ഡിഎ കുടിശിക: ഉത്തരവിൽ വ്യക്തതയില്ല; പങ്കാളിത്ത പെൻഷൻകാർക്കു പെൻഷനിലും നഷ്ടം
Mail This Article
തിരുവനന്തപുരം ∙ 3% ക്ഷാമബത്ത (ഡിഎ) അനുവദിച്ചെങ്കിലും ഇതിന്റെ 40 മാസത്തെ കുടിശിക നൽകിയില്ലെങ്കിൽ സർക്കാർ ജീവനക്കാർക്കു നഷ്ടമാകുന്നത് ആയിരക്കണക്കിനു രൂപ. ഒരു ലക്ഷത്തിലേറെ നഷ്ടപ്പെടുന്ന ജീവനക്കാരുമുണ്ട്. 2021 ജൂലൈ 1 മുതൽ ശമ്പളത്തോടൊപ്പം കിട്ടേണ്ട 3% ഡിഎ ആണു മന്ത്രി കെ.എൻ.ബാലഗോപാൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതെന്നാണു പൊതുവായ വിലയിരുത്തൽ.
ധനവകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിലാകട്ടെ ഏതു കാലയളവിലെ ഡിഎ ആണ് അനുവദിച്ചതെന്നു വ്യക്തമാക്കിയിട്ടില്ല. സർക്കാർ ഇനി പുറത്തിറക്കുന്ന ഉത്തരവിലും ഇതു സൂചിപ്പിക്കാൻ സാധ്യതയില്ല. ഏതു കാലയളവിലെ ഗഡുവാണു നൽകിയതെന്നു വ്യക്തമാക്കിയാൽ കുടിശിക നൽകാൻ സർക്കാർ ബാധ്യസ്ഥരാകും.
കഴിഞ്ഞ ഏപ്രിലിൽ 2% ഡിഎ അനുവദിച്ചപ്പോഴും ഏതു കാലയളവിലേതാണെന്ന് അറിയിപ്പിലോ ഉത്തരവിലോ ചൂണ്ടിക്കാട്ടിയിരുന്നില്ല. എന്നാൽ, 2% എന്നത് 2021 ജനുവരി മുതൽ ലഭിക്കേണ്ട ഡിഎ ആയതിനാൽ ആ ഗഡു തന്നെയാണെന്നു വ്യക്തം. ഡിഎ കുടിശിക ആവശ്യപ്പെട്ടു സർവീസ് സംഘടനകൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയും കോടതിയെയും സമീപിച്ചതു കൂടി കണക്കിലെടുത്താണ് സർക്കാർ ഡിഎ പ്രഖ്യാപനങ്ങളിലും ഉത്തരവുകളിലും ഇൗ ഒളിച്ചുകളി തുടരുന്നത്.
ഇന്നലെ ട്രൈബ്യൂണൽ കേസ് പരിഗണിക്കുന്നതു കൂടി കണക്കിലെടുത്താണ് തലേന്ന് ഒരു ഗഡു ഡിഎ പ്രഖ്യാപിച്ചതെന്നും സൂചനയുണ്ട്. കഴിഞ്ഞ തവണ 39 മാസത്തെ കുടിശികയാണ് സർക്കാർ ജീവനക്കാർക്കു നഷ്ടമായത്. ഇപ്പോൾ പ്രഖ്യാപിച്ച 3% ഡിഎയുടെ കുടിശിക ലഭിച്ചില്ലെങ്കിൽ തസ്തികയുടെ സ്വഭാവം അനുസരിച്ച് 27,600 രൂപ മുതൽ 1,68,600 രൂപ വരെ ജീവനക്കാർക്കു നഷ്ടപ്പെടും.
ഡിഎ കുടിശിക നൽകിയില്ലെങ്കിൽ പങ്കാളിത്ത പെൻഷൻകാരുടെ പെൻഷൻ അക്കൗണ്ടിലേക്കു പോകേണ്ട സർക്കാർ വിഹിതവും ജീവനക്കാരുടെ വിഹിതവും നഷ്ടപ്പെടും. ഇത് ഭാവിയിൽ പെൻഷൻ തുകയെയും കാര്യമായി ബാധിക്കും. പങ്കാളിത്ത പെൻഷൻകാർക്ക് ഇപ്പോൾത്തന്നെ തുച്ഛമായ തുകയാണു ലഭിക്കുന്നത്..
പെൻഷൻകാർക്കും നഷ്ടം
ക്ഷാമാശ്വാസ കുടിശിക വിതരണത്തിന്റെ കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കാത്തതിനാൽ പെൻഷൻകാർക്കും വൻ തുക നഷ്ടപ്പെടും. ആറര ലക്ഷം പെൻഷൻകാരാണ് സംസ്ഥാനത്തുള്ളത്. ഏറ്റവും കുറഞ്ഞ പെൻഷൻ 11,500 രൂപയാണ്. കൂടിയ പെൻഷൻ 83,400 രൂപയും. 40 മാസത്തെ കുടിശികയായി പെൻഷൻകാർക്ക് 13,800 രൂപ മുതൽ 1,00,080 രൂപ വരെ ലഭിക്കേണ്ടതാണ്.