ADVERTISEMENT

തിരുവനന്തപുരം ∙ തൃശൂർ പൂരം കലക്കാനുള്ള ഗൂഢാലോചന സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി. ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്നാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. ക്രമസമാധാനച്ചുമതല വഹിച്ചിരുന്ന എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനായിരുന്നു സർക്കാർ നിർദേശം. എന്നാൽ ആ റിപ്പോർട്ടിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കെതിരെ പരാമർശമുണ്ടെന്നാണു സൂചന.

ക്രൈംബ്രാഞ്ച് ഒരു വിഷയം അന്വേഷിക്കണമെങ്കിൽ ആദ്യം കേസ് റജിസ്റ്റർ ചെയ്യണം. ലോക്കൽ പൊലീസ് അന്വേഷിച്ച കേസാണെങ്കിൽ അതു ക്രൈംബ്രാഞ്ച് എഫ്ഐആർ ആക്കണം. ഈ വിഷയത്തിൽ നിലവിൽ കേസില്ലാത്തതിനാൽ പുതിയ കേസെടുക്കണം. അപ്പോൾ പ്രതിസ്ഥാനത്ത് എഡിജിപിയുടെ റിപ്പോർട്ടിൽ പ്രതികൂല പരാമർശമുള്ളവരെ ചേർക്കണം. തൽക്കാലം അതു വേണ്ടെന്നാണു സർക്കാർ നിലപാട്. പകരം, മറ്റാരെക്കൊണ്ടെങ്കിലും പരാതി എഴുതിവാങ്ങി പ്രതികളില്ലാതെ കേസെടുത്ത് അന്വേഷണം തുടങ്ങാനാണ് ആലോചന.

investigation-sketch

ഇതെക്കുറിച്ചു ചോദിച്ചപ്പോൾ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രതികരണം. എന്നാൽ, വിജിലൻസും പൊലീസും ചെയ്യുന്നതുപോലെ ക്രൈംബ്രാഞ്ച് വിവരശേഖരണം നടത്താറില്ല. ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി സാബു മാത്യു, കൊച്ചി എസിപി പി.രാജ്കുമാർ, വിജിലൻസ് ഡിവൈഎസ്പി ബിജു വി.നായർ, ഇൻസ്‌പെക്ടർമാരായ ചിത്തരഞ്ജൻ, ആർ.ജയകുമാർ എന്നിവരാണു സംഘത്തിലുള്ളത്.

അജിത്തിന്റെ വീഴ്ചയിൽ അന്വേഷണം മുന്നോട്ട്

പൂരം കലക്കലിൽ എഡിജിപി അജിത്കുമാറിനു വീഴ്ചയുണ്ടോയെന്നു ഡിജിപി എസ്.ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലും പൂരത്തിന്റെ ചുമതലകളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടോയെന്ന് എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലും പ്രത്യേക സംഘങ്ങൾ അന്വേഷണം തുടങ്ങി.

അജിത്തിന്റെ വീഴ്ച വിശദീകരിച്ചാണ് ഡിജിപി ആഭ്യന്തര സെക്രട്ടറിക്കു റിപ്പോർട്ട് നൽകിയത്. തുടർന്ന് ആഭ്യന്തര സെക്രട്ടറി നിർദേശിച്ച വിശദ അന്വേഷണത്തിന്റെ ചുമതലയും ‍ഡിജിപിക്കു തന്നെയാണ്. പൂരം അലങ്കോലപ്പെട്ട സമയത്ത് തൃശൂരിലുണ്ടായിട്ടും അജിത്കുമാർ സ്ഥലത്തെത്തിയില്ലെന്നു മുഖ്യമന്ത്രി തന്നെ സമ്മതിച്ചിരുന്നു. ആർഎസ്എസ് നേതാക്കളുമായി അജിത്കുമാർ നേരത്തേ നടത്തിയ കൂടിക്കാഴ്ചയും ഇതിനിടെ വിവാദമായി.

ഇത്തരം കൂടിക്കാഴ്ചകൾ പതിവ്: ഹൊസബാളെ

ന്യൂഡൽഹി ∙ എഡിജിപി എം.ആർ.അജിത്കുമാറുമായുള്ള കൂടിക്കാഴ്ചയെ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ പരോക്ഷമായി ന്യായീകരിച്ചു. പേരെടുത്തുപറഞ്ഞില്ലെങ്കിലും രാജ്യനന്മയിൽ വിശ്വസിക്കുന്ന ആരുമായും ചർച്ച നടത്തുന്നതിൽ തെറ്റില്ലെന്നും അതിൽ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉണ്ടാകാമെന്നുമായിരുന്നു മഥുരയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി.

കൂടിക്കാഴ്ചവിവാദത്തിൽ ഹൊസബാളെയുടെ ആദ്യ പ്രതികരണമാണിത്.‘‘ഇത്തരം കൂടിക്കാഴ്ചകൾ പതിവാണ്. വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുന്നവർ ആർഎസ്എസ് നേതാക്കളുടെ കൂടിക്കാഴ്ചകളെ എന്തിനാണ് എതിർക്കുന്നത് ?’’– കോൺഗ്രസിനെ ഉദ്ദേശിച്ച് ഹൊസബാളെ ചോദിച്ചു.

പൂരം കലങ്ങിയില്ല, വെടിക്കെട്ട് ഇത്തിരി വൈകി: പിണറായി

കോഴിക്കോട് ∙ തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് ഇത്തിരി വൈകുക മാത്രമാണു ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘തൃശൂർ പൂരം കലക്കിയെന്നാണു സംഘപരിവാറും ലീഗും ഒരുപോലെ ആക്ഷേപിക്കുന്നത്. പൂരം കലങ്ങിയോ? അവിടെ ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കൽ?’’– മുഖ്യമന്ത്രി ചോദിച്ചു.

സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ ‘കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. എഡിജിപി എം.ആർ.അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചു പരാമർശിച്ചപ്പോഴും മുഖ്യമന്ത്രി മുസ്‌ലിം ലീഗിനെ കടന്നാക്രമിച്ചു. ‘‘ഒരു പൊലീസുകാരൻ ആർഎസ്എസ് നേതാവിനെ കണ്ടെന്നാണു പറയുന്നത്. ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയ ജമാഅത്തെ ഇസ്‌ലാമി ദേശീയ സെക്രട്ടറിയുടെ തോളത്തു കയ്യിട്ടുകൊണ്ടല്ലേ ലീഗ് ഇതു പറയുന്നത്?’’

English Summary:

Thrissur Pooram disruption: Crime branch's investigation stuck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com