ADVERTISEMENT

തിരുവനന്തപുരം ∙ കൊടകര കുഴൽപണക്കേസ് വീണ്ടും ഉയർന്നതോടെ പ്രതിസന്ധിയിലായ ബിജെപിക്കൊപ്പം കോൺഗ്രസിനെക്കൂടി ചേർത്തുവയ്ക്കാനുള്ള തന്ത്രം വിജയം കാണാത്തതിന്റെ ജാള്യത്തിലാണ് സിപിഎം. തിരഞ്ഞെടുപ്പുകാലത്തു കള്ളപ്പണമൊഴുക്കുന്നതു ബിജെപി മാത്രമല്ലെന്നു വരുത്താനുള്ള ശ്രമം, സിപിഎം– ബിജെപി ബന്ധത്തിന്റെ തെളിവായി കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. വടകരയിലെ ‘കാഫിർ സ്ക്രീൻ ഷോട്ട്’ വിവാദം ദിവസങ്ങൾക്കു ശേഷമാണു സെൽഫ് ഗോളായി മാറിയതെങ്കിൽ പാലക്കാട്ടെ പാതിരാ നാടകത്തിന്റെ സെൽഫ് ഗോൾ സിപിഎമ്മിന്റെ വലയിലെത്താൻ മണിക്കൂറുകൾ പോലും വേണ്ടിവന്നില്ല. 

അടുത്തകാലത്തായി ബിജെപിയെ സഹായിക്കുന്നുവെന്നു തോന്നിക്കുന്ന നിലപാടുകളും ഇടപെടലുകളും സിപിഎമ്മിൽനിന്നുണ്ടാകുന്നതിന്റെ പശ്ചാത്തലവുമുണ്ട്. എഡിജിപി– ആർഎസ്എസ് കൂടിക്കാഴ്ചയിൽ സ്വീകരിച്ച മൃദുസമീപനം, പൂരംകലക്കലിലെ അന്വേഷണത്തിലുണ്ടായ താമസം, സുരേഷ് ഗോപിക്കു വേണ്ടി പൂരംകലക്കിയെന്ന ആരോപണം ശക്തമായപ്പോൾ ‘പൂരം കലങ്ങിയിട്ടേയില്ലെ’ന്നു മുഖ്യമന്ത്രി നടത്തിയ പ്രസ്താവന എന്നിവയെല്ലാം കൂട്ടിവായിക്കപ്പെടുന്നു. ബിജെപി വിമതൻ ആരോപണവുമായി എത്തിയപ്പോൾ മാത്രമാണു കൊടകര കുഴൽപണക്കേസിൽ സർക്കാർ 3 വർഷത്തെ മൗനം വെടിഞ്ഞത്. കുഴൽപണക്കേസ് വീണ്ടും ഉയർന്നതും ശോഭ സുരേന്ദ്രൻ കക്ഷിചേർന്നതും ബിജെപിക്കുണ്ടാക്കിയ പരുക്ക് ചെറുതല്ല. സന്ദീപ് വാരിയരുടെ വിമതനീക്കത്തോടെ കൂടുതൽ പ്രതിരോധത്തിലുമായി.

സിപിഎമ്മും പൊലീസും ചേർന്നു നടത്തിയ പാതിരാനാടകത്തിൽ ബിജെപി കൂടി ചേർന്നതോടെ ഇതിൽനിന്നെല്ലാം ഒറ്റയടിക്കു ശ്രദ്ധ തിരിഞ്ഞു. കള്ളപ്പണത്തിന്റെ കാരിയർ ധർമരാജൻ ഷാഫി പറമ്പിലിനും പണമെത്തിച്ചിട്ടുണ്ടെന്നു ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചു ദിവസങ്ങൾക്കകമാണു കോൺഗ്രസ് നേതാക്കളുടെ മുറികളിൽ പൊലീസ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ പൊതുവിഷയങ്ങൾ അവിടെ ചർച്ചയാകരുതെന്ന സിപിഎം താൽപര്യവും ഒരു പരിധിവരെ വിജയം കാണുന്നുണ്ട്. 

തിരഞ്ഞെടുപ്പു ചട്ടങ്ങളെല്ലാം കാറ്റിൽപറത്തി നടത്തിയ പരിശോധന വനിതാ നേതാക്കളുടെ മുറിയിലേക്കുവരെ നീണ്ടതു സിപിഎമ്മിനും പൊലീസിനുമെതിരെ വികാരമാക്കി മാറ്റാനാകുമെന്നു കോൺഗ്രസ് കരുതുന്നു. രണ്ടാംസ്ഥാനത്തുള്ള ബിജെപിക്കുവേണ്ടി സിപിഎം പണിയെടുക്കുന്നുവെന്ന ആരോപണത്തിനും ആക്കംകൂട്ടുന്നു. ഹോട്ടലിൽ പാഞ്ഞെത്തിയ സിപിഎം–ബിജെപി നേതാക്കൾ തോളോടുതോൾ ചേർന്നു പ്രതിഷേധിച്ചതിലെ രാഷ്ട്രീയം ജനത്തിനു ബോധ്യപ്പെടാൻ അധികം പ്രയാസമില്ലെന്നും അവർ കരുതുന്നു. 

ഇതേസമയം, ഹോട്ടലിൽ പണമെത്തിച്ചെന്നും കടത്തിയെന്നുമുള്ള നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും പാർട്ടിരീതികളറിയാത്ത സരിന്റെ പ്രതികരണങ്ങൾ സിപിഎമ്മിനു തലവേദനയാകുന്നുണ്ട്. സഹതാപം ലഭിക്കാൻ ഷാഫി സംവിധാനം ചെയ്ത നാടകമാണിതെന്നാണു സരിന്റെ പക്ഷം. എന്തായാലും നിശ്ചയിച്ചതിലും ഒരാഴ്ച കൂടി നീളുന്ന തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പുവരെ ഓരോ ദിവസവും പുതിയ വിഷയങ്ങൾ പാലക്കാട്ടേക്കു വന്നുവീഴുകയാണ്. 

English Summary:

The CPM's strategy to link the Congress to the BJP in the Kodakara hawala case has backfired, with the Congress alleging a CPM-BJP alliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com