പേരോ കൊടിയോ ഇല്ലാതെ എന്തു രാഷ്ട്രീയ പ്രവർത്തനം?; കേരള ജനതാദൾ പൊട്ടിത്തെറിയിലേക്ക്
Mail This Article
തിരുവനന്തപുരം∙ പേരോ കൊടിയോ ചിഹ്നമോ ഇല്ലാതെ എങ്ങനെ രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്ന് ചോദിച്ച് ‘കേരള ജനതാദൾ’ സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസിന് പാർട്ടിയുടെ മുതിർന്ന നേതാവായ ജോസ് തെറ്റയിൽ കത്തു നൽകി. ബിജെപിയുമായി ജനതാദൾ (എസ്) സഖ്യത്തിലായതോടെ ബന്ധം വിഛേദിച്ചെന്ന് അവകാശപ്പെട്ട ശേഷം പുതിയ പാർട്ടിയായി മാറാതെ സംസ്ഥാന നേതൃത്വം ഉരുണ്ടു കളിക്കുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിനുള്ള ശക്തമായ എതിർപ്പ് ഇതോടെ മറനീക്കി.
‘രാഷ്ട്രീയ പാർട്ടി എന്ന് നാം അവകാശപ്പെടുന്ന സംഘടനയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കാനാണ് ഇതു കുറിക്കുന്നത്’ എന്ന ആമുഖത്തോടെയാണ് കത്ത്. ഒരു വർഷമായി സ്വന്തമായി രാഷ്ട്രീയ പ്രവർത്തനം നടത്താനായിട്ടില്ല. ഇതിനിടയിൽ പാർലമെന്റ് തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുകളും നടന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു. എന്നിട്ടും നേതൃയോഗം പോലും ചേരാതെ പോകുന്നത് പാർട്ടിക്ക് ആരോഗ്യകരമല്ല.
ഭൂരിപക്ഷം സംസ്ഥാന ഭാരവാഹികളും ഈ ആവശ്യം ഉന്നയിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ നടപടിയില്ല. ഈ അനിശ്ചിതാവസ്ഥ മൂലം പാർട്ടിയിൽ കൊഴിഞ്ഞുപോക്കു ശക്തമാണ്. ഈ അവസ്ഥ കാണാതെ പോകുന്നത് ആത്മഹത്യാപരമായിരിക്കും’– ജോസ് തെറ്റയിൽ മുന്നറിയിപ്പ് നൽകി.
ഗൗഡയുമായുള്ള ബന്ധം വിഛേദിച്ചെന്ന് പ്രഖ്യാപിച്ചെങ്കിലും സാങ്കേതികമായി ബിജെപിക്കൊപ്പമുള്ള ആ പാർട്ടിയുടെ എംഎൽഎമാരായാണ് മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണൻകുട്ടിയും തുടരുന്നത്. പുതിയ പാർട്ടി രൂപീകരണത്തിനോ ലയനത്തിനോ നേതൃത്വം മുൻകയ്യെടുക്കുന്നില്ല .
കൂറുമാറ്റ നിരോധന നിയമത്തിൽ തട്ടി എംഎൽഎ പദവി നഷ്ടപ്പെടാതിരിക്കാനാണ് ഇരുവരും ഈ ഒളിച്ചുകളി നടത്തുന്നതെന്ന പാർട്ടിക്കുള്ളിലെ അമർഷമാണ് ജോസ് തെറ്റയിലിന്റെ കത്തിലൂടെ പുറത്തുവന്നത്.