗകര്യ വികസനമുണ്ടായിട്ടും പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നതിന്റെ കാരണം വ്യക്തമാക്കി റിപ്പോർട്ട് നൽ‌കാൻ സംസ്ഥാന ബാലാവകാശ കമ്മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിനോട് ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണം. 

‘2019 ൽ ജനിച്ച കുട്ടികളാണ് ഈ വർഷം ഒന്നാം ക്ലാസിൽ ചേർന്നത്. 2009 ൽ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത ജനനം 5.5 ലക്ഷം ആയിരുന്നെങ്കിൽ 2019ൽ അത് 4.8 ലക്ഷമായി. 10 വർഷം കൊണ്ട് 70,000 കുട്ടികളുടെ കുറവാണ് വാർഷിക കണക്കിൽ ഉണ്ടായത്. ആ കുറവ് ഒന്നാം ക്ലാസിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിലും സ്വാഭാവികമായും പ്രതിഫലിക്കും. കഴിഞ്ഞ മാർച്ചിൽ 4.03 ലക്ഷം കുട്ടികൾ 10–ാം ക്ലാസ് പഠനം പൂർത്തിയാക്കിയ സ്ഥാനത്ത് ഈ അധ്യയന വർഷം ഒന്നാം ക്ലാസിൽ എത്തിച്ചേർന്നത് 2.51 ലക്ഷം കുട്ടികളാണ്. കേരളത്തിൽ ജനിച്ച എല്ലാ കുട്ടികളും ഇവിടെ പഠിക്കണമെന്നില്ല. മറ്റു സംസ്ഥാനങ്ങളിൽ ജനിച്ച കുട്ടികൾ കേരളത്തിൽ പഠിക്കുന്നുമുണ്ട്. കഴിഞ്ഞ അധ്യയന വർഷം ഒന്നു മുതൽ 9 വരെ ക്ലാസുകളിൽ 30.02 ലക്ഷം കുട്ടികളാണ് പഠിച്ചിരുന്നത്. എന്നാൽ ഈ അധ്യയന വർഷം 2 മുതൽ 10 വരെ ക്ലാസുകളിലുള്ളത് 30.37 ലക്ഷം കുട്ടികളാണ്. 2 മുതൽ 10 വരെ ക്ലാസുകളിലായി 35000 കുട്ടികൾ കൂടുതലായി എത്തിയെന്നാണ് ഇത് വ്യക്തമാക്കുന്നത്’– മന്ത്രി ചൂണ്ടിക്കാട്ടി. 

English Summary:

State Education Department Challenges Claims of Declining Public School Enrollment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com