സീപ്ലെയ്‌നിന്റെ ശബ്ദം കാട്ടാനകളെ പേടിപ്പിക്കുമെന്ന് വനംവകുപ്പ്
Mail This Article
മൂന്നാർ ∙ മാട്ടുപ്പെട്ടിയിൽ സീപ്ലെയ്‌ൻ ഇറങ്ങുന്നതു കാട്ടാനകളുടെ സ്വൈരവിഹാരത്തിനു തടസ്സമാണെന്നു വനംവകുപ്പ് അറിയിച്ചു. വനമേഖലയായ മാട്ടുപ്പെട്ടിയിൽ 10 കാട്ടാനകളാണുള്ളത്. ഇവ തീറ്റതേടുന്നതും വെള്ളം കുടിക്കുന്നതും മാട്ടുപ്പെട്ടി ഡാമിലും പരിസരത്തുമാണ്. സീപ്ലെയ്‌നിന്റെ പ്രൊപ്പല്ലറിന്റെ ശബ്ദം ആനകളെ പേടിപ്പെടുത്തുന്നതാണ്. ഇക്കാരണത്താൽ വിമാനം മാട്ടുപ്പെട്ടി ജലാശയത്തിൽ ഇറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും വനംവകുപ്പിന്റെ മുതിർന്ന ഉദ്യോഗസ്ഥർ വൈദ്യുതി വകുപ്പ്, കൊച്ചി രാജ്യാന്തര വിമാനത്താവളം, വിനോദസഞ്ചാരവകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇടുക്കി ജലാശയത്തിൽ ഇറക്കാനിരുന്ന സീപ്ലെയ്‌ൻ വനംവകുപ്പിന്റെ എതിർപ്പിനെത്തുടർന്നാണു മാട്ടുപ്പെട്ടിയിലേക്കു മാറ്റിയത്.
കാട്ടാനയ്ക്ക് ബക്കറ്റിൽ വെള്ളം കൊടുക്കണം: എം.എം. മണി
മാട്ടുപ്പെട്ടി അണക്കെട്ടിൽ ജലവിമാന സർവീസ് ആരംഭിക്കുന്നതു കാട്ടാനകളുടെ സ്വൈരവിഹാരത്തിനു തടസ്സമാകുമെന്നു പരാതിയുണ്ടെങ്കിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനകൾക്കു ബക്കറ്റിൽ വെള്ളം കോരി വായിലൊഴിച്ചു കൊടുക്കണമെന്ന് എം.എം.മണി എംഎൽഎ. സീപ്ലെയ്‌ൻ സർവീസ് നടത്തുന്നതു മാട്ടുപ്പെട്ടിയിൽ കാട്ടാനകൾക്കു ഭീഷണിയാണെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.