കേരളയിൽ ഇടത് സംഘടനാ നേതാവിന് ചട്ടം മറികടന്ന് സ്ഥാനക്കയറ്റമെന്ന് ആക്ഷേപം
Mail This Article
തിരുവനന്തപുരം∙ കേരള സർവകലാശാലയിലെ ഇടത് സംഘടനാ നേതാവും സിൻഡിക്കറ്റ് അംഗവുമായ ഡോ.എസ്.നസീബിന് യുജിസി ചട്ടങ്ങൾ മറികടന്ന് അസോഷ്യേറ്റ് പ്രഫസറായി സ്ഥാനക്കയറ്റം നൽകാൻ സിൻഡിക്കറ്റ് തീരുമാനമെന്ന് ആക്ഷേപം. കരാർ അധ്യാപന കാലയളവ് സ്ഥാനക്കയറ്റത്തിനു പരിഗണിക്കുന്നതു വിലക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് അവഗണിച്ചും ഹൈക്കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചുമാണ് തീരുമാനമെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ആരോപിച്ചു.
1997 ൽ കാലടി സർവകലാശാലയിലെ ഒന്നര വർഷക്കാലത്തെ കരാർ അധ്യാപന പരിചയം കണക്കിലെടുത്താണു സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. അസി.പ്രഫസറുടെ ശമ്പളത്തിന് തത്തുല്യമായ യുജിസി നിരക്കിലുള്ള ശമ്പളത്തിൽ നിയമിക്കപ്പെട്ട താൽക്കാലിക നിയമനങ്ങൾ മാത്രമേ അസോഷ്യേറ്റ് പ്രഫസർ സ്ഥാനക്കയറ്റത്തിനു പരിഗണിക്കാവൂ എന്നാണു യുജിസി ചട്ടം.
ലക്ചററുടെ നിശ്ചിത ശമ്പളത്തിന്റെ പകുതി മാത്രമാണു നസീബ് പ്രതിമാസ ശമ്പളമായി കൈപ്പറ്റിയിരുന്നതെന്നു കാലടി സർവകലാശാല രേഖാമൂലം അറിയിച്ചിട്ടുണ്ട്. നസീബിന് അസി.പ്രഫസർ ഹയർ ഗ്രേഡ് അനുവദിച്ചപ്പോൾ താൽക്കാലിക കരാർ നിയമന കാലയളവ് പരിഗണിച്ചിരുന്നില്ലെന്നും ക്യാംപെയ്ൻ കമ്മിറ്റി പറയുന്നു.
എന്നാൽ തനിക്ക് അനുകൂലമായ ഹൈക്കോടതി വിധി നടപ്പാക്കുന്നതു വൈകുന്നതിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയതിന്റെ അടിസ്ഥാനത്തിൽ കോടതി നിർദേശം പാലിക്കുകയാണു സർവകലാശാല ചെയ്തിരിക്കുന്നതെന്നു ഡോ.നസീബ് പറഞ്ഞു. കോടതിയലക്ഷ്യ ഹർജി 11ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. വ്യക്തിപരമായി തേജോവധം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു ചിലർ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.