ADVERTISEMENT

കൊച്ചി ∙ വയനാട് ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മോഡൽ ടൗൺഷിപ് നിർമിക്കാൻ സർക്കാർ കണ്ടെത്തിയ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമിയും കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയും ഇതുസംബന്ധിച്ച ഹർജി തീർപ്പാക്കുന്നതുവരെ ഏറ്റെടുക്കരുതെന്നു ഹൈക്കോടതി നിർദേശം നൽകി.സർക്കാർ ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് എസ്റ്റേറ്റ് ഉടമകളായ ഹാരിസൺസ് മലയാളം ലിമിറ്റഡും എൽസ്റ്റോൺ ടീ എസ്റ്റേറ്റും നൽകിയ ഹർജികളാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പരിഗണിച്ചത്.

ഇതിനിടെ, കേസ് നടപടികൾക്കുള്ള ഹർജിക്കാരന്റെ അർഹതയിൽ തർക്കം ഉന്നയിച്ച് രണ്ട് ഉപഹർജികൾ എത്തിയിട്ടുണ്ടെന്നു സർക്കാർ അറിയിച്ചു. തുടർന്ന് ഇതിൽ എതിർസത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചു. ഹർജികൾ നാളെ വീണ്ടും പരിഗണിക്കും. ഭൂമി ഏറ്റെടുക്കില്ലെന്ന് കഴിഞ്ഞ 17 ന് സർക്കാർ അറിയിച്ചത് കോടതി രേഖപ്പെടുത്തിയിരുന്നു. ഏറ്റെടുക്കാനുള്ള ഭൂമിക്കു ന്യായമായ നഷ്ടപരിഹാരം നൽകാൻ തയാറാണെന്നും തുക ഇതു സംബന്ധിച്ചുള്ള കേസ് നിലനിൽക്കുന്ന കോടതിയിൽ നിക്ഷേപിക്കാൻ തയാറാണെന്നും സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് അറിയിച്ചു.

ദുരന്തനിവാരണ നിയമപ്രകാരം ഈ രണ്ടു എസ്റ്റേറ്റുകളിലെയും ഭൂമി ഏറ്റെടുക്കുന്നതിനു തത്വത്തിൽ അനുമതി നൽകി സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ യോജ്യമായ മറ്റ് സ്ഥലങ്ങളുണ്ടെന്നും ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന എല്ലാ രേഖകളുമുണ്ടെന്നും ഉരുൾപൊട്ടലിൽ തങ്ങൾക്കും വലിയ നാശനഷ്ടമുണ്ടായെന്നും ഹാരിസൺസ് മലയാളം അറിയിച്ചു. ഭൂമി ഏറ്റെടുക്കാനുള്ള സർക്കാരിന്റെ ഇതിനു മുൻപുള്ള ശ്രമം ഹൈക്കോടതിയാണ് തടഞ്ഞതെന്നും അറിയിച്ചു.

2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നൽകണമെന്ന് എൽസ്റ്റോൺ എസ്റ്റേറ്റ് ആവശ്യപ്പെട്ടു. വിദേശ കമ്പനി കൈവശം വച്ചിരിക്കുന്ന ഭൂമിയാണിതെന്ന തെറ്റായ ധാരണയിലാണ് എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമി ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കുന്നതിനു തത്വത്തിൽ അനുമതി നൽകിയുള്ള സർക്കാരിന്റെ ഉത്തരവ്.

English Summary:

High Court Halts Wayanad Land Acquisition for Rehabilitation Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com