ശോഭ സുരേന്ദ്രൻ തിരൂർ സതീഷിന്റെ വീട്ടിൽപോയോ? ഫോട്ടോയുദ്ധം മുറുകുന്നു
Mail This Article
തൃശൂർ ∙ ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ തന്റെ വീട്ടിലെത്തിയതിനു തെളിവായി ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷ് ഇന്നലെ രാവിലെ പുറത്തുവിട്ട ഫോട്ടോ, ശോഭ വാർത്താസമ്മേളനം വിളിച്ചു നിഷേധിച്ചു. തന്റെ സഹോദരിയുടെ വീട്ടിൽ അസുഖബാധിതയായി കഴിഞ്ഞിരുന്ന അമ്മയെ കാണാൻ ഭാര്യയ്ക്കും മകനുമൊപ്പം സതീഷ് വന്നപ്പോഴെടുത്ത ചിത്രമാണതെന്ന് അവർ പറഞ്ഞു. തൊട്ടുപിന്നാലെ സതീഷ്, മാധ്യമങ്ങളെ വീട്ടിലേക്കു ക്ഷണിച്ചു താൻ ഫോട്ടോ എടുത്ത മുറി കാണിച്ചു ശോഭയുടെ വാദങ്ങൾ ഖണ്ഡിച്ചു. പിന്നീടു ശോഭ മാധ്യമങ്ങളോടു പ്രതികരിച്ചില്ല.
ശോഭ പറഞ്ഞത്:
‘സതീഷിന്റെ വീട്ടിൽ പോയിട്ടില്ല. ഇന്നലെ പുറത്തുവിട്ട ഫോട്ടോയിൽ കാണുന്നതു സതീഷിന്റെ വീടിന്റെ ഉൾഭാഗമല്ല. എന്റെ സഹോദരിയുടെ വീട്ടിൽ വന്നപ്പോൾ സതീഷ് പകർത്തിയ ഫോട്ടോയാണത്. അസുഖബാധിതയായി കിടന്ന എന്റെ അമ്മയെ കാണാനാണു ഭാര്യയ്ക്കും മകനും ഒപ്പം സതീഷ് വന്നത്. ഫോട്ടോയ്ക്ക് ഒന്നര വർഷത്തെയെങ്കിലും പഴക്കമുണ്ട്. സഹോദരിയുടെ വീട്ടിലുള്ള അതേ കർട്ടനും സോഫയുമാണ് ഫോട്ടോയിലുള്ളത്. സതീഷിന്റെ വീട്ടിലും അതേ കർട്ടനും സോഫയും വാങ്ങിയിടണമെങ്കിൽ ഈ കലാപരിപാടി തുടങ്ങിയിട്ടു മാസമെത്രയായിരിക്കും? പിന്നിലുള്ള സ്വിച്ച് ബോർഡ് ഫോട്ടോയിൽ എഡിറ്റ് ചെയ്ത് ചേർത്തതാണ്. ഇപ്പോഴത്തെ രൂപത്തിലുള്ള ശോഭ സുരേന്ദ്രനാണോ ആ ഫോട്ടോയിലുള്ളത്. സതീഷിനെതിരെ മാനനഷ്ടക്കേസ് നൽകും. സതീഷിനെ രംഗത്തെത്തിച്ചതിൽ ഗൂഢാലോചനയുണ്ട്. റിപ്പോർട്ടർ ചാനൽ മേധാവി ആന്റോ അഗസ്റ്റിനും ബിജെപി മുൻ ജില്ലാ പ്രസിഡന്റ് ശ്രീശൻ അടിയാട്ടുമാണ് അതിനു പിന്നിൽ.’
തിരൂർ സതീഷിന്റെ മറുപടി:
‘എനിക്കു ബന്ധമുണ്ടെന്ന് ആരോപിച്ച ചാനൽ മുതലാളിയെ അറിയുകയോ കാണുകയോ ചെയ്തിട്ടില്ല. ബിജെപി മുൻ ജില്ലാ പ്രസിഡന്റ് ശ്രീശൻ അടിയാട്ടിനെ നേരത്തേ അറിയാം. എന്നാൽ 2 വർഷമായി അദ്ദേഹവുമായി ഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ല. വെളിപ്പെടുത്തലിനുശേഷം മൊഴിയെടുക്കാൻ പൊലീസ് സമീപിക്കുകയോ അറിയിപ്പ് നൽകുകയോ ചെയ്തിട്ടില്ല. ആവശ്യപ്പെടുമ്പോൾ അറിയാവുന്ന കാര്യങ്ങൾ പറയും.’