എസ്എംഎ മരുന്ന് ഇന്ത്യയിൽ ഉൽപാദിപ്പിച്ചാൽ വില 3024 രൂപ മാത്രം; ഹൈക്കോടതിയിൽ സത്യവാങ്മൂലം
Mail This Article
കൊച്ചി ∙ അപൂർവരോഗമായ സ്പൈനൽ മസ്കുലർ അട്രോഫിക്കുള്ള (എസ്എംഎ) മരുന്നിന് നിലവിൽ ഒരുവർഷം 72 ലക്ഷം രൂപയാണു ചെലവെങ്കിൽ തദ്ദേശീയമായി ഇത് 3024 രൂപയ്ക്ക് ഉൽപാദിപ്പിക്കാമെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം. കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ഈ വിഷയങ്ങളിലൊന്നും കൃത്യമായ മറുപടിയില്ലെന്നും ഹർജിക്കാരി അറിയിച്ചു.
താനുൾപ്പെടെയുള്ള എസ്എംഎ രോഗികൾക്ക് ചെലവു കുറഞ്ഞ ചികിത്സ നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി യുവതി നൽകിയ ഹർജിയാണു ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. പേറ്റന്റ് സംരക്ഷണത്തിന്റെ പേരിലാണ് എസ്എംഎ ചികിത്സയ്ക്കുള്ള റിസ്ഡിപ്ലാമിനു വൻ വില വരുന്നത്. കേന്ദ്രസർക്കാർ പേറ്റന്റ് നിയമപ്രകാരം നടപടിയെടുത്താൽ വളരെ കുറഞ്ഞ ചെലവിൽ ഇന്ത്യയിൽ റിസ്ഡിപ്ലാം ഉൽപാദിക്കാനാകുമെന്ന് അഡ്വ. മൈത്രേയി എസ്.ഹെഗ്ഡെ വഴി നൽകിയ ഹർജിയിലെ മറുപടി സത്യവാങ്മൂലത്തിൽ ഹർജിക്കാരി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ യുഎസിലെ യേൽ യൂണിവേഴ്സിറ്റിയിലെ ഡോ. മെലിസ ബാർബറിന്റെ വിദഗ്ധാഭിപ്രായവും വിശദീകരണപത്രികയിലൂടെ കോടതിയിൽ ഹാജരാക്കി. മെലിസയുടെ കണക്കുപ്രകാരം റിസ്ഡിപ്ലാം ഉപയോഗിച്ച് ഒരാളെ ചികിത്സിക്കാൻ 25% നികുതിയുൾപ്പെടെ 3024 രൂപയേ പ്രതിവർഷം വേണ്ടിവരൂ.
അപൂർവരോഗങ്ങൾക്കു പ്രാദേശികമായി മരുന്നു വികസിപ്പിക്കാൻ കേന്ദ്ര ആരോഗ്യ ഗവേഷണ വകുപ്പ് പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റിസ്ഡിപ്ലാം ഇതിലുണ്ടോയെന്നു വ്യക്തമാക്കിയിട്ടില്ലെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടി. ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമുകളും ഫലപ്രദമല്ല. ഒക്ടോബർ 14 വരെ 2342 രോഗികളാണു റജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, ക്രൗഡ് ഫണ്ടിങ്ങിലൂടെ ശേഖരിച്ചിരിക്കുന്ന പണം 3,39,832 രൂപയാണെന്നും ചൂണ്ടിക്കാട്ടി.
12 മരുന്നുകൾക്ക് കേന്ദ്ര പദ്ധതി
ചെലവു കുറഞ്ഞ ചികിത്സ ലഭ്യമാക്കാനായി 8 അപൂർവ രോഗങ്ങൾക്ക് 12 മരുന്നുകൾ തദ്ദേശീയമായി വികസിപ്പിക്കാൻ നടപടികൾ ആരംഭിക്കുമെന്ന് ആരോഗ്യ ഗവേഷണ വകുപ്പ് അറിയിച്ചിരുന്നതായി കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. അപൂർവരോഗം ബാധിച്ചവർക്കുള്ള സഹായം 20 ലക്ഷത്തിൽനിന്ന് 50 ലക്ഷമായി വർധിപ്പിച്ചു. സംഭാവന സ്വീകരിക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപീകരിച്ചെന്നും കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.