‘മന്ത്രിമാരെല്ലാം ദുർബലർ, സ്ഥാനാർഥി നിർണയം പാളി’;പിണറായിയെയും ഗോവിന്ദനെയും ഉന്നമിട്ട് ജയരാജൻ
Mail This Article
കണ്ണൂർ ∙ ‘കട്ടൻചായയും പരിപ്പുവടയും’ എന്ന ഒറ്റവെടിയിലൂടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ ലക്ഷ്യമിട്ടത് മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും. രണ്ടാം പിണറായി സർക്കാരിന് നല്ല അഭിപ്രായം ഉണ്ടാക്കാനായില്ല, മന്ത്രിമാരെല്ലാം ദുർബലരാണ് എന്ന വാക്കുകളിലൂടെ ജയരാജൻ ഒളിയമ്പെയ്തത് മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം പാളിയെന്ന അഭിപ്രായം ചെന്നുതറയ്ക്കുന്നതു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനിലാണ്. 3 ജില്ലാ സെക്രട്ടറിമാരെ സ്ഥാനാർഥിയാക്കിയതു തെറ്റായെന്നു ചൂണ്ടിക്കാട്ടിയാണ് ഗോവിന്ദനെതിരെ ജയരാജൻ വാദം നിരത്തുന്നത്.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പദത്തിലേക്ക് ഓരോരുത്തരും എത്തിയത് വിശദീകരിച്ച ഇ.പി. ജയരാജൻ അവിടെയും ഗോവിന്ദൻ തന്റെ ജൂനിയറാണ് എന്നകാര്യം വരികൾക്കിടയിലൂടെ പറയുന്നുണ്ട്. എം.വി.രാഘവനു ശേഷം പാട്യം ഗോപാലനും പിന്നീട് ചടയൻ ഗോവിന്ദനും ജില്ലാ സെക്രട്ടറിമാരായി. പിണറായി വിജയൻ, ടി.ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരാണ് പിന്നീട് ജില്ലാ സെക്രട്ടറി പദം വഹിച്ചത്. കോടിയേരി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായപ്പോൾ ഇ.പി. ജയരാജൻ ജില്ലാ സെക്രട്ടറിയായി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു മാറിയപ്പോഴാണ് ഗോവിന്ദൻ ജില്ലാ സെക്രട്ടറിയായത്. പക്ഷേ, ആ ക്രമമല്ല സംസ്ഥാന സെക്രട്ടറി പദത്തിൽ കണ്ടത്. കോടിയേരിയുടെ പിൻഗാമിയായി, ജയരാജനെ മറികടന്ന് ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായി.