സർക്കാരിന്റെ മൂക്കിനു താഴെ നോക്കുകൂലി; സെക്രട്ടേറിയറ്റിന് തൊട്ടടുത്ത് 15,000 രൂപ നോക്കുകൂലി വാങ്ങി സിഐടിയു
Mail This Article
തിരുവനന്തപുരം ∙ നോക്കുകൂലി ഇല്ലാതാക്കിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും സെക്രട്ടേറിയറ്റിനു തൊട്ടടുത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ സാധനങ്ങൾ ഇറക്കുന്നതിന് നോക്കുകൂലി വാങ്ങി സിഐടിയു യൂണിയനിലെ ചുമട്ടുതൊഴിലാളികൾ. ശ്രീകാര്യത്തെ സ്വകാര്യ സ്ഥാപനത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പരാതി ശരിയാണെന്നു ബോധ്യപ്പെട്ടു. തുടർന്ന് സ്റ്റാച്യു പൂളിലെ 10 സിഐടിയു തൊഴിലാളികളുടെ അംഗത്വം ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് സസ്പെൻഡ് ചെയ്തു.
തമിഴ് സിനിമയുടെ ഷൂട്ടിങ്ങിന് സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിച്ച സ്റ്റേജ് നിർമാണ സാധനങ്ങൾ ഇറക്കുന്നതിന് 15,000 രൂപയാണ് തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടത്.
വാഹനത്തിൽ നിന്നു സാധനങ്ങൾ ഇറക്കുന്നതിന് സ്വന്തം തൊഴിലാളികൾ ഉണ്ടെന്ന് അറിയിച്ചെങ്കിലും പണം കിട്ടിയിട്ടേ സാധനങ്ങൾ ഇറക്കാൻ കഴിയൂ എന്ന നിലപാടിലായിരുന്നു തൊഴിലാളികൾ. പണം നൽകിയ ശേഷം മന്ത്രിയുടെ ഓഫിസിൽ സ്വകാര്യ സ്ഥാപന അധികൃതർ പരാതി നൽകി. ബോർഡ് സൂപ്രണ്ട് നടത്തിയ അന്വേഷണത്തിലാണ് നോക്കുകൂലി ആരോപണം ശരിയാണെന്നു തെളിഞ്ഞത്.