തോമസ് വഴി വേരുപടർത്താൻ അജിത് പവാർ
Mail This Article
തിരുവനന്തപുരം ∙ പിളർപ്പിനു ശേഷം എൻസിപിക്ക് മന്ത്രിസഭാ പ്രാതിനിധ്യമുള്ള സംസ്ഥാനം എന്ന നിലയിൽ കേരളത്തിൽ വേരുറപ്പിക്കാൻ നടത്തിയ നീക്കത്തിന്റെ ഭാഗമായിട്ടാണ് അന്ന് വിമത വേഷത്തിലായിരുന്ന തോമസ് കെ.തോമസിനെ അജിത് പവാർ പക്ഷം ബന്ധപ്പെട്ടതെന്ന് വിവരം.
പാർട്ടിക്കു പ്രാതിനിധ്യമുള്ള സംസ്ഥാനങ്ങളിൽ ശക്തി സമാഹരണത്തിന് ശരദ് പവാർ– അജിത് പവാർ പക്ഷങ്ങൾ കൊണ്ടുപിടിച്ച നീക്കം നടത്തിയിരുന്നു. കോടതിയിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു മുൻപാകെയും ഉള്ള കേസുകളിലും ഇരുവിഭാഗത്തിനും ശക്തി തെളിയിക്കേണ്ടതുണ്ടായിരുന്നു.
സംസ്ഥാന നേതൃത്വത്തോട് പരസ്യമായി ഉടക്കിലായിരുന്ന തോമസ് കെ.തോമസിനെ അവർ ബന്ധപ്പെട്ടു. മന്ത്രിസ്ഥാനത്തിനായി തോമസ് നടത്തുന്ന ശ്രമങ്ങളോടു കേരള നേതൃത്വം മുഖം തിരിച്ച സമയവുമായിരുന്നു അത്. ശരദ് പവാറിനെതിരെയും ചില പ്രതികരണങ്ങൾക്കു തോമസ് മുതിർന്നതായി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തോടു പരാതിപ്പെട്ടിരുന്നു.
ഈ അവസരം പ്രയോജനപ്പെടുത്താനായി തോമസിനെ മുന്നിൽ നിർത്തി ചില എംഎൽഎമാരെ കൂടി സ്വാധീനിക്കാൻ അജിത് പവാർ പക്ഷം നീക്കം നടത്തിയെന്ന വിവരമാണ് മുഖ്യമന്ത്രിക്കു ലഭിച്ചത്.
അവയെല്ലാം പരാജയപ്പെട്ടതോടെ സംസ്ഥാന നേതൃത്വവുമായി വീണ്ടും ഒത്തുതീർപ്പിനു തോമസ് തയാറായി. എ.കെ.ശശീന്ദ്രനു പകരം തോമസിനെ മന്ത്രിയാക്കാമെന്ന പി.സി.ചാക്കോയുടെ നിർദേശം ശരദ് പവാർ അംഗീകരിച്ചു. പവാറിന്റെ കത്തുമായി എത്തിയ ചാക്കോയ്ക്കും സംഘത്തിനും പക്ഷേ, തോമസിന്റെ പഴയ നീക്കങ്ങൾ ഇരുട്ടടിയായി.