ലൈസൻസ് റദ്ദാക്കൽ: തുടർപരിശീലനം എല്ലാ ജില്ലയിലും
Mail This Article
തിരുവനന്തപുരം ∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം നടപ്പാക്കിയതിനു പിന്നാലെ റോഡിലെ ഡ്രൈവിങ് പരിശോധനയിലും ഗതാഗതവകുപ്പ് പിടിമുറുക്കുന്നു. ഗുരുതരമായി നിയമലംഘനം നടത്തി ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടുന്നവർക്ക് 5 ദിവസത്തെ പരിശീലനത്തിനായി എല്ലാ ജില്ലകളിലും കേന്ദ്രം തുടങ്ങും. കെഎസ്ആർടിസിയുടെ 11 ഡ്രൈവിങ് സ്കൂളുകളിലാകും ആദ്യം തുടങ്ങുക.
നിലവിൽ കേരളത്തിൽ ലൈസൻസ് റദ്ദാക്കപ്പെടുന്ന എല്ലാവരും കെഎസ്ആർടിസിയുടെ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്നിങ് ആൻഡ് റിസർച്ചിലാണ് (ഐഡിടിആർ) പരിശീലനത്തിനെത്തേണ്ടത്.
ഇക്കൊല്ലം ജനുവരി മുതൽ ഒക്ടോബർ വരെ ഡ്രൈവിങ് ലൈസൻസ് റദ്ദായ 2213 പേർക്കാണ് ഇതുവരെ പരിശീലനം കഴിഞ്ഞത്. വലിയ കുഴപ്പം കാണിച്ച് ലൈസൻസ് റദ്ദായ 188 പേർക്ക് 5 ദിവസത്തെ പരിശീലനം നൽകി. 3 ദിവസത്തെ പരിശീലനം കഴിഞ്ഞത് 282 പേർക്കു 3 ദിവസവും 1743 പേർക്ക് ഒരു ദിവസവുമായിരുന്നു പരിശീലനം. എല്ലാ ജില്ലയിലും പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയാൽ കൂടുതൽ പേരെ 5 ദിവസത്തെ പരിശീലനത്തിന് അയയ്ക്കും.
അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നിവ സംബന്ധിച്ചുള്ളതാണ് കൂടുതൽ കേസുകളും. ടിപ്പർ ഡ്രൈവർമാർ ഇൗ പട്ടികയിൽ വളരെ താഴെയാണെന്നും മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ലൈസൻസ് ടെസ്റ്റിൽ ഉദാര സമീപനം: 3 പേർക്ക് സസ്പെൻഷൻ
∙അധികം പേരെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ പാസാക്കിയതിന് 3 എംവിഐമാർക്കു സസ്പെൻഷൻ. തിരൂർ സബ് ആർടി ഓഫിസിലെ എംവിഐ ഷംജിത്, എഎംവിഐമാരായ ബേബി ജോസഫ്, ധനേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ദിവസം 50 ടെസ്റ്റ് മാത്രം നടത്താൻ അനുമതിയുള്ള ഓഫിസിൽ 119, 120, 189 പേരെ വീതം ഇവർ ഒറ്റ ദിവസം പാസാക്കി.
ഇതു വിവാദമായതോടെ പാസായ 15 പേരെ വീതം തിരുവനന്തപുരത്തു വരുത്തി ഗതാഗത കമ്മിഷണറുടെ സ്ക്വാഡിന്റെ മേൽനോട്ടത്തിൽ ടെസ്റ്റ് നടത്തി. എത്തിയ 40 പേരിൽ 5 പേർ പോലും പാസായില്ല. തുടർന്നാണ് ഏറ്റവും കുടുതൽ പേരെ വിജയിപ്പിച്ച ആദ്യ 3 പേരെ സസ്പെൻഡ് ചെയ്തത്.