മണിയാർ ചെറുകിട ജലവൈദ്യുത പദ്ധതി: കമ്പനി പലവട്ടം കരാർ ലംഘനം നടത്തിയെന്ന് കെഎസ്ഇബി
Mail This Article
തിരുവനന്തപുരം∙ കരാർ പ്രകാരം ഇക്കൊല്ലം കെഎസ്ഇബിക്ക് കൈമാറേണ്ട മണിയാർ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നടത്തിപ്പിൽ കാർബോറാണ്ടം യൂണിവേഴ്സൽ കമ്പനി പലവട്ടം കരാർ ലംഘനം നടത്തിയെന്ന് കെഎസ്ഇബി. മണിയാർ പദ്ധതിയിലെ വൈദ്യുതി കെഎസ്ഇബിയുടെ ഗ്രിഡിലേക്കു നൽകിയ ശേഷം വില കുറഞ്ഞ വൈദ്യുതി വാങ്ങി ഉപയോഗിച്ചതിലാണു കരാർ ലംഘനം ആരോപിക്കുന്നത്.
മണിയാർ പദ്ധതിയിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി, കാർബോറാണ്ടം കമ്പനിയുടെ പാലക്കാട്,കൊരട്ടി,കളമശേരി എന്നിവിടങ്ങളിലെ ഫാക്ടറികളുടെ പ്രവർത്തനത്തിന് ഉപയോഗിക്കുകയും അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിയുമായുള്ള ധാരണ പ്രകാരമുള്ള നിരക്കിൽ ഗ്രിഡിലേക്കു നൽകുകയും ചെയ്യുമെന്നായിരുന്നു കരാർ വ്യവസ്ഥ.
1995 സെപ്റ്റംബർ 27ന് ഒപ്പിട്ട സപ്ലിമെന്ററി കരാർ പ്രകാരം കെഎസ്ഇബി എക്സ്ട്രാ ഹൈ ടെൻഷൻ(ഇഎച്ച്ടി) ഉപയോക്താക്കൾക്കു വൈദ്യുതി നൽകുന്ന നിരക്കിലാണു മണിയാർ പദ്ധതിയിൽനിന്ന് അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് സ്വീകരിക്കുക.
മണിയാർ പദ്ധതിയിൽ നിന്നുള്ള വൈദ്യുതി പൂർണമായി ഉപയോഗിച്ച ശേഷമേ കമ്പനിയുടെ ആവശ്യത്തിനായി കെഎസ്ഇബിയിൽനിന്നോ ഓപ്പൺ ആക്സസ് മുഖേന മറ്റു കമ്പനികളിൽനിന്നോ വൈദ്യുതി വാങ്ങാൻ പാടുള്ളൂ.
എന്നാൽ, പലപ്പോഴും പുറത്തെ വിപണിയിൽ വില കുറയുമ്പോൾ കാർബോറാണ്ടം കമ്പനി മണിയാറിലെ വൈദ്യുതി ഉപയോഗിക്കാതെ കെഎസ്ഇബിയുടെയും ഓപ്പൺ ആക്സസ് മുഖേനയുമുള്ള വൈദ്യുതി ഉപയോഗിക്കുകയും മണിയാറിലെ വൈദ്യുതി ഗ്രിഡിലേക്കു നൽകി ബാങ്കിങ് ചെയ്യുകയുമായിരുന്നെന്ന് കെഎസ്ഇബി കണ്ടെത്തിയിട്ടുണ്ട്. ഇതു കരാർ ലംഘനമാണ്. എന്നാൽ, ഈ ലംഘനം ചൂണ്ടിക്കാട്ടി കെഎസ്ഇബി കരാർ റദ്ദാക്കാൻ തയാറായിട്ടില്ല.
കരാർ കാലാവധി കഴിയുമ്പോൾ ചെയ്യേണ്ടത്
1991 മേയ് 18ന് ഒപ്പിട്ട കരാർ പ്രകാരം ജലവൈദ്യുത പദ്ധതിയിൽ ഉൽപാദനം ആരംഭിച്ച 1994 മുതൽ 30 വർഷം കൈവശം വച്ച്, പ്രവർത്തിപ്പിച്ച ശേഷം ഇക്കൊല്ലമാണ് കെഎസ്ഇബിക്ക് കൈമാറേണ്ടത്. മണിയാർ ജലവൈദ്യുതി പദ്ധതിയുടെ ഉപകരണങ്ങളും കെട്ടിടങ്ങളും വൈദ്യുതീകരണ സംവിധാനങ്ങളും ഉൾപ്പെടെ ഭൂമി പൂർണമായും കെഎസ്ഇബിക്ക് കൈമാറണം.