ദിവ്യയുടെ ജാമ്യഹർജി; മൊഴികളും രേഖകളും ഹാജരാക്കാതെ പൊലീസ് ഒളിച്ചുകളിക്കുന്നു
Mail This Article
തലശ്ശേരി ∙ പി.പി.ദിവ്യയ്ക്കു വേണ്ടി കെ.വിശ്വൻ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചു. അറസ്റ്റിലായ ദിവ്യ കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിലാണ്. പെട്രോൾ പമ്പ് ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി ആരോപണമുന്നയിച്ച പ്രശാന്ത്, ഡിവൈഎസ്പി ഓഫിസിൽ മൊഴികൊടുക്കാൻ എത്തിയത് പരാതി കൊടുത്തെന്നതിന്റെ തെളിവാണെന്ന് ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടി.
പ്രശാന്ത് വിജിലൻസ് ഡിവൈഎസ്പിക്കും ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർക്കും അന്വേഷണസംഘത്തിനും നൽകിയ മൊഴികൾ പൊലീസ് കോടതിയിൽ ഹാജരാക്കിയില്ലെന്ന് ഹർജിയിൽ പറയുന്നു. എഡിഎമ്മിനെതിരെ വിജിലൻസിനു പരാതി നൽകിയെന്നു പറയുന്ന കുറ്റ്യാട്ടൂരിലെ ഗംഗാധരൻ, ലാൻഡ് റവന്യു കമ്മിഷണർ എന്നിവരുടെ മൊഴിയും ഹാജരാക്കിയില്ല. അതുസംബന്ധിച്ച ഫയലുകൾ പൊലീസ് കണ്ടെടുത്തില്ല.
പ്രശാന്തിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിൽ കൈക്കൂലിക്കാര്യം പരാമർശിക്കുന്നുണ്ട്. പ്രശാന്ത് പറഞ്ഞ കാര്യത്തെ സാധൂകരിക്കുന്നതാണ് പ്രശാന്തിനെതിരെയുള്ള നടപടി. പ്രശാന്തിന്റെ ആക്ഷേപം ആവർത്തിക്കുക മാത്രമാണു ദിവ്യ ചെയ്തത്. കലക്ടറുടെ മൊഴിയിൽ എഡിഎം തനിക്കു തെറ്റുപറ്റിയെന്നു പറഞ്ഞതായുണ്ട്. പ്രസക്തമായ മൊഴികളും രേഖകളും കോടതിയിൽ ഹാജരാക്കാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. പൊലീസ് ദൃശ്യങ്ങൾ ഹാജരാക്കാത്ത സാഹചര്യത്തിൽ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഇതുസംബന്ധിച്ച് ഹർജി കൊടുത്തതായി കെ.വിശ്വൻ അറിയിച്ചു.