ADVERTISEMENT

കോഴിക്കോട് ∙ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന ഇപിഎഫ് പെൻഷൻ അനുവദിക്കണമെന്ന സുപ്രീം കോടതി വിധി വന്ന് ഇന്ന് 2 വർഷം പൂർത്തിയാകുമ്പോഴും അപേക്ഷകരിൽ ഒരു ശതമാനത്തിനു പോലും പെൻഷൻ ലഭിച്ചില്ല. കേരളത്തിലെ അപേക്ഷകരിൽ 2 ശതമാനത്തോളം പേർക്കു മാത്രമാണ് ഇതുവരെ പെൻഷൻ അനുവദിച്ചിട്ടുള്ളതെന്നു വിവരാവകാശ ചോദ്യത്തിനുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ മറുപടി വ്യക്തമാകുന്നു. 

രാജ്യത്താകെ 17,48,775 പേർ ഓപ്ഷൻ നൽകിയതിൽ കഴിഞ്ഞ ഓഗസ്റ്റ് 7 വരെ 8401 പേർക്കു മാത്രമാണ് പെൻഷൻ പേയ്മെന്റ് ഓർഡറുകൾ (പിപിഒ) അയച്ചതെന്ന വിവരം പുറത്തു വന്നിരുന്നു. 3,14,147 ഓപ്ഷനുകൾ തൊഴിലുടമകൾ ഇപിഎഫ്ഒയിലേക്ക് നൽകിയിട്ടില്ല. ബാക്കിയുള്ള 14,34,628 അപേക്ഷകളിൽ 1,48,434 എണ്ണം ഇപിഎഫ്ഒ നിരസിച്ചിട്ടുണ്ട്. 89,235 പേർക്കു മാത്രമേ ഡിമാൻഡ് നോട്ടിസ് അയച്ചിട്ടുള്ളു. 

kerala-epfo

കേരളത്തിൽ ആകെ 90,919 പേരാണ് ഉയർന്ന പെൻഷന് ഓപ്ഷൻ സമർപ്പിച്ചത്. ഇതിൽ 15,596 ഓപ്ഷനുകൾ തൊഴിലുടമകൾ അംഗീകരിച്ച് ഇപിഎഫ്ഒയിലേക്കു കൈമാറിയിട്ടില്ല. സമയം കഴിഞ്ഞതിനാൽ ഈ അപേക്ഷകൾ ഇനി പരിഗണനയ്ക്കു വരില്ല. ബാക്കിയുള്ള 75,323 അപേക്ഷകളിൽ 4648 എണ്ണം ഇപിഎഫ്ഒ ഇതുവരെ നിരസിച്ചു. അധികമായി പെൻഷൻ പദ്ധതിയിലേക്ക് അടയ്ക്കാനുള്ള തുക സംബന്ധിച്ച ഡിമാൻഡ് നോട്ടിസ് 10,151 പേർക്ക് അയച്ചിട്ടുണ്ട്. പെൻഷൻ അനുവദിച്ചത് 1910 പേർക്കു മാത്രമാണ്.  ഒക്ടോബർ 4 വരെയുള്ള കണക്കാണിത്. 

പിഎഫ് ഓഫിസുകളിലെ ജീവനക്കാരുടെ കുറവും പെൻഷൻ കണക്കാക്കുന്നതിനു ഫലപ്രദമായ സോഫ്റ്റ്‌വെയർ ഇല്ലാത്തതുമാണ് നടപടികൾ ഇഴയുന്നതിനു  മുഖ്യകാരണം. 32,000ത്തിലേറെ ജോയിന്റ് ഓപ്ഷനുകൾ കൈകാര്യം ചെയ്യേണ്ട കൊച്ചി റീജനൽ ഓഫിസിൽ  ഇതിനുള്ള സെക്‌ഷനിൽ 2 ഉദ്യോഗസ്ഥരാണുള്ളത്.  ഡേറ്റകളെല്ലാം ഉദ്യോഗസ്ഥൻ തന്നെ നേരിട്ട് സിസ്റ്റത്തിൽ ചേർക്കണം. ഇപ്പോഴത്തെ അവസ്ഥയിൽ മാസങ്ങളെടുത്താലും ഉയർന്ന പെൻഷൻ അപേക്ഷകളിൽ നടപടി പൂർത്തിയാവില്ല. 

ഇഴഞ്ഞ്, കുഴഞ്ഞ് നടപടികൾ 

2014 ഓഗസ്റ്റ് 31ന് അകം വിരമിച്ചവരുടെ കാര്യത്തിലാണ് നടപടികൾ വല്ലാതെ ഇഴയുന്നത്. ഈ വിഭാഗക്കാരിൽനിന്ന് പുതിയ ഓപ്ഷൻ ഇപിഎഫ്ഒ സ്വീകരിച്ചിരുന്നില്ല. നേരത്തേ നൽകിയ ഓപ്ഷനുകൾ അംഗീകരിക്കുന്നതിനായി അപേക്ഷ നൽകാനായിരുന്നു നിർദേശം. രാജ്യത്താകെ 4,10,043 പേർ അപേക്ഷ നൽകിയെങ്കിലും തൊഴിലുടമകൾ അംഗീകരിച്ചത് 2,70,346 എണ്ണം മാത്രമാണ്. ഇവയിൽ 1,12,770 എണ്ണം ഇപിഎഫ്ഒ നിരസിച്ചു. ബാക്കിയുള്ള ഒന്നര ലക്ഷത്തിലേറെ അപേക്ഷകളിൽ വെറും 16 പേർക്കാണ് ഡിമാൻഡ് നോട്ടിസ് അയച്ചിട്ടുള്ളത്. പിപിഒ കിട്ടിയതാവട്ടെ 2 പേർക്കു മാത്രവും. 

കേരളത്തിലെ അപേക്ഷകരിൽ 11,084 പേരാണ് 2014 ഓഗസ്റ്റ് 31ന് അകം വിരമിച്ചവർ. തൊഴിലുടമകൾ അംഗീകരിച്ചത് 8127 പേരുടെ ഓപ്ഷനുകൾ മാത്രമാണ്. 3739 എണ്ണം ഇപിഎഫ്ഒ നിരസിച്ചു. ആർക്കും ഒക്ടോബർ 4 വരെ ഡിമാൻഡ് നോട്ടിസ് പോലും അയച്ചിട്ടില്ല.

English Summary:

One percent of eligible workers receive higher EPF pension after Supreme Court ruling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com