വിവാദ ഭാഗം കൂട്ടിച്ചേർത്തത്; പാർട്ടിയോട് ഇ.പിയുടെ വിശദീകരണം
Mail This Article
തിരുവനന്തപുരം ∙ ആത്മകഥയെന്ന പേരിൽ പുറത്തുവന്ന ഭാഗങ്ങൾ താനറിയാതെ കൂട്ടിച്ചേർത്തതാണെന്ന് ഇ.പി.ജയരാജൻ പാർട്ടിക്കു വിശദീകരണം നൽകി. തന്നെ തകർക്കാൻ ഗൂഢാലോചന തുടരുകയാണെന്നും ഏത് അന്വേഷണത്തിനും തയാറാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ.പി വ്യക്തമാക്കി. ജയരാജൻ പറഞ്ഞതു തൽക്കാലം വിശ്വസിക്കാനാണു പാർട്ടി തീരുമാനം. ഈ ഘട്ടത്തിൽ അന്വേഷിക്കില്ല. കേന്ദ്രനേതൃത്വവുമായി ചർച്ച ചെയ്തശേഷം, ഉപതിരഞ്ഞെടുപ്പു ഫലം വന്നിട്ട് തുടർപരിശോധന നടത്തും.
എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു നീക്കിയതിൽ പ്രകോപിതനായി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിട്ടശേഷം 76 ദിവസം കഴിഞ്ഞാണ് ജയരാജൻ വീണ്ടും യോഗത്തിനെത്തിയത്. അദ്ദേഹത്തിന്റെ വിശദീകരണം കേട്ടതല്ലാതെ വിശദ ചർച്ചകൾക്ക് യോഗം മുതിർന്നതായി വിവരമില്ല. വൈകാതെ ഇ.പി യോഗം വിട്ടിറങ്ങുകയും ചെയ്തു. മാധ്യമങ്ങളോടു പ്രതികരിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയനും നേരത്തേ ഇറങ്ങി.
പ്രചരിക്കുന്ന ആത്മകഥയിലെ ഒരു ഭാഗവും താൻ എഴുതിയതല്ല എന്ന അവകാശവാദം യോഗത്തിൽ ഇ.പി നടത്തിയില്ല. ‘തനിക്കെതിരെ ഉയർന്ന ചില ആരോപണങ്ങളിൽ ഒരു പുസ്തകത്തിലൂടെ വ്യക്തത വരുത്തണമെന്ന് ആഗ്രഹിച്ചെന്നതു ശരിയാണ്. എന്നാൽ, പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥിയെ വിമർശിച്ചു കൊണ്ടുള്ള ഭാഗമടക്കം പലതും താൻ എഴുതിയതല്ല. എഴുത്ത് പൂർത്തിയാക്കാനായി ഒന്നു രണ്ടു പേരുടെ സഹായം തേടിയിരുന്നു. അവരെ അവിശ്വാസമില്ല. ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ ഇതു പുറത്തിറങ്ങിയതിനു പിന്നിൽ വലിയ ഗൂഢാലോചന നടന്നു. പറയുന്നതിൽ സംശയമുണ്ടെങ്കിൽ പാർട്ടിക്ക് അന്വേഷിക്കാം’– ജയരാജൻ വ്യക്തമാക്കി.
ജയരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസിന്റെ അന്വേഷണം നടക്കട്ടെയെന്നും അതിനു ശേഷം ആലോചിക്കാമെന്നുമാണ് സെക്രട്ടേറിയറ്റ് തീരുമാനം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കഴിയാത്ത സാഹചര്യത്തിൽ പാർട്ടിക്കകത്ത് ഭിന്നതയുണ്ടെന്ന സൂചന പുറത്തേക്കു നൽകില്ല. സമ്മേളന ഘട്ടത്തിൽ പാർട്ടി കമ്മിഷനുകളോ അച്ചടക്ക നടപടിയോ സിപിഎമ്മിൽ ഉണ്ടാകാറില്ലെന്നതും പരിമിതിയാണ്. ചേലക്കരയിൽ കഴിഞ്ഞ തവണ കെ.രാധാകൃഷ്ണനു ലഭിച്ച ഭൂരിപക്ഷം കുറയുമെങ്കിലും മാന്യമായ വിജയം ലഭിക്കുമെന്നും കഴിഞ്ഞ 2 തവണയും മൂന്നാം സ്ഥാനത്തായ പാലക്കാട്ട് നല്ല മുന്നേറ്റമുണ്ടാകുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.