ADVERTISEMENT

തിരുവനന്തപുരം ∙ വ്യവസായ, ഗവേഷണ മേഖലകളിൽ വലിയ നിക്ഷേപമാണ് സംസ്ഥാനത്ത് വരികയെന്ന് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്തവർഷം  ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കും. സംസ്ഥാന രൂപീകരണത്തിന് 68 വർഷം പൂർത്തിയാകുമ്പോൾ സമ്പൂർണ സാക്ഷരത, അധികാര വികേന്ദ്രീകരണം, സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത തുടങ്ങിയവയിൽ കേരളം ലോകരാജ്യങ്ങൾക്കു മാതൃകയായി. നവകേരള സദസ്സിലെ നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പാക്കാൻ രൂപരേഖ തയാറാകുന്നു. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് മേഖലകളിൽ മുന്നേറ്റത്തിനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്.

ക്ഷേമ പെൻഷനായി 8 വർഷം കൊണ്ട് 64,000 കോടി രൂപ സർക്കാർ ചെലവഴിച്ചു. 3.57 ലക്ഷം പട്ടയം വിതരണം ചെയ്തു. ലൈഫ് മിഷൻ മുഖേന 4.03 ലക്ഷം വീടുകൾ പൂർത്തിയാക്കി. പുനർഗേഹം പദ്ധതിയിലൂടെ 2300 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു വീട് ലഭ്യമാക്കി. ഭിന്നശേഷിക്കാർക്ക് സർക്കാർ സർവീസിൽ 4% സംവരണം ഉറപ്പാക്കി. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി അടുത്ത കേരളപ്പിറവിക്ക് സംസ്ഥാനം മാറും.

കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രം ബജറ്റിൽ സംസ്ഥാനത്തിന് കാര്യമായി ഒന്നും വകയിരുത്തിയില്ല. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധന കമ്മിഷൻ ഗ്രാന്റും വെട്ടിക്കുറച്ചു. മറ്റു സംസ്ഥാനങ്ങളെ കൂടി ഉൾക്കൊള്ളിച്ചു കേന്ദ്രത്തിനെതിരെ നടത്തിയ സമരത്തിനു തുരങ്കം വയ്ക്കാനാണ് സംസ്ഥാനത്തെ പ്രതിപക്ഷം ശ്രമിച്ചത്. ഒരർഥത്തിൽ കേന്ദ്രത്തിന്റെ കേരള വിരുദ്ധ സമീപനത്തിനു കുടപിടിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരു പൈസ പോലും സഹായം അനുവദിക്കാതെ ക്രൂരമായ അവഗണനയാണ് കേന്ദ്രം നടത്തുന്നത്. ഇതിനെതിരെയും വികസനത്തിന്റെ പുതിയ കുതിപ്പുകളിലേക്കും കേരളം ഒരേ മനസ്സോടെ നീങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Global gathering will be conducted shortly for massive investment: Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com