പാർട്ടി അച്ചടക്കനടപടി; ദിവ്യയുടെ ഉപാധിക്ക് വഴങ്ങി സിപിഎം
Mail This Article
കണ്ണൂർ ∙ റിമാൻഡിലുള്ള ജില്ലാ കമ്മിറ്റി അംഗം പി.പി.ദിവ്യയുടെ അഭ്യർഥനകൂടി മാനിച്ചാണു സംഘടനാപരമായ അച്ചടക്കനടപടികളിലേക്ക് ഉടൻ കടക്കേണ്ടെന്ന നിഗമനത്തിൽ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം എത്തിയതെന്നറിയുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ദിവ്യയുടെ നീക്കം. അതിൽ തീരുമാനം വരുന്നതുവരെ അറസ്റ്റിനു വഴങ്ങാതിരിക്കുന്നതു പാർട്ടിക്കു ക്ഷീണം ചെയ്യുമെന്നു മനസ്സിലാക്കിയ നേതാക്കൾ കീഴടങ്ങാൻ ദിവ്യയോട് ആവശ്യപ്പെട്ടെന്നാണു വിവരം.
ഇതനുസരിച്ച ദിവ്യ ‘പ്രത്യുപകാരമെന്നോണം’, അച്ചടക്കനടപടികളുടെ ആലോചനയിലേക്ക് ഉടൻ കടക്കരുതെന്ന ആവശ്യം നേതൃത്വത്തിനു മുന്നിൽ വച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനു പിന്നാലെ സംഘടനാ നടപടികൂടി വന്നാൽ തെറ്റുകാരിയല്ലെന്ന വാദത്തിന്റെ മുനയൊടിയുമെന്ന ആശങ്കയിലാണിത്. ദിവ്യയുടെ താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ പിറകെ മറ്റു ചില പ്രശ്നങ്ങൾ ഉയർന്നുവന്നേക്കാമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
പെട്രോൾ പമ്പിന് എൻഒസി നേടിയ പ്രശാന്ത് മുഖ്യമന്ത്രിക്കു അയച്ചതായി പറയുന്ന പരാതിയാണ് അതിലൊന്ന്. ഈ പരാതി പ്രശാന്ത് തയാറാക്കിയതല്ലെന്നും മറ്റാരോ തയാറാക്കി പ്രശാന്തിന്റെ പേരും ഒപ്പുമിട്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽ ഔദ്യോഗിക പദവിയിലിരിക്കുന്ന ആൾക്ക് വാട്സാപ് ചെയ്യുകയായിരുന്നു എന്നാണു വിവരം. പരാതിയിലെ ഒപ്പും പേരുമെല്ലാം വ്യത്യസ്തമാണെന്നു വ്യക്തമായിരുന്നു. പാർട്ടി ആസ്ഥാനത്തും മുഖ്യമന്ത്രിയുടെ ഓഫിസിലും ഉള്ളവർ ഇക്കാര്യത്തിൽ സംശയനിഴലിലായതിൽ നേതാക്കൾക്ക് ആശങ്കയുണ്ട്. അതിനു പിന്നാലെയാണ് പെട്രോൾ പമ്പ് ഇടപാടിൽ ബെനാമി പങ്കാളിത്തമുണ്ടെന്നു സംശയിക്കുന്ന, പ്രശാന്തിന്റെ ബന്ധു പാർട്ടിയുടെ ഉന്നതനേതാവിന്റെ അടുപ്പക്കാരനാണെന്ന ആരോപണം പ്രതിപക്ഷം ഉയർത്തുന്നത്.