ഹോർത്തൂസ് ഉദ്ഘാടനം നാളെ; പത്തിലേറെ വേദികൾ, 130 ൽ അധികം സംവാദങ്ങൾ, പരിപാടികൾ
Mail This Article
കോഴിക്കോട് ∙ മലയാളമനോരമ ‘ഹോർത്തൂസ്’ കലാസാഹിത്യോത്സവത്തിന് തിരിതെളിയാൻ ഒരു ദിവസം മാത്രം ബാക്കി. കോഴിക്കോട് കടപ്പുറത്ത് നവംബർ 1 മുതൽ 3 വരെ നടക്കുന്ന ഹോർത്തൂസിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിക്കുന്നത്. 3 ദിവസങ്ങളിലായി നടക്കുന്ന ‘ഹോർത്തൂസി’ൽ പത്തിലധികം വേദികളിലായി 130ൽ അധികം സംവാദങ്ങളും പരിപാടികളും അരങ്ങേറും.
തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അടക്കം രാജ്യത്തിനകത്തും പുറത്തുനിന്നുമായി നാനൂറോളം അതിഥികൾ പങ്കെടുക്കും. എൻ.എസ്.മാധവനാണ് ഫെസ്റ്റിവൽ ഡയറക്ടർ. കുട്ടികൾക്കായി പ്രത്യേക പരിപാടികൾ, സിനിമാപ്രദർശനങ്ങൾ, കൊറിയൻ പാചകപരിശീലനം തുടങ്ങിയവയും നടക്കും.
വൈവിധ്യത്തിന്റെ സംവാദങ്ങൾ
സാഹിത്യവും കലയും സിനിമയും രാഷ്ട്രീയവും സംഗീതവുമടക്കം വിവിധ മേഖലകളിലെ വിഷയങ്ങളാണ് ഹോർത്തൂസ് വേദികളിൽ ചർച്ചയാകുന്നത്. കൊറിയയിൽനിന്നും പോളണ്ടിൽനിന്നും ആഫ്രിക്കയിൽനിന്നുമുള്ള എഴുത്തുകാരും പങ്കെടുക്കും. രാഷ്ട്രീയത്തിലെ ഭാഷ, സൈബർ ആക്രമണങ്ങൾ, വയനാട് ദുരന്തവും പുനരധിവാസവും, സാഹിത്യനഗരത്തിന്റെ ഭാവി തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിൽ കേരളത്തിലെ രാഷ്ട്രീയപ്രമുഖരും സംവാദത്തിനായി എത്തും.
വിസ്മയമായി കൊച്ചി ബിനാലെ ആർട്ട് പവിലിയൻ
ഹോർത്തൂസിനോടനുബന്ധിച്ച് ബോസ് കൃഷ്ണമാചാരി സീനോഗ്രഫി നിർവഹിച്ച കൊച്ചി ബിനാലെ ആർട്ട് പവിലിയൻ കലാസ്വാദകർക്കൊരു വിരുന്നാണ്. 44 കലാകാരൻമാരുടെ സൃഷ്ടികൾ പ്രദർശനത്തിനുള്ള പവിലിയൻ ഇതിനകം തന്നെ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തുകഴിഞ്ഞു. പി.എസ്.ജലജ, എസ്.എൻ.സുജിത്ത് എന്നിവരാണ് പ്രദർശനം ക്യൂറേറ്റ് ചെയ്തത്.
പുസ്തകശാല തുറന്നു
ഹോർത്തൂസിന്റെ ഭാഗമായി മലയാള മനോരമ ഒരുക്കുന്ന പുസ്തകോത്സവമായ ‘പുസ്തകശാല’യും ദിവസങ്ങൾ മുൻപേ വായനക്കാരെ സ്വീകരിച്ചുതുടങ്ങി. പുസ്തകവിൽപനയും ആരംഭിച്ചു. മലയാളത്തിലെയും ഇംഗ്ലിഷിലെയും പ്രമുഖ പ്രസാധകരുടേതടക്കം 3 ലക്ഷത്തിലധികം പുസ്തകങ്ങളും 7500 ബെസ്റ്റ് സെല്ലിങ് ടൈറ്റിലുകളുമാണ് പുസ്തകശാലയിലുള്ളത്. പുസ്തകങ്ങൾക്ക് 10% മുതൽ വിലക്കുറവ് ലഭിക്കും. മനോരമയുടെ 136–ാം വർഷം പ്രമാണിച്ച് മനോരമ ബുക്സിന്റെ 136 പുസ്തകങ്ങൾക്ക് 50% വിലക്കുറവുണ്ട്.
കുട്ടികൾക്കും ഉത്സവകാലം
കുട്ടികൾക്കും യങ് അഡൽറ്റ് വിഭാഗത്തിലുള്ളവർക്കുമായി ഒട്ടേറെ പരിപാടികളുണ്ട്. കളിയും കഥ പറച്ചിലും പാട്ടും നൃത്തവുമടക്കമുള്ള സെഷനുകളാണ് കുട്ടികൾക്കായി ഒരുങ്ങുന്നത്.
തരംഗമാവാൻ സിനിമാപ്രദർശനങ്ങളും
രാജ്യാന്തര തലത്തിൽ ഏറെ ചർച്ചയായ, കലാമൂല്യമുള്ള സിനിമകളാണ് ഹോർത്തൂസിന്റെ 3 ദിവസവും തിരശ്ശീലയിലെത്തുന്നത്. മുബിയുമായി ചേർന്നാണ് ചിത്രങ്ങളുടെ പ്രദർശനം. പാസേജസ് (ഫ്രഞ്ച്), പ്രിസില്ല (യുഎസ്), മെമോറിയ (കൊളംബിയ), ഡ്രൈവ് മൈ കാർ (ജപ്പാൻ) എന്നീ സിനിമകളും ഡോക്യുമെന്ററികളും മേളയിലെത്തുന്നുണ്ട്.
ചിരിച്ചുണരാൻ സ്റ്റാൻഡപ് കോമഡി
മലയാളത്തിലെയും മറ്റു ഭാഷകളിലെയും പ്രമുഖ സ്റ്റാൻഡപ് കൊമീഡിയന്മാരും ഹോർത്തൂസ് വേദികളിൽ എത്തുന്നു. വിഷ്ണു പൈ, ഗൗതം ഗോവിന്ദൻ തുടങ്ങിയവരാണ് വേദികളിലെത്തുന്നത്.
സംഗീതത്തിൽ അലിയാം
നവംബർ 1 മുതൽ 3 വരെ പ്രധാന വേദിയിൽ 3 സംഗീതപരിപാടികൾ നടക്കും. നവംബർ 1ന് വൈകിട്ട് 7.30ന് എം.എസ്.ബാബുരാജിന് മലയാളത്തിന്റെ പ്രിയഗായകർ ഒരുക്കുന്ന ആദരമായി ‘ബാബുരാജ് പാടുന്നു’ നടക്കും. ശരത്, ബിജിബാൽ തുടങ്ങിയവർ നേതൃത്വം നൽകും.
2ന് ഇതിഹാസകഥാകാരൻമാർക്ക് ഗാനപ്രണാമവുമായി ‘കഥ പറയും പാട്ടുകൾ’. നവംബർ 3ന് വൈകിട്ട് ഗായകൻ ഹരിഹരന്റെ 50 വർഷത്തെ സംഗീതയാത്രയ്ക്ക് ആദരവുമായി ‘ഹരിഹരം’. ഹരിഹരൻ, സ്റ്റീഫൻ ദേവസ്സി തുടങ്ങിയവർ ഇതിൽ പങ്കെടുക്കും. ഹോർത്തൂസിനു മുന്നോടിയായി കടപ്പുറത്തെ ആറ്റുവഞ്ചി വേദിയിൽ എല്ലാദിവസവും പ്രത്യേക കലാപരിപാടികൾ നടക്കും.
കാലം സാക്ഷി
മലയാള മനോരമയുടെ 1888 മുതലുള്ള ചരിത്രം പത്രത്താളുകളിലൂടെ വിവരിക്കുന്ന പ്രദർശനമായ ‘കാലത്തിനൊരു സാക്ഷി’ പവിലിയനും മികച്ചൊരു കാഴ്ചയനുഭവമാണ്. 1891 നവംബർ 25 മുതൽ 27 വരെ കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ അധ്യക്ഷതയിൽ കോട്ടയത്തു ചേർന്ന സാഹിത്യസമ്മേളനം, മനോരമയുടെ ആദ്യപതിപ്പ് തുടങ്ങി വയനാട് ദുരന്തം വരെ വാർത്തയായ വിവിധ കാലഘട്ടങ്ങളിലെ പത്രങ്ങൾ ഇവിടെ നേരിട്ടു കാണാം.
റജിസ്റ്റർ ചെയ്യാം
പരിപാടിയിൽ പങ്കെടുക്കാൻ മനോരമ ഹോർത്തൂസ് വെബ്സൈറ്റിലൂടെ റജിസ്റ്റർ ചെയ്യാം. പരിപാടികളുടെ സമയക്രമം വെബ്സൈറ്റിൽ ലഭ്യമാണ്.
ഹോർത്തൂസിന് വിദേശ എഴുത്തുകാർ
കൊറിയൻ എഴുത്തുകാരിയായ കിം ഡോയൂൻ ‘വാനിഷ്ഡ്’ എന്ന നോവലിലൂടെയാണ് ശ്രദ്ധേയയായത്. ബുസാൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള എസിഎഫ്എം സിലക്‌ഷൻസിൽ തിരഞ്ഞെടുക്കപ്പെട്ട ഈ നോവൽ ഉടൻ സിനിമയായി മാറും. ‘സൈറൻ, ഫിഷെർമെൻസ് ഡോട്ടർ’, പിയാനോ പ്രിസം, സ്കോർച്ച്ഡ് വുമൺ തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റു കൃതികൾ.
ദക്ഷിണ കൊറിയയിലെ സോളിൽനിന്നുള്ള എഴുത്തുകാരിയായ ഹെനാ കിം ഹോർത്തൂസിൽ പങ്കെടുക്കാനെത്തുന്നു. ഹെനയുടെ ‘ജെറി’ എന്ന നോവലിന് 2010ലെ ടുഡേയ് ഓതർ പ്രൈസും ജങ്ക് എന്ന നോവലിന് ഡോങ്–ഇൻ സാഹിത്യ പുരസ്കാരവും ലഭിച്ചു. ദ് ബ്ലൂ ടാഞ്ചറിൻ, ദ് ഡീപ്പസ്റ്റ് ബ്രീത്തിങ് തുടങ്ങിയ പുസ്തകങ്ങളും ശ്രദ്ധേയമാണ്. അഷ്ടാംഗയോഗ പഠിച്ചിട്ടുള്ള ഹെനാ കിം യോഗയെക്കുറിച്ചും പുസ്തകമെഴുതിയിട്ടുണ്ട്.
ഓസ്ട്രിയൻ എഴുത്തുകാരനും കവിയുമായ റോബർട്ട് പ്രൊസ്സർ സമകാലീന യൂറോപ്യൻ സാഹിത്യത്തിലെ ശ്രദ്ധേയമായ ശബ്ദമാണ്. ഗോസ്റ്റ്സ് ആൻഡ് ടാറ്റൂസ്, ഫാന്റംസ് തുടങ്ങിയ നോവലുകൾ അനേകം പുരസ്കാരങ്ങൾ നേടിയവയാണ്. ഗെമ്മ ഹബിബിയും ശ്രദ്ധേയമാണ്. തുർക്കിയിൽനിന്നുള്ള എഴുത്തുകാരിയും വിവർത്തകയുമായ എലിഫ് യോനറ്റ് ടോഗേ വിദ്യാഭ്യാസ വിചക്ഷണയുമാണ്. ദക്ഷിണാഫ്രിക്കയിൽനിന്നുള്ള കൊലേക പുറ്റുമ ക്വീർ കവിതകളിലൂടെ ശ്രദ്ധേയയാണ്.