നവീൻ ബാബുവിന്റെ മരണം: മൗനം തുടർന്ന് റവന്യു വകുപ്പും സർക്കാരും; ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Mail This Article
തിരുവനന്തപുരം ∙ കണ്ണൂർ അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) ആയിരുന്ന കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കലക്ടർ ഉയർത്തിയ വിവാദം കത്തിപ്പടരുമ്പോഴും സർക്കാരും റവന്യു വകുപ്പും മൗനം തുടരുന്നു. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീത 24നു സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്മേൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അഭിപ്രായങ്ങൾ രേഖപ്പെടുത്തി മന്ത്രി കെ.രാജനു കൈമാറിയിട്ടുണ്ട്.
-
Also Read
സാമൂഹികമുന്നേറ്റത്തിന്റെ വിളംബരജാഥ
നവീൻ ബാബു നല്ല ഉദ്യോഗസ്ഥനായിരുന്നു എന്ന് അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെ അഭിപ്രായപ്പെട്ട മന്ത്രി, മറ്റു കാര്യങ്ങൾ അന്വേഷണ റിപ്പോർട്ടിനു ശേഷം അറിയിക്കാമെന്നാണു വ്യക്തമാക്കിയിരുന്നത്.
എന്നാൽ, റവന്യു വകുപ്പ് നടത്തിയ വസ്തുതാ അന്വേഷണം ഇനി കോടതി നടപടികൾക്കും വിധേയമായേക്കാമെന്നതിനാൽ റിപ്പോർട്ട് പുറത്തുവിടാനിടയില്ലെന്നാണ് ഔദ്യോഗികതലത്തിലെ സൂചനകൾ. യാത്രയയപ്പു യോഗവും പി.പി.ദിവ്യയുടെ പരാമർശങ്ങളും എഡിഎമ്മിന്റെ മരണവും അന്വേഷണ വിഷയമായതിനാലാണിത്. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട ഫയൽനീക്കങ്ങളിൽ എഡിഎമ്മിന് ക്ലീൻചിറ്റ് നൽകിയുള്ള റിപ്പോർട്ടാണ് ജോയിന്റ് കമ്മിഷണർ സമർപ്പിച്ചത്. റിപ്പോർട്ട് ഇന്നു മുഖ്യമന്ത്രിക്കും കൈമാറിയേക്കും.
കലക്ടറുടെ മൊഴി മുദ്രവച്ച കവറിൽ
കണ്ണൂർ കലക്ടർ അരുൺ കെ.വിജയൻ തന്റെ മൊഴി ജോയിന്റ് കമ്മിഷണർക്കു കൈമാറിയത് മുദ്ര വച്ച കവറിൽ. ഇപ്രകാരം ലഭിച്ച മൊഴി, റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ കൂടി ഉപദേശം തേടിയ ശേഷം ജോയിന്റ് കമ്മിഷണർ റിപ്പോർട്ടിന്റെ ഭാഗമാക്കി. എഡിഎം ‘തെറ്റുപറ്റി’ എന്നു പറയുന്ന വാചകം കലക്ടറുടെ മൊഴിയുടെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നാണ് ഇനി അറിയേണ്ടത്.
ദിവ്യയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
കണ്ണൂർ ∙ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലുള്ള പി.പി.ദിവ്യയെ ഇന്നു പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ ഇന്നു രാവിലെ അന്വേഷണസംഘം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകും.
ദിവ്യയ്ക്കു വേണ്ടി കഴിഞ്ഞ ദിവസം ഫയൽ ചെയ്ത ജാമ്യഹർജി ഇന്നു തലശ്ശേരി സെഷൻസ് കോടതിക്കു മുൻപാകെ എത്തും. പൊലീസ് റിപ്പോർട്ട് തേടിയ ശേഷമാകും വാദം കേൾക്കാനുള്ള ദിവസം തീരുമാനിക്കുക. ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീന്റെ കുടുംബവും അറിയിച്ചിട്ടുണ്ട്.